HOME » NEWS » Crime » RAVI PUJARI ASKS MUMBAI COURT TO LET HIM REMAIN IN POLICE CUSTODY

ഇതെന്ത് കഥ; പൊലീസ് കസ്റ്റഡിയിൽ തുടരണമെന്ന് അധോലോക നേതാവ്; പൂജാരിയുടെ ആവശ്യം കേട്ട് ഞെട്ടി കോടതി

പൊലീസ് കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു പൂജാരി കോടതിയോട് ആവശ്യപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: March 10, 2021, 10:49 AM IST
ഇതെന്ത് കഥ; പൊലീസ് കസ്റ്റഡിയിൽ തുടരണമെന്ന് അധോലോക നേതാവ്; പൂജാരിയുടെ ആവശ്യം കേട്ട് ഞെട്ടി കോടതി
രവി പൂജാരി
  • Share this:
2019 ജനുവരി 21 നാണ് സെനഗലിൽ നിന്നും അധോലോക നായകൻ രവി പൂജാരിയെ പിടികൂടുന്നത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിയെ ഫെബ്രുവരിയിൽ സെനഗലിൽ നിന്നും ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വർഷത്തെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഫെബ്രുവരി നാലിനാണ് മുംബൈ പൊലീസ് കസ്റ്റഡിയിൽ രവി പൂജാരി എത്തുന്നത്.

2016 ഗസാലി ഹോട്ടൽ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിക്കെതിരെ കൊലപാതകങ്ങൾ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ രവി പൂജാരിയുടെ ആവശ്യം കേട്ട് കോടതിയും പൊലീസും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. ഇതിനു മുമ്പ് ഇങ്ങനെയൊരു സംഭവം ഏതെങ്കിലും കോടതിയിൽ ഉണ്ടായിട്ടുണ്ടോ എന്നു പോലും സംശയമാണ്. മുംബൈ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പൂജാരിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

പൊലീസിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പൂജാരിയുടെ അഭിഭാഷകൻ വാദിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ പോലും ഞെട്ടിച്ചുകൊണ്ടുള്ള പൂജാരിയുടെ ആവശ്യം. തന്നെ പൊലീസ് കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു പൂജാരി കോടതിയോട് ആവശ്യപ്പെട്ടത്.

കേസിൽ ഇതുവരെയുള്ള അന്വേ ഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചു. പൂജാരിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പൊലീസിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പൂജാരിയുടെ മറുപടി.

പൂജാരിക്കു വേണ്ടി അഡ്വ. എം മനേർക്കർ ആയിരുന്നു ഹാജരായത്. തന്റെ കക്ഷിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം അഭിഭാഷകൻ എതിർക്കുന്നതിനിടെയാണ് കോടതിയോട് തന്റെ ആവശ്യം പൂജാരി അറിയിച്ചത്. കൂടുതൽ ദിവസങ്ങൾ പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിന് എതിർപ്പില്ലെന്ന് ഇയാൾ കോടതിയെ അറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നായിരുന്നു പൂജാരി അറിയിച്ചത്. ഇതോടെ പൂജാരിയുടെ കസ്റ്റഡി കാലാവധി മാർച്ച് 15 വരെ കോടതി നീട്ടി.

Also Read-രണ്ടര മാസത്തെ ആഫ്രിക്കൻ ഡയറിയുമായി പിവി അൻവർ എംഎല്‍എ; സിയറ ലിയോണിലെ വിശേഷങ്ങളുമായി ഫെയ്സ്ബുക്കിൽ

അധോലോക നായകൻ ഛോട്ടാ രാജന്റെ ഏറ്റവും അടുത്തയാളായ രവി പൂജാരിക്കെതിരെ ഒരു ഡസനിലധികം കൊലപാതക കേസുകളുണ്ട്. ബോളിവുഡ് താരങ്ങൾക്കും മുംബൈയിലെ പ്രമുഖ വ്യവസായികൾക്കും പണം ആവശ്യപ്പെട്ട് ഭീഷണി കോളുകളും രവി പൂജാരിയിൽ നിന്ന് ലഭിച്ചിരുന്നു.

Also Read-ജസ്പ്രീത് ബുമ്രയുടെ ഭാവി വധു; സഞ്ജന ഗണേശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ

1994 ൽ മുംബൈയിൽ നിന്നും നേപ്പാളിലേക്ക് കടന്ന രവി പൂജാരി പിന്നീട് ബാങ്കോക്, ഉഗാണ്ട, ബർകിന ഫാസോ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ് ഒടുവിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

പാസ്പോർട്ടിൽ ആന്റണി ഫെർണാണ്ടസ് എന്നും പിന്നീട് ടോണി ഫെർണാണ്ടസ്, റോക്കി ഫെർണാണ്ടസ് എന്നുമൊക്കെ പേര് മാറ്റിയായിരുന്നു യാത്രകൾ. പിടികൂടുമ്പോൾ പിടിച്ചെടുത്ത പാസ്പോർട്ടിൽ റോക്കി ഫെർണാണ്ടസ് എന്നായിരുന്നു പേര്. അമിതാഭ് ബച്ചൻ നായകനായ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ടോണി ഫെർണാണ്ടസ് എന്ന പേര് സ്വീകരിച്ചതെന്നും വാർത്തയുണ്ട്.

സെനഗലിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒമ്പതോളം റസ്റ്റോറന്റുകൾ രവി പൂജാരിക്കുണ്ടായിരുന്നു. സെനഗലിൽ സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തകനും, ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്നു ആന്റണി ഫെർണാണ്ടസ് എന്ന രവി പൂജാരി. ജലദൗർലഭ്യം നേരിടുന്ന ആഫ്രിക്കയിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ചിരുന്നു. ഇയാളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അവിടുത്തെ പത്രങ്ങളിലും വാർത്തയായിരുന്നു. 2019 ജനുവരി 21 -നാണ് സെനഗൽ പൊലീസ് പൂജാരിയെ പിടികൂടുന്നത്.
Published by: Naseeba TC
First published: March 10, 2021, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories