സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിനായുള്ള മാര്ഗരേഖ പുറത്തിറക്കി. മുപ്പതിന നിര്ദ്ദേശങ്ങളാണ് സിനിമ ഷൂട്ടിംഗ് സംബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില് കേരളത്തില് ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങള്ക്ക് ജി സുരേഷ് കുമാര് (പ്രസിഡന്റ്, കേരള ഫിലിം ചേംബര് ഓഫ് കൊമേഴ്സ്), എം രഞ്ജിത്ത് (പ്രസിഡന്റ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്), സിയാദ് കോക്കര് ( പ്രസിഡന്റ്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കേരള), സിബി മലയില് (പ്രസിഡന്റ്, ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള), ഇടവേള ബാബു ( ജനറല് സെക്രട്ടറി, അസോസിയേഷന് ഓഫ് മലയാളം മൂവി ആര്ട്ടിസ്റ്റ്) എന്നിവര് സംയുക്തമായി മാര്ഗരേഖ പുറപ്പെടുവിച്ചത്.
1. നിര്മ്മാതാവും, സംവിധായകനും പ്രൊഡക്ഷന് കണ്ട്രോളറും എല്ലാ വിഭാഗങ്ങളേയും ഉള്പ്പെടുത്തി ഷൂട്ടിംഗില് പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറുക്കുക. ഇന്ഡോര് ഷൂട്ടിങ്ങുകള്ക്ക് മാത്രമാണ് നിലവിലെ സാഹചര്യത്തില് സര്ക്കാര് അനുമതി നല്കിയിട്ടുള്ളത് ഷൂട്ടിംഗില് പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 പുേരിവുള്ളില് നിജപ്പെടുത്തണം. ഇത് നടീ നടന്മാരുടെ സഹായികള് ഉള്പ്പെടെ ഉള്ള എണ്ണമാണ്.
2. ഷൂട്ടിംഗില് പങ്കെടുക്കുന്നവരുടെ പേര്, രജിസ്ട്രേഡ് മൊബൈല് നമ്പര്, വാക്സിനേഷന് സര്ട്ടിഫിക്കറ്റിന്റെ കോപ്പി, ഷൂട്ടിംഗില് പങ്കെടുക്കുന്നതിന് 48 മണിക്കൂര് മുമ്പുള്ള ആര്ടിപിസിആര് സര്ട്ടിഫിക്കറ്റ്, ഷൂട്ടിംഗ് ലോക്കേഷന് വിശദാംശങ്ങള് എന്നിവ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കും ഫെഫ്കയിലേക്കും ഇ-മെയില് ചെയ്യുക. രണ്ട് സംഘടനകളിലും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളുടെ കോവിഡ് പ്രോട്ടോക്കോള് രജിസ്റ്റര് ഉണ്ടായിരിക്കും.
3. ആര്ടിപിസിആര് നടത്തുന്ന ഐസിഎംആര് അംഗീകരാമുള്ള മൊബൈല് ലാബുമായി പ്രൊഡ്യൂസര് നേരിട്ട് കരാറില് ഏര്പ്പെടേണ്ടതും, ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസള്ട്ട് നിജസ്ഥിതി ഉറപ്പുവരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷന് കണ്ട്രോളറിന്റെയും ഇ-മെയിലില് ലഭ്യമാക്കേണ്ടതുമാണ്.
4. ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ആരും നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇടങ്ങളില് (ഷൂട്ട് ലൊക്കേഷന്, താമസ സ്ഥലം) നിന്ന് പുറത്ത് പോകാന് പാടുള്ളതല്ല.
5. സെറ്റില് രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കില് രേഖപ്പെടുത്തണം. സെറ്റില് നിന്നും വേറെ ആവശ്യത്തിന് പുറത്ത് പോകുന്നവര് 24 മണിക്കൂര് ഇടവേളയ്ക്ക് ശേഷം മടങ്ങി വരികയാണെങ്കില് നിര്ബന്ധമായും ആര്ടിപിസിആര് ടെസ്റ്റ് എടുത്ത് രേഖകള് ഹാജരാക്കേണ്ടതാണ്.
6. സെറ്റില് സന്ദര്ശകരെ പരമാവധി ഒഴിവാക്കുക. സന്ദര്ശകര്, നിര്മ്മാതാവ്/ സംവിധായകനില് നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ആര്ടിപിസിആര് ടെസ്റ്റ് എടുത്ത് റിസള്ട്ട് നിര്മ്മാതാവ്, പ്രൊഡക്ഷന് കണ്ട്രോളര് എന്നിവര്ക്ക് കൈമാറേണ്ടതാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വന്നുപോകുന്നവരുടെ വിവരങ്ങള് അടങ്ങുന്ന ലോഗ് ബുക്ക് ലൊക്കേഷനില് സൂക്ഷിക്കുക. ഇതിന്റെ വിവരശേഖര ഉത്തരവാദിത്വം പ്രൊഡക്ഷന് കണ്ട്രോളറുടെ ഡിപ്പാര്ട്ട്മെന്റിന് ആയിരിക്കും. വിവര സൂക്ഷിപ്പിന് സഹസംവിധായകരുടെ സഹായം തേടാവുന്നതാണ്.
7. പ്രൊഡക്ഷന് അസിസ്റ്റന്റ്സ്, മേക്കപ്പ് ഡിപ്പാര്ട്ട്മെന്റ്, കോസ്റ്റിയൂം ഡിപ്പാര്ട്ട്മെന്റ് എന്നിവര് ജോലി സമയത്ത് കൈയ്യുറകള് നിര്ഡബന്ധമായും ഉപയോഗിക്കണം.
8. എല്ലാവരും മാസ്ക് മുഴുവന് സമയവും ഉപയോഗിക്കണം. മാസ്കിന്റെ നിര്ദ്ദേശിക്കപ്പെട്ട് ഉപഭോഗ സമയം കഴിയുമ്പോള് പുതിയ മാസ്കുകള് വിതരണം ചെയ്യുക.
9. 80% ആല്ക്കഹോള് കണ്ടന്റുള്ള അംഗീകൃത ഹാന്ഡ് സാനിറ്റൈസരുകളുടെ കൊണ്ട് നടന്ന് ഉപയോഗിക്കാവുന്ന 100 ml ബോട്ടില് ഓരോ ്അംഗത്തിനും പ്രത്യേകം നല്കുക. തീരുന്നതനുസരിച്ച് നല്കാനുള്ള ശേഖരം ഉറപ്പുവരുത്തുക.
10. മേക്കപ്പ് ആര്്ട്ടിസ്റ്റുകള് ജോലി തുടങ്ങുന്നതിന് മു്മ്പ് ആര്ട്ടിസ്റ്റുകളുടെ മുമ്പില് വെച്ച് തന്നെ ഹാന്ഡ് സാനിറ്റൈസര് ഉപയോഗിച്ച് കൈയ്യും മേക്കപ്പ് ഉപകരണങ്ങളും അണുവിമുക്തമാക്കി അവര്ക്ക് ആത്മവിശ്വാസം പകരാന് ശ്രദ്ധിക്കുക.
11. കഴിയുന്നതും പേപ്പര് ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കുക. ഉപയോഗിച്ച പേപ്പര് ഗ്ലാസ്, പ്ലേറ്റ്, മാസ്ക്, ഗ്ലൗസ് എന്നിവ നിക്ഷേപിക്കുന്നതിനുള്ള ഡസ്റ്റ് ബിന്നുകളും, അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും ക്രമീകരിക്കേണ്ടതാണ്.
12. ഷൂട്ടിംഗ് ലൊക്കേഷന്, വാഹനങ്ങള്, ഹോട്ടല് മുറികള് എന്നിവിടങ്ങളില് ആളുകളുടെ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാന് ആവശ്യമായ മുറികളുടെയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക. നിലവിലെ സാഹചര്യത്തില് ആവശ്യമെങ്കില് ഷൂട്ടിംഗ് ലൊക്കേഷനില് പരമാവധി ഒരു ഡബിള് ഡോര് ക്യാരവാന് മാത്രമായി നിജപ്പെടുത്തുക.
13. കൂട്ടംകൂടി നില്ക്കാതിരിക്കുക. അഞ്ചില് കൂടുതല് ആളുകള് ഒന്നിച്ച് നില്ക്കരുത്. പരസ്പരം ഒന്നര മീറ്ററെങ്കിലും അകലം പാലിക്കുക. എല്ലാവരും ശാന്തമായി അച്ചടക്കം പാലിച്ച് ജോലി ചെയ്യുക.
14. ലൊക്കേഷനില് അതാത് സമയം ആവശ്യമുള്ള വിഭാഗം ഒഴിച്ച് മറ്റുള്ളവര് നിശ്ചിത ദൂരത്ത് നിലയുറപ്പിക്കുക.
15. ആര്ട്ടിസ്റ്റുകളുടെ ചെയ്യേണ്ടി വരുന്ന ഓരോ വിഭാഗം (ഉദാ: മേക്കപ്പ് കോസ്റ്റിയൂം) നേരത്തെ ജോലി തീര്ത്ത് നിശ്ചിത അകലം മാറി നില്ക്കുക.
16. ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് യൂണിറ്റിന്റെ ആളുകളും, ക്യാമറാമാനോ അദേഹത്തിന്റെ പ്രതിനിധിയോ, ക്രെയിന്, ട്രാക്ക്, എന്നിവ ഒരുക്കുമ്പോള് അതാത് സാങ്കേതിക വിഭാഗം ആളുകളും മാത്രമേ സെറ്റില് ഉണ്ടാകാവൂ.
17. ഷൂട്ടിംഗ് സ്പോട്ടില് മാറ്റങ്ങള് വരുത്തേണ്ട സമയം ആര്ട്ട് ഡിപ്പാര്ട്ട്മെന്റിലെ ആളുകള് മാത്രമേ സെറ്റില് ഉണ്ടാകാവൂ.
18. സഹസംവിധായകര് അവര് മേല്നോട്ടം വഹിക്കുന്ന വിഭാഗങ്ങളുടെ പ്രവര്ത്തന സമയം കഴിയുമ്പോള് സംവിധായകന്റെ ശ്രദ്ധ കിട്ടുന്ന അകലത്തില് മാറിനില്ക്കുക.
19. സെറ്റിലുള്ളവര് തമ്മിലുള്ള ആശയ വിനിമയത്തിന് വോക്കി ടോക്കിയും മൊബൈല് ഫോണും പരമാവധി ഉപയോഗിക്കുക.
20. സെറ്റിലെ പ്രോപ്പര്ട്ടീസ് ആര്ട്ട് ഡിപ്പാര്ട്ട്മെന്റും കോസ്റ്റ്യൂമ്സുകള് കോസ്റ്റ്യൂമ്സ് ഡിപ്പാര്ട്ട്മെന്റും മാത്രമേ സ്പര്ശിക്കാന് പാടുള്ളൂ.
21. സീനിന്റെ ആവശ്യാര്ത്ഥം ഒന്നില് കൂടുതല് ആര്ട്ടിസ്റ്റുകള് പ്രോപ്പര്ട്ടീസ് സ്പര്ശിക്കേണ്ടി വരുമ്പോള്, സാനിറ്റൈസര് ഉപയോഗിച്ച് അണുവിമുക്തമാക്കാന് അതാത് ഡിപ്പാര്ട്ട്മെന്റിലുള്ള സെറ്റിലെ പ്രതിനിധികള് ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില് സഹസംവിധായകരുടെ മേല്നോട്ടം ഉണ്ടാകേണ്ടതുമാണ്.
22. ഷൂട്ട് ചെയ്യാന് പോകുന്ന സീനുകളുടെ ഫോട്ടോകോപ്പിയോ, PDF ഫയലോ സംവിധാന ഡിപ്പാര്ട്ട്മെന്റിന് പുറമെ, ഓരോ ഡിപ്പാര്ട്ട്മെന്റിലേയും ആവശ്യമായ ആളുകളുടെ എണ്ണം കണക്കാക്കി നല്കേണ്ടതാണ്. അതാത് സീനുകളില് വരുന്ന ഓരോ ആര്ട്ടിസ്റ്റിനും ഓരോ കോപ്പി വെച്ച് നല്കണം. ഫോട്ടോസ്റ്റാറ്റ് ആണെങ്കില് ഇതിന്റെ എണ്ണം തീരുമാനിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സഹസംവിധായകരുടെ ഉത്തരവാദിത്വമാണ്.
23. ഭക്ഷണം ഉണ്ടാക്കുന്നവരും, ഭക്ഷണം വിതരണം ചെയ്യുന്നവരും എപ്പോഴും വ്യക്തി ശുചിത്വം പാലിക്കുക. ഭക്ഷണം ഉണ്ടാക്കുന്ന ഇടവും, കഴിക്കുന്ന ഇടവും അണുവിമുക്തമായിരിക്കണം. മാര്ക്കറ്റില് പര്ച്ചെയ്സ് ചെയ്യുന്നവര് ഒരു സാഹചര്യത്തിലും മെസിലുള്ളവരുമായോ, സെറ്റിലുള്ളവരുമായോ അടുത്തിടപഴകരുത്.
24. കൂട്ടം കൂടി ഭക്ഷണം കഴിക്കാതിരിക്കുക. ഒന്നില് കൂടുതല് ഭക്ഷണ കൗണ്ടറുകള് സെറ്റില് ഉണ്ടായിരിക്കണം.
25. ക്യാനില് നിറച്ച ചൂട് വെള്ളം പേപ്പര് ഗ്ലാസുകള് ഉപയോഗിച്ച് കുടിക്കുക. കുപ്പികള് ആവര്ത്തിച്ചുപയോഗിക്കുന്ന സാഹചര്യം തടയുക.
26. താമസിക്കുന്ന മുറി, വാഹനങ്ങള്, ഭക്ഷണം ഉണ്ടാക്കുന്ന ഇടം, പാത്രങ്ങള് എന്നിവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന് എക്സിക്യൂട്ടീവ് ടീമിന്റെ ഉത്തരവാദിത്തമാണ്.
27. ചിത്രീകരണം തുടങ്ങാനിരിക്കുന്നവര് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും മേല് സൂചിപ്പിച്ച മാര്ഗ്ഗരേഖ നടപ്പിലാക്കിക്കൊള്ളാമെന്ന് സത്യവാങ്മൂലം നല്കേണ്ടതാണ്.
28. കേരളത്തില് ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്, ഒ ടി ടി പ്ലാറ്റ്ഫോം ഉള്പ്പടെ ഉള്ള എല്ലാ മേഖലയ്ക്കും മേല് സൂചിപ്പിച്ച മാര്ഗ്ഗരേഖ ബാധകമായിരിക്കും.
29. ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്ക്കാര് സ്ഥാപനങ്ങളുടെയോ ആളുകള് പരിശോധിക്കാന് എത്തിയാല് പൂര്ണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്കേണ്ടതാണ്.
30. തീരുമാനിച്ചിട്ടുള്ള മാര്ഗ്ഗരേഖ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക എന്നീ സംഘടനകള്ക്ക് ആയിരിക്കും. സുരക്ഷാ ക്രമീകരണങ്ങള് പരിശോധിക്കാന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും (കെ.എഫ്.പി.എ) ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള (ഫെഫ്ക) യുടെയും പ്രതിനിധികള് ഷൂട്ടിംഗ് സെറ്റുകള് സന്ദര്ശിക്കുന്നതായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.