• HOME
  • »
  • NEWS
  • »
  • crime
  • »
  • വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

ഇയാളുടെ കൂടെ കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷംകെട്ടിയ മറ്റു പ്രതികളെ പൊലീസ് തിരയുന്നു.

  • Share this:

    ഇടുക്കി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽവ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി.കൈമൾ (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഇയാളുടെ കൂടെ കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷംകെട്ടിയ മറ്റു പ്രതികളെ പൊലീസ് തിരയുന്നു.

    ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനിൽ ഫോണിലൂടെ പരിചയപ്പെടുത്തിയത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറിൽ ഭൂമി കുറ‍ഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു. തുടർന്ന് അവിടെ എത്തിയ വ്യവസായി അനിലിനെ ഫോണിൽ വിളിച്ചപ്പോൾ തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും സഹായിയുടെ അടുത്തുചെന്ന് പണമടങ്ങിയ ബാഗ് കാണിക്കണമെന്നും പണം കൈമാറരുതെന്നും വ്യവസായിയോടു പറഞ്ഞു.

    Also read-മാമ്പഴം ചോദിച്ച് വീട്ടിലെത്തി 75-കാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ കവർന്നു

    എന്നാൽ പണമടങ്ങിയ ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിൽ വന്നയാൾ പണവുമായി കടന്നുകളഞ്ഞു. തുടർന്നാണു വ്യവസായി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരുവിന് സമീപം നഞ്ചൻകോടു നിന്ന് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തു. ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധർ, വെള്ളത്തൂവൽ എസ്എച്ച് ഒ.ആർ.കുമാർ, എസ്ഐമാരായ സജി എൻ.പോൾ, സി.ആർ.സന്തോഷ്, ടി.ടി.ബിജു, സിപിഒമാരായ ശ്രീജിത് ജോസ്, എം.നിഷാദ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

    Published by:Sarika KP
    First published: