ബെംഗളൂരു: മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി. റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യ മുഴുവന്‍ പ്രശസ്തനായ നടനാണ് കൃഷ്ണ ജി റാവു.
Also Read- തമിഴ് നടന്‍ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു
അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്. 2018ല്‍ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. കെ.ജി.എഫ് ചാപ്റ്റര്‍ 2 ലെ ‘നിങ്ങള്‍ക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിര്‍ത്തുനില്‍ക്കാന്‍ പോകരുത് സാര്‍’ എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാന്‍ എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം.
‘നാനോ നാരായണപ്പ’യാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്. കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കൃഷ്ണ ജി റാവുവിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.