• HOME
  • »
  • NEWS
  • »
  • crime
  • »
  • സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വായ്പ തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം; തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ

സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വായ്പ തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം; തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ

വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കൂട്ടുപലിശയും പിഴപ്പലിശയും ഉൾപ്പെടെ രണ്ടരക്കോടി ഓളം ബാധ്യത വരുമെന്നാണ് അനുമാനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ നിന്ന് സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ലക്ഷക്കണക്കിന് രൂപയുടെ വായ്പ എടുത്ത് തിരിച്ച് അടക്കാത്തത് വിവാദമാകുന്നു. വായ്പയെടുത്തത് മറ്റ് പലരുടെയും പേരിൽ ആണ്. ഉദ്യോഗസ്ഥന് വേണ്ടി വായ്പയെടുത്ത് നൽകിയ ആളുകൾ കൂട്ടത്തോടെ ഇപ്പോൾ പരാതിക്ക് ഒരുങ്ങുകയാണ്.

ഒരു കോടിയിലധികം രൂപയാണ് ഇയാൾ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി വായ്പ എടുത്തിട്ടുള്ളത്. കേരള ബാങ്കിന്റെ ശാഖകളിൽ നിന്നും സഹകരണ ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്നും ആണ് വായ്പ എടുത്തിട്ടുള്ളത്. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കൂട്ടുപലിശയും പിഴപ്പലിശയും ഉൾപ്പെടെ രണ്ടരക്കോടി ഓളം ബാധ്യത വരുമെന്നാണ് അനുമാനം.

കണ്ണൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ നിലവിൽ ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ ബാങ്കുകളിൽ നിന്നും കണക്കില്ലാതെ വായ്പ തരപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥർ ആയതിനാൽ ഇയാൾക്ക് വേണ്ടി പലരും വായ്പ എടുത്തു നൽകുകയും ജാമ്യം നിൽകുകയും ചെയ്തു. ഉറ്റ സുഹൃത്തുക്കളേവരെ ഉദ്യോഗസ്ഥൻ വായ്പ എടുക്കുന്നതിനായി ഉപയോഗപ്പെടുത്തി എന്നാണ് വിവരം.

സഹകരണ ബാങ്കുകളിൽ നിന്ന് അംഗങ്ങൾക്ക് മാത്രമേ വായ്പ നൽകാനാകൂ. സഹകരണ വകുപ്പ് ജീവനക്കാർക്ക് അംഗത്വം നൽകരുതെന്ന് ചട്ടവും ഉണ്ട്. എന്നാൽ ഇതു മറികടനാണ് ഉദ്യോഗസ്ഥന് വായ്പ അനുവദിച്ചത്. ഒരു ബാങ്കിൽ ലോൺ ഉണ്ടെങ്കിൽ വീണ്ടും ലോൺ എടുക്കാൻ സമീപിക്കുന്ന ബാങ്കിനെ അത് അറിയിക്കുകയും വേണം.

വായ്പ എടുക്കുന്നതിനായി ശമ്പള സർട്ടിഫിക്കറ്റ്, വീടിന്‍റെ ആധാരം എന്നിവ നൽകിയ മറ്റു ജീവനക്കാർ ഇപ്പോൾ കുടുങ്ങിയ അവസ്ഥയിലാണ്. ഇവർ പലരും വായ്പ സ്വന്തം നിലയ്ക്ക് തിരിച്ചടക്കേണ്ട സാഹചര്യത്തിലാണ്. സ്വന്തം പേരിൽ വായ്പയെടുത്ത് ഉദ്യോഗസ്ഥന് നൽകിയ ചില സഹപ്രവർത്തകർ പരാതിപ്പെടാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.

സ്വന്തം പേരിൽ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞവർഷം ഉദ്യോഗസ്ഥനെതിരെ സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അഡീഷണൽ രജിസ്ട്രാർ (ജനറൽ) നെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നത്.

രണ്ടുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ഈ അന്വേഷണം കാര്യമായ ഫലം കണ്ടില്ല. സംഭവം വിവാദമായ പുതിയ സാഹചര്യത്തിൽ വീണ്ടും വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
ചിലരെ കബളിപ്പിച്ച് വായ്പ അപേക്ഷകളിൽ ഒപ്പ് ഇടീച്ചതായും പരാതിയുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ഇവർക്ക് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വായ്പ് സ്വന്തം പേരിലാണെന്ന് പലരും തിരിച്ചറിഞ്ഞത്. ബാങ്കുകൾ ചിലരിൽ നിന്ന് വായ്പാത്തുക തിരിച്ചുപിടിച്ച് തുടങ്ങിയിട്ടുണ്ട്. വിരമിച്ച ആളുകൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വായ്പ അടക്കാത്തതുമൂലം തടഞ്ഞുവെച്ച സാഹചര്യമുണ്ട്.

Also See- യുവാവ് ജീവനൊടുക്കിയത് മുടികൊഴിച്ചിലിൽ മനംനൊന്ത്; ചികിത്സിച്ച ഡോക്ടറുടെ പേരെഴുതി ആത്മഹത്യാകുറിപ്പ്

ആളുകളെക്കൊണ്ട് വായ്പ എടുപ്പിച്ച് ഉദ്യോഗസ്ഥൻ ഷെയർ മാർക്കറ്റ് പോലുള്ള കേന്ദ്രങ്ങളിൽ നിക്ഷേപിച്ചതായാണ് പ്രാഥമിക വിവരം. കുറച്ചുകാലമായി ഈ തട്ടിപ്പ് നടന്നുവരുന്നതാണ് മനസ്സിലാക്കുന്നത്. കബളിപ്പിക്കപ്പെട്ട ആളുകൾ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടായതോടെയാണ് ഉദ്യോഗസ്ഥന്റെ തട്ടിപ്പ് പുറത്തായത്. കീഴ് ജീവനക്കാരെയും ഇയാൾ സമ്മർദ്ദം ചെലുത്തി വായ്പയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: