കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കൊല്ലം കുന്നിക്കോട് മേലിലയിലാണ് സംഭവം. മേലില സ്കൂള്‍ ജങ്ഷനില്‍ മനോജ് ഭവനില്‍ മനോജ്, കിണറ്റിന്‍കര വയലിറക്കത്ത് വീട്ടില്‍ ഗണേഷ് എന്നിവരെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ജോലി കഴിഞ്ഞു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ ആക്രമിക്കുകയായിരുന്നു.
പുനലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ വീടിന് സമീപം വെച്ചാണ് അതിക്രമത്തിന് ഇരയായത്. ഓട്ടോയിലെത്തിയ രണ്ടുപേര്‍ യുവതിയെ കടന്നുപിടിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഓട്ടോയുടെ നമ്പരും പേരും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി ഇരുവരെയും പിടികൂടിയത്. ഇവരെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്; വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞത് പൊലീസിന്‍റെ കൈയിലുള്ള ചിത്രത്തിൽനിന്ന്
പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി മുമ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുള്ളയാൾ. ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ് നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടിൽ വാഷിങ് മെഷീനിൽ തുണി അലക്കിക്കൊണ്ടുനിന്ന് യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ചങ്ങനാശേരി ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഭർത്താവിന്‍റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നും തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്‍റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ യുവതി ശക്തമായി പ്രതിരോധിച്ചതോടെ അനീഷ് അവരുടെ മുഖത്ത് ഇടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. തല ഭിത്തിയിൽ ഇടിച്ചു പരിക്കേൽപ്പിച്ചതോടെ യുവതി അബോധാവസ്ഥയിലായി. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ് അവശനിലയിൽ വസ്ത്രങ്ങൾ കീറിയ നിലയിലും യുവതിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയ സമയത്ത് വഴിയരികിൽ പ്രതിയെ കണ്ടിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assault woman, Crime news, Kollam district, M news