വിവാഹ വേഷത്തിൽ നിൽക്കുന്ന രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച ഫോട്ടോക്കു ശേഷം അതിലും വലിയ പ്രതികരണങ്ങളും പരിഭവങ്ങളുമാണ് കൃഷ്ണപ്രഭയ്ക്ക് നേരിടേണ്ടി വന്നത്. സഹപ്രവർത്തകർ പോലും ആ കഥ വിശ്വസിച്ചു എന്ന് കൃഷ്ണപ്രഭ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
ടി.വി. സീരിയലിനായി പകർത്തിയ ചിത്രം ഇത്തരമൊരു പ്രൊമോഷൻ ചെയ്യും എന്ന ധാരണയിൽ തന്നെയാണ് എടുത്തത് എന്ന് കൃഷ്ണപ്രഭ. പരിപാടിയുടെ അണിയറക്കാർ ഇത്തരമൊരു കാര്യം ഇരുവരെയും തുടക്കത്തിലേ അറിയിച്ചിട്ടുണ്ടായിരുന്നു.
അത്തരമൊരു ഫോട്ടോയുണ്ടാവും എന്നുറപ്പായതോടെ രജിത്കുമാറിന് കൃഷ്ണപ്രഭയിൽ നിന്നും അറിയേണ്ടിയിരുന്നത് ഒരു കാര്യമാണ്. 'കൃഷ്ണയ്ക്ക് കാമുകനുണ്ടോ?' 'ഇല്ല' എന്ന് കൃഷ്ണപ്രഭയുടെ മറുപടി. 'അല്ലായിരുന്നെങ്കിൽ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ' എന്ന് രജിത്കുമാർ.
ബിഗ് ബോസ് ഷോ വഴി ശ്രദ്ധേയനായ അധ്യാപകനായ രജിത്കുമാർ ഒരു സൂപ്പർ കോ ആർട്ടിസ്റ്റാണ് എന്ന് കൃഷ്ണപ്രഭ. ആദ്യമായാണ് അദ്ദേഹം ഒരു പരമ്പരയിൽ വരുന്നത്. നല്ല ജെനുവിൻ ക്യാരക്റ്റർ ഉള്ള വ്യക്തിയാണ്. ഫോട്ടോ കണ്ട രജിത്കുമാറിന്റെ വിദ്യാർഥികൾ പോലും ഞെട്ടി.
ഇപ്പോൾ കുടുംബസമേതം വയനാട്ടിലാണ് കൃഷ്ണപ്രഭ. അതേസമയം തന്നെയാണ് ഈ ഫോട്ടോ റിലീസാവുന്നതും. 'കല്യാണം കഴിഞ്ഞയുടൻ ഹണി മൂന്നിന് പോയോ?' എന്നായി ചോദ്യം.
ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് ആരെന്ന് മനസ്സിലായതെന്ന് കൃഷ്ണപ്രഭ. കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. "നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നു." ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത പിഷാരടിയെ കൃഷ്ണപ്രഭ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അതുപോലെ തന്നെ പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹരി പി. നായരും.
"അവർ പെട്ടെന്ന് വിശ്വസിച്ചുവെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും? പല സുഹൃത്തുക്കളും വിശ്വസിച്ചു. ഫാമിലി കഴിഞ്ഞാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ ഷൂട്ടിങ്ങിനെ പറ്റി അറിയാമായിരുന്നുള്ളൂ." കൃഷ്ണപ്രഭ പറയുന്നു. (വീഡിയോ ചുവടെ)
താമസിക്കുന്ന ഫ്ലാറ്റിനപ്പുറത്തെ അഞ്ചു വയസ്സുകാരൻ കുട്ടി രാഘവൻ പോലും പരിഭവിച്ചു എന്ന് കൃഷ്ണപ്രഭ. "എന്റെ പല വീഡിയോകളിലും നിങ്ങൾ കണ്ടിട്ടുള്ള കുട്ടിയാണ് രാഘവൻ. രാഘവന്റെ അമ്മ അർച്ചന ഒരു സ്ക്രീൻഷോട്ട് എടുത്തു അയച്ച് 'യു ഗോട്ട് മാരീഡ്?' എന്ന് ചോദിച്ചു. കല്യാണം കഴിച്ചിട്ട് അറിയിച്ചില്ലല്ലോ എന്ന് പറഞ്ഞ് അവർ കരഞ്ഞു പോയി," കൃഷ്ണപ്രഭ പറയുന്നു. അഞ്ചുവയസുകാരൻ കുട്ടി എന്തുകൊണ്ടാണ് തങ്ങളെ ക്ഷണിക്കാത്തത് എന്ന് അമ്മയോട് ചോദിച്ചു എന്നും കൃഷ്ണപ്രഭ.
കൃഷ്ണ പ്രഭ എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ്. ശേഷം ലിങ്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും കൃഷ്ണപ്രഭ ഷെയർ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.