ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
തിരുവനന്തപുരം കോര്‍പ്പറേഷൻ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടര്‍ അരുണ്‍കുമാറിനെയാണ് 2000 രൂപ കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നൽകാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം കോര്‍പ്പറേഷൻ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടര്‍ അരുണ്‍കുമാറിനെയാണ് 2000 രൂപ കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്.
കുളത്തൂർ കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആറ്റിപ്ര സോണൽ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. രണ്ടാഴ്ച മുമ്പാണ് അപേക്ഷ നൽകിയത്. പിന്നീട് പരിശോധനക്കായി എത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുണ്‍കുമാര്‍ പരിശോധന കഴിഞ്ഞ് പോകുമ്പോൾ, നടപടികള്‍ വേഗത്തിലാക്കുന്നതിന് 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണവുമായി ഇന്ന് ഓഫീസിൽ എത്തണമെന്നും അറിയിച്ചു.
ഇതോടെ പരാതിക്കാരൻ വിവരം വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ തിരുവനന്തപുരം യൂണിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തിന്‍റെ നിർദേശം അനുസരിച്ച് പരാതിക്കാരൻ പണവുമായി ആറ്റിപ്ര സോണൽ ഓഫീസിൽ എത്തി.
advertisement
വൈകിട്ട് മൂന്നരയോടെ പരാതിക്കാരൻ ഓഫീസിനകത്തേക്ക് പ്രവേശിച്ചപ്പോൾ വിജിലൻസ് സംഘം പുറത്ത് കാത്തുനിന്നു. പരാതിക്കാരൻ അരുൺകുമാറിന് പണം കൈമാറുമ്പോൾ വിജിലൻസ് സംഘം ഓഫീസിനുള്ളിലേക്ക് ഓടിക്കയറുകയും അരുൺകുമാറിനെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ പ്രതിയില്‍ നിന്നും കണക്കില്‍ പെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 03, 2023 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ