ഉത്രയുടെ ജീവനെടുത്ത കരിമൂർഖന് മാത്രമല്ല പോസ്റ്റുമോർട്ടം; കായംകുളത്ത് കൊലപാതകം തെളിയിച്ചത് ഒരു പൂച്ച!
- Published by:Anuraj GR
- news18-malayalam
Last Updated:
ഉത്ര കൊലക്കേസിൽ പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്തതുപോലെ പൂച്ചയെ പോസ്റ്റുമോർട്ടം നടത്തി ഒരു യുവതിയുടെ കൊലക്കേസ് തെളിയിച്ച കേരള പൊലീസിന്‍റെ അന്വേഷണ പാടവം വ്യക്തമാക്കുന്ന ഉദ്വേഗജനകമായ സംഭവം....
സമീപകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് അഞ്ചൽ ഏറത്തെ ഉത്രകൊലക്കേസ്. തുടർച്ചയായി രണ്ടാം തവണ പാമ്പുകടിയേറ്റാണ് ഉത്ര മരണപ്പെടുന്നത്. പാമ്പിന്‍റെ പകയാണോ രണ്ടുതവണ കടിയേൽക്കാൻ ഇടയാക്കിയതെന്നത് ഉൾപ്പടെ ഒട്ടോറെ ചർച്ചകൾ ഉത്രയുടെ മരണത്തെ സംഭ്രമജനകമാക്കിതീർത്തു. പിന്നീട് പൊലീസ് അന്വേഷണത്തിനൊടുവിൽ ഉത്രയുടെ ഭർത്താവ് സൂരജും പാമ്പുപിടിത്തക്കാരൻ സുരേഷും അറസ്റ്റിലായി. അന്വേഷണത്തിന്‍റെ ഭാഗമായി ഉത്രയെ കടിച്ച പാമ്പിന്‍റെ പോസ്റ്റുമോർട്ടം നടത്തിയതും വലിയ വാർത്തയായിരുന്നു. കേസിൽ ദൃസാക്ഷികളില്ലാത്തതുകൊണ്ടു സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന ഏറെ നിർണായകമാണ്.
സമാനമായ രീതിയിൽ പൂച്ചയ്ക്ക് പോസ്റ്റുമോർട്ടം നടത്തി കേസ് തെളിയിച്ച ചരിത്രം കേരള പൊലീസിനുണ്ട്. 2008ൽ കായംകുളം കരീലക്കുളങ്ങര പത്തിയൂർപ്പാടത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകമാണ് സമീപത്തെ കാവിൽ മരിച്ചനിലയിൽ കണ്ടെത്തിയ പൂച്ചയുടെ പോസ്റ്റുമോർട്ടത്തിലൂടെ തെളിയിച്ചത്.
പത്തിയൂർപ്പാടത്തെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം പൊങ്ങിയതോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. സ്ത്രീയുടെ വയർ കുത്തിക്കീറി കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. കൂടാതെ ബ്ലൌസിനടിയിൽ വേലിക്കല്ല് കയറ്റിവെച്ചിരുന്നു. കാലുകൾ സാരി ഉപയോഗിച്ച് കൂട്ടികെട്ടിയശേഷം അത് വേലിക്കല്ലുമായി കൂട്ടിക്കെട്ടി. സംഭവം കൊലപാതകമെന്ന് ഉറപ്പിക്കാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപപ്രദേശത്തുനിന്ന് സ്ത്രീകളെ കാണാതയതായി ഒരു വിവരവും കിട്ടിയില്ല. ജനവാസമേഖലയിലുള്ള കുളത്തിൽ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ തുമ്പില്ലാതെ പൊലീസ് വലച്ചു. അന്വേഷണചുമതല കായംകുളം സി.ഐ ആയിരുന്ന ഹരികൃഷ്ണനായിരുന്നു.
advertisement
എന്നാൽ വൈകാതെ ഒരു വഴി തെളിഞ്ഞു. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള കാവിൽ ഒരു പൂച്ചയുടെ ജഡം കണ്ടെത്തിയതാണ് നിർണായകമായത്. സി.ഐ ഹരികൃഷ്ണൻ തന്നെയാണ് പൂച്ചയുടെ മരണത്തെ സ്ത്രീയുടെ കൊലപാതകവുമായി ബന്ധിപ്പിച്ചത്. യുവതിയുടെ പോസ്റ്റുമോർട്ടത്തിനൊപ്പം പൂച്ചയ്ക്കും പോസ്റ്റുമോർട്ടം നടത്താൻ തീരുമാനമായി. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കൊലക്കേസ് തെളിയിക്കാനായി പൂച്ചയ്ക്ക് പോസ്റ്റുമോർട്ടം നിശ്ചയിച്ചത്. എന്നാൽ ഉത്രകൊലക്കേസിൽനിന്ന് വിഭിന്നമായിരുന്നു സാഹചര്യം. പ്രതി ഉൾപ്പടെ പിടിയിലായശേഷം കേസിലെ ശാസ്ത്രീയ-സാഹചര്യ തെളിവുകൾ ഉറപ്പാക്കാനാണ് പാമ്പിന് പോസ്റ്റുമോർട്ടം നടത്തിയത്. എന്നാൽ കേസിൽ തുമ്പുണ്ടാക്കുകയും പ്രതിയെ കണ്ടെത്തുകയുമാണ് പൂച്ചയുടെ പോസ്റ്റുമോർട്ടത്തിലൂടെ ലക്ഷ്യമിട്ടത്.
advertisement
ഏതായാലും സി.ഐ ഹരികൃഷ്ണൻ പ്രതീക്ഷിച്ചതുപോലെതന്നെ യുവതിയുടെയും പൂച്ചയുടെയും മരണത്തിലെ സമാനത ഇരു പോസ്റ്റുമോർട്ടത്തിൽനിന്ന് വ്യക്തമായി. പൂച്ചയും യുവതിയുടെ മരണപ്പെട്ടത് ഫ്യൂരിഡാൻ അകത്തുചെന്നാണെന്നും മരണം സംഭവിച്ചത് ഒരേസമയത്താണെന്നും വ്യക്തമായി. സമീപപ്രദേശത്തൊന്നും സ്ത്രീകളെ കാണാതായ സംഭവങ്ങളില്ലാത്തതുകൊണ്ടുതന്നെ അന്വേഷണം പൂച്ചയെ ചുറ്റിപ്പറ്റിയായി. പൂച്ചയുടെ ഫോട്ടോയുമായി പൊലീസുകാർ വീടുകൾ കയറിയിറങ്ങിയതിനെ നാട്ടുകാർ കളിയാക്കി. എന്നാൽ ഒടുവിൽ പൂച്ചയുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തി. പൂച്ചയെ കാണാതായ ദിവസം പറഞ്ഞപ്പോൾ സ്ത്രീ മരിച്ച അതേദിവസമാണെന്ന് പൊലീസിന് ബോധ്യമായി. എന്നാൽ ആ വീട്ടുകാർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് ആദ്യം തന്നെ ബോധ്യമായി. തുടർന്ന് പൂച്ച സ്ഥിരമായി പോകുന്ന അയൽ വീടുകളെ കേന്ദ്രീകരിച്ചായി അന്വഷണം.
advertisement
വിവിധ സ്ഥലങ്ങളിൽ വീടുകളിലെത്തി തവണ വ്യവസ്ഥയിൽ കച്ചവടം നടത്തുന്ന ജലാലുദ്ദീൻ എന്നയാളുടെ വീട്ടിലും പൂച്ച പോകാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ പലതവണ അന്വേഷിച്ച് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ഓരോ സ്ഥലങ്ങളിലാണെന്നായിരുന്നു ഇയാളുടെ മറുപടി. സൈബർ സെൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ പറയുന്നത് കള്ളമാണെന്ന് ബോധ്യമായി. ഇതോടെ പൊലീസിന്‍റെ അന്വേഷണം ജലാലുദ്ദീനെ കേന്ദ്രീകരിച്ചായി.
TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj | കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
ഇയാളെ കണ്ടെത്താൻ പൊലീസ് നന്നേ ശ്രമപ്പെട്ടു. ഒടുവിൽ ഒരു ദിവസം രാത്രി ഒരുമണിക്ക് വീട്ടിലെത്തിയ ജലാലുദ്ദീനെ വീടുവളഞ്ഞു പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവത്തെക്കുറിച്ച് ജലാലുദ്ദീൻ പറഞ്ഞത് ഇങ്ങനെ, 'പാത്രകച്ചവടവുമായി ബന്ധപ്പെട്ട് കരുവാറ്റയിലെത്തിയപ്പോൾ അവിടെവെച്ച് ഒരു യുവതിയുമായി അടുപ്പത്തിലായി. അടുപ്പം മുതലാക്കി യുവതിയുടെ ആഭരണങ്ങൾ കൈക്കലാക്കുകയും പണയംവെക്കുകയും ചെയ്തു. എന്നാൽ കുറച്ചുകാലത്തിനുശേഷം ആഭരണങ്ങൾ തിരികെ ചോദിച്ചതോടെ യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ സ്നേഹത്തോടെ യുവതിയെ സമീപിച്ച് തിരുവനന്തപുരത്തുകൊണ്ടുപോയി വിവിധ സ്ഥലങ്ങൾ കാണിച്ചുകൊടുത്തു. തിരികെ കരീലക്കുളങ്ങരയിൽ മടങ്ങിയെത്തി സംഭവം നടന്ന കുളത്തിന് സമീപം യുവതിയെ നിർത്തിയശേഷം വീട്ടിലെത്തി ഭക്ഷണമെടുത്ത് അതിൽ ഫ്യൂരിഡാൻ കലർത്തിക്കൊണ്ടുവന്നു നൽകി. ഭക്ഷണം കഴിച്ച യുവതി കുഴഞ്ഞുവീണു മരിക്കുകയും അതിനുശേഷം അവരുടെ വയർ കുത്തിക്കീറി ശരീരത്തിൽ വേലിക്കല്ല് വെച്ചുകെട്ടുകയും ചെയ്തു'.
advertisement
ജലാലുദ്ദീൻ ഭക്ഷണവുമായി യുവതിയുടെ അടുത്തേക്ക് വന്ന സമയം അവിടെയെത്തിയ പൂച്ച അടുക്കളയിൽ കയറി ബാക്കിവന്ന ഭക്ഷണം കഴിക്കുകയായിരുന്നു. തുടർന്ന് ജലാലൂദ്ദീന്‍റെ വീടിന് സമീപത്തുള്ള പാടത്തിന്‍റെ കരയിലുള്ള കാവിൽ പൂച്ച ചത്തുവീഴുകയുമായിരുന്നു. പിന്നീട് ഏറെ നാളത്തെ വിചാരണയ്ക്കൊടുവിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജലാലുദ്ദീനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പൂച്ചയുടെ പോസ്റ്റുമോർട്ടം യുവതിയുടെ കൊലപാതകം തെളിയിച്ചതുപോലെ മൂർഖൻ പാമ്പിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉത്രകൊലക്കേസിൽ നിർണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
advertisement
Location :
First Published :
June 03, 2020 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്രയുടെ ജീവനെടുത്ത കരിമൂർഖന് മാത്രമല്ല പോസ്റ്റുമോർട്ടം; കായംകുളത്ത് കൊലപാതകം തെളിയിച്ചത് ഒരു പൂച്ച!


