Vikram Dev Dutt| തിരുവനന്തപുരം CETയിലെ പൂർവ വിദ്യാർഥി; എയർ ഇന്ത്യയുടെ മേധാവിയാകുന്ന വിക്രം ദേവ് ദത്തിനെ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം സിഇടിയിലെ 1990 ബാച്ച് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് വിദ്യാർഥിയായിരുന്നു ആൻഡമാൻ സ്വദേശിയായ വിക്രം ദേവ് ദത്ത്
പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ (Air India) ചെയർമാനും മാനേജിങ് ഡയറക്ടറുമായി മുതിർന്ന ഐഎഎസ് ഓഫീസർ വിക്രം ദേവ് ദത്തിനെ (Vikram Dev Dutt) കേന്ദ്രസർക്കാർ നിയമിച്ചു. 1993 ബാച്ച് ഐഎഎസ്. ഓഫീസറായ അദ്ദേഹത്തിന് കേരളവുമായി ബന്ധമുണ്ട്. തിരുവനന്തപുരം സിഇടിയിലെ 1990 ബാച്ച് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് വിദ്യാർഥിയായിരുന്നു വിക്രം ദേവ് ദത്ത്. നിലവിൽ ഡൽഹി സർക്കാരിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് ബൻസാലിൽ നിന്നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ടാറ്റ ഗ്രൂപ്പിന് എയർലൈൻ കൈമാറുന്നതുവരെ എയർ ഇന്ത്യയുടെ ചുമതല വിക്രം ദേവ് ദത്ത് വഹിക്കും.
നഷ്ടത്തിലോടുന്ന ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വൈകിയേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതായാണ് റിപ്പോർട്ട്.
അഡീഷണൽ സെക്രട്ടറിയുടെ റാങ്കിലും ശമ്പളത്തിലുമാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. എജിഎംയുടി (അരുണാചൽ പ്രദേശ്, ഗോവ, മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡറിലെ 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ദത്ത്.
എയർ ഇന്ത്യ സിഎംഡിയായി നിയമിക്കുന്നതിന് മുമ്പ്, ദത്തിനെ 2020 ജൂണിൽ ഡൽഹി സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ 2021 മാർച്ചിൽ അദ്ദേഹത്തെ സ്ഥലം മാറ്റുകയും സർവീസസ് ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. 2020ൽ കോവിഡ് പടർന്നു പിടിച്ചഘട്ടത്തിലാണ് കോവിഡ് നിയന്ത്രണ നടപടികള്‍ നടപ്പാക്കുന്ന ചുമതലയുമായി അദ്ദേഹത്തെ ഡൽഹിയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്.
advertisement
1969ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് വിക്രം ദേവ് ദത്ത് ജനിച്ചത്. ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്) തിരുവനന്തപുരത്തെ സിഇടിയിൽ പൂർത്തിയാക്കി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി ജി ഡിപ്ലോമ ഐഎംടി ഗാസിയാബാദിൽ. ഐഎഎസ് നേടിയ ശേഷം ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലെ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഗോവയിൽ ടൂറിസം സെക്രട്ടറി, ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2022 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Vikram Dev Dutt| തിരുവനന്തപുരം CETയിലെ പൂർവ വിദ്യാർഥി; എയർ ഇന്ത്യയുടെ മേധാവിയാകുന്ന വിക്രം ദേവ് ദത്തിനെ അറിയാം