നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'എനിക്ക് ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്‌സിജനും കിടക്കാന്‍ മെത്തയും ഇല്ലെങ്കില്‍ ജി.എസ്.ടി അടയ്ക്കില്ല': നടി മീര ചോപ്ര

  'എനിക്ക് ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്‌സിജനും കിടക്കാന്‍ മെത്തയും ഇല്ലെങ്കില്‍ ജി.എസ്.ടി അടയ്ക്കില്ല': നടി മീര ചോപ്ര

  അടുത്തിടെ മീരയുടെ ബന്ധുക്കള്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു.

  മീര ചോപ്ര

  മീര ചോപ്ര

  • Share this:
   കോവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ജി.എസ്.ടി നല്‍കില്ലെന്ന് നടി മീര ചോപ്ര. അടുത്തിടെ മീരയുടെ ബന്ധുക്കള്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മീര രംഗത്തെത്തിയിരിക്കുന്നത്.

   "എന്റെ കസിന്‍സിനെ എനിക്ക് നഷ്ടമായിരിക്കുന്നു. കോവിഡല്ല കാരണം, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍. അപ്രതീക്ഷിതമായി ഓക്സിജന്‍ നില കുറഞ്ഞതിനാല്‍ ശ്വാസംമുട്ടിയാണ് മരിച്ചത്. എന്തൊരു അവസ്ഥയാണെന്ന് നോക്കൂ. ഓക്സിജനില്ല, കോവിഡ് രോഗികള്‍ക്ക് കിടക്കാന്‍ മെത്തയില്ല, മരുന്നില്ല. ഇതെല്ലാം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ല. ഒരാഴ്ചയ്ക്കിടെ എന്റെ വീട്ടില്‍ രണ്ട് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. എനിക്ക് ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്സിജനും കിടക്കാന്‍ മെത്തയും ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി അടക്കുകയില്ല- മീര ട്വീറ്റ് ചെയ്തു.

   I dont want to pay 18% gst when i cant get a bed in the hospital or an oxygen to breathe and live. #removeGST @AmitShah @FinMinIndia @ianuragthakur @PMOIndia @BJP4India


   — meera chopra (@MeerraChopra) May 15, 2021


   പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്താണ് മീരയുടെ ട്വീറ്റ്. റീമൂവ് ജി.എസ്.ടി എന്ന ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്. നിരവദി പേരാണ് മീരക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

   ഇതിനിടെ ഓക്സിജൻ ലഭിക്കാതെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ട് കോവിഡ് രോഗികൾ കൂടി മരിച്ചു. ഇതോടെ ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് ഈ ആഴ്ച 83 പേരാണ് ഇതേ ആശുപത്രിയിൽ മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ രണ്ടിനും ആറിനും മധ്യേയുള്ള സമയങ്ങളിലാണ് ഈ മരണങ്ങളിൽ ഏറെയും സംഭവിച്ചത്.

   അതേസമയം ഓക്സിജൻ പ്രതിസന്ധി ഇല്ലെന്നും ന്യുമോണിയ ബാധിച്ചാണ് മിക്ക മരണങ്ങളുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ രാത്രിയിൽ ഓക്സിജൻ വിതരണത്തിൽ തടസം നേരിടുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്സുമാരും പറഞ്ഞു. 24 മണിക്കൂറിനിടെ 58 കോവിഡ് രോഗികളാണ് മരിച്ചത്. 33 മൂന്നു പേരും മരിച്ചത് ഗോവ മെഡിക്കൽ കോളജിലാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42% ആണ്. പുതിയ ടാങ്ക് സ്ഥാപിച്ചതോടെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 20,000 കിലോ ലീറ്ററിന്റെ ഓക്സിജൻ ടാങ്ക് ആണ് ഗോവ മെഡിക്കൽ കോളജിൽ ശനിയാഴ്ച സ്ഥാപിച്ചത്.

   രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

   ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

    Also Read- കോവിഡിൽ ഇനി നാവ് കുഴയേണ്ട; സർക്കാർ വക മലയാളം പദാവലി തയാർ

   കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

   അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

   Also Read- കോവിഡ് ഭേദമായവരിലെ ബ്ലാക്ക്​ ഫംഗസ്​: ജാഗ്രത നി​ർദേശവുമായി സംസ്ഥാനങ്ങൾ

   പഞ്ചാബിലെ ഫരീദ്‌കോട്ട് ആശുപത്രിയില്‍ കേന്ദ്രം നല്‍കിയ വെന്റിലേറ്റര്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പി എം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെന്റിലേറ്റര്‍ തുടക്കത്തില്‍ തന്നെ കേടായതിനാല്‍ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രാലയം തള്ളുകയും ചെയ്തു. ഔറംഗാബാദില്‍ നിന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ നിര്‍ദേശം.

   Also Read- കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം: മാധ്യമപ്രവർത്തകൻ സുനില്‍ ജെയിന്‍ അന്തരിച്ചു

   ഗ്രാമീണ മേഖലയില്‍ കോവിഡ് പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ അവിടേക്ക് കൂടുതലായി ലഭ്യമാക്കണമെന്ന് ശനിയാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ മോദി പറഞ്ഞു. വീടുവീടാന്തരം പരിശോധനയും നിരീക്ഷണവും നടക്കണം. പ്രാദേശികമായ കോവിഡ് നിയന്ത്രണ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളും ജില്ലകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

   ഇതിനിടെ, പശ്ചിമ ബംഗാൾ സർക്കാര്‍ ഇന്നു മുതൽ മെയ് 30വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിന് പുറമെ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

   Published by:Aneesh Anirudhan
   First published:
   )}