ഇന്റർഫേസ് /വാർത്ത /Crime / വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?

വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?

Woman-Raped

Woman-Raped

മൂത്ത മകൾ മരിച്ചപ്പോൾ കേസിലെ ഒരു പ്രതി കുട്ടിയെ ഉപദ്രവിച്ച കാര്യം പൊലീസിനോട് പറഞ്ഞിരുന്നെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കുന്നു. കസ്റ്റഡിയിലെടുത്തെങ്കിലും അയാളെ മണിക്കൂറുകൾക്കകം പാർട്ടിക്കാർ ഇടപെട്ടു പുറത്തിറക്കിയെന്നും അവർ ആരോപിക്കുന്നു.

കൂടുതൽ വായിക്കുക ...
  • Share this:

    വാളയാറിലെ അട്ടപ്പള്ളത്ത് പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മരിച്ചതാകട്ടെ 52 ദിവസത്തെ ഇടവേളയിലും. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രണ്ടു പെൺകുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായെന്നു കണ്ടെത്തിയത്.

    സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉൾപ്പെടെ  അഞ്ചുപേര്‍ പ്രതിചേര്‍ക്കപ്പെട്ടു. അന്വേണത്തിനിടെ പൊലീസ് സംശയിച്ചിരന്ന പ്രായപൂർത്തിയാകാത്ത പ്രതി ആത്മഹത്യ ചെയ്തു. ബാക്കിയുള്ള പ്രതികളിൽ രണ്ടു പേർ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കൾ. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും പഴുതുകൾ ചൂണ്ടിക്കാട്ടി കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.  പ്രാദേശിക രാഷ്ട്രീയ ബന്ധങ്ങളാണ് പ്രതികൾക്കു വേണ്ടി ഒത്തുകളിക്കാൻ പൊലീസിനെയും പ്രോസിക്യൂഷനെയും പ്രേരിപ്പിച്ചതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

    സഹോദരിമാരുടെ മരണം 52 ദിവസത്തെ ഇടവേളയിൽ

    വാളയാറിലെ അട്ടപ്പള്ളത്ത്പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് 52 ദിവസത്തെ ഇടവേളയിലാണ്. മൂത്ത കൂട്ടിയാണ് ആദ്യം മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും വേണ്ടത്ര ജാഗ്രത പുലർത്താത്തതാണ് ഇളയ കുട്ടിയുടെ മരണത്തിലും കലാശിച്ചത്. ചേച്ചിയെ മരിച്ച നിലയിൽ ആദ്യം കണ്ടതും അനുജത്തിയായിരുന്നു.

    പെറ്റിക്കോട്ടിൽ ചേച്ചിയുടെ ഫോട്ടോ

    ഇളയ കുട്ടിയുടെ മൃതദേഹ പരിശോധനയിൽ പെറ്റിക്കോട്ടിനുള്ളിൽ നിന്നും നേരത്തെ മരിച്ച ചേച്ചിയുടെ ചിത്രം പൊലീസ് കണ്ടെടുത്തിരുന്നു.

    പീഡനം സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്

    രണ്ടു കുട്ടികളും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഒമ്പത് വയസുകാരിക്ക് ഒറ്റയ്ക്ക് തൂങ്ങിമരിക്കാന്‍ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അതിനാല്‍ കൊലപാതക സാധ്യത പരിശോധിക്കണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആത്മഹത്യയെന്ന മുൻ നിലപാടിൽ നിന്നും പിന്നോട്ട് പോകാൻ പൊലീസ് തയാറായില്ല. അതേസമയം പീഡനവുമായി ബന്ധപ്പെട്ട് അയൽവാസികൾ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുക്കുകയും ചെയ്തു.

    വിവാദമായി പൊലീസിന്റെ അനാസ്ഥ

    സഹാദരിമാരുടെ മരണത്തിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന ആരോപണം കേസിന്റെ തുടക്കത്തിൽ തന്നെ ശക്തമായി ഉന്നയിക്കപ്പെട്ടു. സ്ഥലം എം.എൽ.എയായ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷ എം.എൽ.എമാരും വിഷയം നിയമസഭയുടെ ശ്രദ്ധയിലും പെടുത്തി. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി.

    മേൽനോട്ടച്ചുമതല പൂങ്കുഴലിക്ക്

    പൊലീസ് ഒത്തുകളി വിവാദമായതോടെ ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്.ഐ പി.സി ചാക്കോയെ സസ്പെൻഡ് ചെയ്തു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. രണ്ടാമത്തെ കുട്ടിയും മരിച്ചതിനു പിന്നാലെ അന്വേഷണച്ചുമതല എ.എസ്.പി പൂങ്കുഴലിക്ക് കൈമാറി. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപതാകമാണെന്ന സംശയവും അന്ന് ഉയർന്നു വന്നു.

    തെളിവുകളില്ല, പ്രതികൾ കുറ്റവിമുക്തർ

    അഞ്ച് പേരാണ് പ്രതിപ്പിട്ടികയിൽ ഉണ്ടായിരുന്നത്. ഒന്നാം പ്രതി വി മധു, നാലാം പ്രതി എം മധു എന്നിവര്‍ പെൺകുട്ടികളുടെ അടുത്ത ബന്ധുക്കളായിരുന്നു. രണ്ടാം പ്രതി ഇടുക്കി രാജാക്കാട് സ്വദേശി ഷിബുവും മൂന്നാ പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറും. പ്രദീപ് കുമാറിനെ സെപ്റ്റംബര്‍ 30 -ന് തെളിവുകളുടെ അഭാവത്തില്‍വിട്ടയച്ചു.

    Also Read പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കുട്ടികളുടെ അമ്മ

    വിചാരണയ്ക്കൊടുവിൽ വി മധു, എം മധു, ഷിബു എന്നീ പ്രതികളെയും കുറ്റവിമുക്തരാക്കി. ഇനി ബാക്കിയുള്ളത് പ്രായപൂർത്തിയാകാത്ത ഒരാൾ മാത്രമാണ്. ഇതിൽ വിധി പറയേണ്ടത് ജുവനൈൽ കോടതിയും. ‌

    വീഴ്ച സ്ഥിരീകരിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

    കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസിനു കഴിഞ്ഞില്ല. മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെ സാക്ഷിയായ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു ശരിയായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല.

    'പ്രതിയെ രക്ഷിച്ചത് പാർട്ടിക്കാർ'

    മൂത്ത മകൾ മരിച്ചപ്പോൾ കേസിലെ ഒരു പ്രതി കുട്ടിയെ ഉപദ്രവിച്ച കാര്യം പൊലീസിനോട് പറഞ്ഞിരുന്നെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കുന്നു. കസ്റ്റഡിയിലെടുത്തെങ്കിലും അയാളെ മണിക്കൂറുകൾക്കകം പാർട്ടിക്കാർ ഇടപെട്ടു പുറത്തിറക്കിയെന്നും അവർ ആരോപിക്കുന്നു.

    പ്രതിയുടെ സി.പി.എം ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. അതേസമയം പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

    Also Read 'മുഖ്യമന്ത്രീ രണ്ട് പിഞ്ചു പെണ്‍കുട്ടികളാണ്, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്...'; മുല്ലപ്പള്ളിയുടെ തുറന്ന കത്ത്

    First published:

    Tags: Kerala police, Walayar rape case, Walayar sexual abuse