ബോക്സ് ഓഫീസിൽ നിന്ന് മാത്രമല്ല സിനിമയുടെ വിജയം; തുടരെ ചിത്രങ്ങളുമായി ഇവിടെയുണ്ടാകും; 'മലൈക്കോട്ടൈ വാലിബൻ' നിർമാതാവ്
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
തീയറ്ററിലെ കളക്ഷൻ മാത്രമാണ് ഒരു സിനിമയുടെ വിജയം നിർണയിക്കുന്നതെന്നാണ് സാധാരണക്കാരായ പ്രേക്ഷകർ കരുതുന്നത്. യഥാർത്ഥത്തിൽ അതൊരു ഘടകം മാത്രമാണ്. തീയറ്ററിലെ ആദ്യ ദിന കളക്ഷൻ മിനിമം ഗ്യാരന്റി ഉറപ്പാക്കാൻ കഴിയും എന്നത് യാഥാർഥ്യമാണ്
മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് യൂഡ്‌ലീ ഫിലിംസ് ആണ്. ഇന്ത്യൻ വിനോദ വിപണിയിലെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ സരേഗാമയുടെ സിനിമാ ഡിവിഷനാണ് യൂഡ്‌ലി ഫിലിംസ്. ജോൺ & മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെൻസ്, ആമേൻ മൂവി മൊണാസ്ട്രി എന്നീ ബാനറുകളാണ് യൂഡ്‌ലീക്കൊപ്പം ഈ സംരംഭത്തിൽ നിർമാണ പങ്കാളികളായി ഉള്ളത്. ഇതിന് മുമ്പ് മലയാളത്തിൽ പടവെട്ട്. കാപ്പ , കാസർഗോൾഡ് എന്നീ ചിത്രങ്ങൾ നിർമിച്ച സരേഗാമ ഇപ്പോൾ മലയാളത്തിൽ സജീവമാണ്. മലൈക്കോട്ടൈ വാലിബന്റെ റിലീസുമായി ബന്ധപ്പെട്ട് ചന്ദ്രകാന്ത് വിശ്വനാഥ് സരേഗാമ സീനിയർ വൈസ് പ്രസിഡന്റ് സിദ്ധാർഥ് കുമാർ ആനന്ദുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
മലയാളം നിങ്ങൾക്ക് അപരിചിതമായ ഇടമല്ല. പടവെട്ട്. കാപ്പ, കാസർഗോൾഡ് എന്നീ ചിത്രങ്ങൾ മുമ്പ് ചെയ്തിട്ടുണ്ട്. എന്നാലും അതിലും വളരെ വലിയ ബജറ്റിൽ ഒട്ടേറെ മറ്റു പ്രൊഡ്യൂസർമാരും ഉള്ള പ്രോജക്ടാണ് മലൈക്കോട്ടൈ വാലിബൻ. എങ്ങനെയാണ് മോഹൻലാലുമൊത്തുള്ള ഈ വമ്പൻ പ്രോജക്ടിലേക്ക് സാരേഗാമ എത്തുന്നത് ?
മ്യൂസിക് കമ്പനി എന്ന നിലയിൽ ലോകത്തെ ഏറ്റവും പഴക്കമുള്ളവയിൽ ഒന്നാണ് സരേഗാമ. ഇപ്പോൾ ഞങ്ങൾ ഒരു കണ്ടന്റ് കമ്പനിയാണ്. രാജ്യത്തെ പല ഭാഷകളിലും വളരെ പ്രശസ്തമായ മിക്ക സിനിമാ ഗാനങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ സ്വന്തമാണ്. അതിനാൽ പ്രാദേശിക കണ്ടന്റ് ഞങ്ങൾക്ക് നന്നായി മനസിലാകും. മ്യൂസിക് കമ്പനി എന്ന നിലയിൽ നിന്നും കണ്ടന്റ് കമ്പനിയിലേക്കുള്ള യാത്രയിലാണ് ഫിലിം നിർമാണം ആരംഭിക്കുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ മനസിലായ ഒരു കാര്യമാണ് പ്രാദേശിക ഭാഷകളിൽ വളരെ മികച്ച രസകരമായ ചിത്രങ്ങൾ നിർക്കപ്പെടുന്നുണ്ട് എന്നത്. അവിടെ നമുക്ക് പരിഗണിക്കാവുന്ന ബജറ്റുമാണ്. ഒപ്പം കഥ പറയുന്ന രീതിയും വളരെ രസകരമാണ്. ദേശീയ തലത്തിലെ സിനിമയുമായി മത്സരിക്കുന്നതിനാൽ പ്രാദേശികമായി വളരെ ആഴത്തിൽ വേരുള്ളതാണ് അവിടുത്തെ കഥകൾ. അത് കൊണ്ട് തന്നെ അതിന്റെ ജനങ്ങളുടെ മുന്നിലുള്ള അപ്പീലും മികച്ചതാണ്. അങ്ങനെയുള്ള പ്രാദേശിക സിനിമകൾ കണക്കിലെടുത്താൽ മലയാളം വളരെ മികച്ചതാണ്.
advertisement
കേരളത്തിലെ മികച്ച സാക്ഷരതയും സമ്പന്നമായ സാഹിത്യപാരമ്പര്യവും അതിനെ മുന്നിലാക്കുന്നു. ഇവിടെ വളരെ ഗംഭീര എഴുത്തുകാരുണ്ട്. പുസ്തകം എഴുതുന്നവരുടെ കാര്യമാണ് പറയുന്നത്. അവർക്ക് നല്ല മതിപ്പുമുണ്ട്. അവര്‍ മികച്ച രീതിയില്‍ കഥ പറയുന്നവരാണ്. ആ പാരമ്പര്യം ഇവിടെ സജീവമായി ഉണ്ട്. മികച്ച കഥ പറച്ചിലിലുള്ള ഗംഭീരമായ രീതിയാണ് ഞങ്ങളെ മലയാളത്തിലേക്ക് നയിച്ചത്.
ഒപ്പം വളരെ മികച്ച നടന്‍മാരുമായി അസോസിയേറ്റ് ചെയ്യാന്‍ കഴിഞ്ഞൂ എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. കാപ്പയില്‍ പൃഥ്വിരാജ്, കാസര്‍ഗോള്‍ഡില്‍ ആസിഫ് അലി, പടവെട്ടില്‍ നിവിന്‍ പോളി, ഇപ്പോള്‍ മോഹന്‍ലാല്‍ സാര്‍. ഇത്തരത്തില്‍ വളരെ പ്രതിഭാശാലികളുമായി ഒപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞു എന്നുവെന്നുള്ളത് വലിയ ഭാഗ്യമുള്ള കാര്യമാണ്.
advertisement

ഇത്തരത്തില്‍ മികച്ച കഥകള്‍ കണ്ടെത്താനും താരങ്ങളെ ബന്ധപ്പെടാനും നിങ്ങൾക്ക് വലിയ ടീമുണ്ടെന്ന് മനസിലാക്കുന്നു. എന്നാൽ മലയാളത്തിലെ നിങ്ങളുടെ മുൻ ചിത്രങ്ങൾക്ക് കേരളത്തിലെ തീയറ്ററിൽ വൻ വിജയം നേടാൻ കഴിഞ്ഞില്ല എന്നത് യാഥാർഥ്യമാണ്. ഇൻഡസ്ട്രിയിലെ മുൻനിര ആളുകൾ ഉണ്ടായിരുന്നിട്ടും കാപ്പ ഒഴികെയുള്ളവയുടെ ബോക്സ് ഓഫീസ് പ്രകടനം ഏതാണ്ട് ദയനീയമായിരുന്നു. ഇത് ഈ പ്രദേശത്തെയോ ഇവിടെ ഇഷ്ടമാകുന്ന തരത്തിലെ കഥകൾ വിലയിരുത്തുന്നതിലോ നിങ്ങൾക്ക് തെറ്റിപ്പോയി എന്നാണോ കാണിക്കുന്നത് ?
തീയറ്ററിലെ പ്രകടനത്തിന്റെ കാര്യം ശരിയാണ്. പക്ഷെ ഒന്നും തെറ്റിപ്പോയിട്ടില്ല. സിനിമ എന്ന ബിസിനസിനെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് മാറ്റേണ്ടത്. സിനിമാ വ്യവസായത്തില്‍ തീയേറ്റര്‍ ഒരു ഘടകം മാത്രമാണ്. അതെങ്ങനെ ആകുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അത് സ്റ്റോക് മാർക്കറ്റ് പോലെ തന്നെയുള്ള കാര്യമാണ്. സിനിമാ ബിസിനസെന്നു പറഞ്ഞാല്‍ എന്താണ്? ഒരു സിനിമ കൃത്യമായ ബജറ്റില്‍ നിര്‍മ്മിക്കപ്പെടണം. പല തരത്തിലുള്ള റൈറ്റ്‌സില്‍ വില്‍ക്കാന്‍ കഴിയണം. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഒറ്റിറ്റി റൈറ്റ്‌സ്, ഇന്റര്‍നാഷണല്‍ റൈറ്റ്‌സ്. പ്രൊഡ്യൂസർ എന്ന നിലയിൽ നിങ്ങളുടെ ജോലി എന്നു പറഞ്ഞാല്‍ സിനിമയുടെ റൈറ്റ്‌സിനെ എങ്ങനെ വിൽക്കാം എന്നതാണ്. തീയേറ്ററിലെ കാര്യങ്ങള്‍ ഡിസ്ട്രിബ്യൂഷനുമായി ബന്ധപ്പെട്ടതാണ്. ഒരു തീയേറ്ററില്‍ എങ്ങനെയാണ് സിനിമ വരുന്നത് എന്നുള്ളത് മൊത്തം ബിസിനസിനെ ബാധിക്കില്ല. തീയേറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗമുണ്ട്.
advertisement
ഞാനൊരു ക്രിയേറ്റിവ് ആയ വ്യക്തിയല്ല. അതുകൊണ്ട് തന്നെ സിനിമ തീയറ്ററിൽ എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് കൃത്യമായി പറയാൻ പറ്റില്ല. ഒരു സിനിമ തീയേറ്ററില്‍ എന്തുകൊണ്ട് ഓടുന്നു അല്ലെങ്കില്‍ ഓടാതിരിക്കുന്നു എന്നത് പ്രവചനാതീതമായ കാര്യമാണ്. പക്ഷെ സിനിമ സാമ്പത്തികമായി സുരക്ഷിതമായിരിക്കാന്‍ നമ്മള്‍ ശ്രമിക്കും. അത് മിക്കവാറും തന്നെ സിനിമ റിലീസാകും മുമ്പ് തന്നെയാ യിരിക്കും. അല്ലെങ്കില്‍ റിലീസ് ആയി ഒരാഴ്ചയ്ക്കുള്ളിലായിരിക്കാം. അത് സാധാരണക്കാർ കാണുന്നതുപോലെയല്ല. ഞാൻ സിനിമയെ ബിസിനസായി കാണുന്നയാളാണ്.
advertisement
സിനിമ റീലീസാകുമ്പോള്‍ തീയേറ്ററില്‍ എന്താണ് സംഭവിക്കുന്നത് എന്നുപറയാന്‍ പറ്റില്ല. ആ സിനിമ വരുമ്പോഴുള്ള കാണികളുടെ മൂഡ്, അതിനോട് ബന്ധപ്പട്ട പല വിഷയങ്ങൾ അങ്ങനെ എന്തും സിനിമയുടെ തീയറ്റർ ബിസിനസിനെ ബാധിക്കും എന്നത് യാഥാർഥ്യമാണ്. ഞങ്ങളുടെ മുന്‍പത്തെ സിനിമകളെല്ലാം മികച്ചതായിരുന്നു. ഉദാഹരണത്തിന് പടവെട്ട്. അത് റീലീസാകുന്നതിനു മുന്‍പ് തന്നെ ചില വിവാദങ്ങളുണ്ടായിരുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ? അതായത് ഒരു സിനിമ അത് തീയേറ്ററില്‍ എത്തുമ്പോൾ എന്തു സംഭവിക്കുന്നത് നിങ്ങള്‍ക്കറിയില്ല. പക്ഷെ തീയേറ്ററിലെത്തും മുന്‍പ് സിനിമയെ എങ്ങനെ സുരക്ഷിതമാക്കാമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പക്ഷെ ഒരു കാര്യമുണ്ട്. തീയേറ്റര്‍ തന്നെയാണ് ബിസിനസിൽ ഏറ്റവും മുകളില്‍നില്‍ക്കുന്ന ഘടകം. ഇങ്ങനെയാണ് ബിസിനസ് പ്രവര്‍ത്തിക്കുന്നത്.
advertisement
തീയറ്ററിലെ കളക്ഷൻ മാത്രമാണ് ഒരു സിനിമയുടെ വിജയം നിർണയിക്കുന്നതെന്നാണ് സാധാരണക്കാരായ പ്രേക്ഷകർ കരുതുന്നത്. യഥാർത്ഥത്തിൽ അതൊരു ഘടകം മാത്രമാണ്. തീയറ്ററിലെ ആദ്യ ദിന കളക്ഷൻ മിനിമം ഗ്യാരന്റി ഉറപ്പാക്കാൻ കഴിയും എന്നത് യാഥാർഥ്യമാണ്.
ബിസിനസ് എന്നു പറഞ്ഞാല്‍ മറ്റൊരു തരത്തിൽ ആസൂത്രണവും അച്ചടക്കവുമാണ്. സിനിമാ ചിത്രീകരണം നന്നായി തുടങ്ങുകയും നടക്കുകയും അവസാനിക്കുകയും വേണം. നിങ്ങള്‍ മുടക്കുന്ന ഓരോ പൈസയും ലക്ഷ്യത്തിലെത്തുക തന്നെ വേണം. പണം പാഴാക്കല്‍ മിനിമമായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയില്‍ എത്ര അച്ചടക്കമുണ്ട്?
അച്ചടക്കമുള്ളവരാകാനാണ് എല്ലാ ഫിലിം മേക്കേഴ്‌സും ശ്രമിക്കുന്നത്. പക്ഷെ കാലാവസ്ഥയിലെ മാറ്റങ്ങൾ അല്ലെങ്കില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് തുടങ്ങിയവ ആർക്കും മുന്‍കൂട്ടി കാണാന്‍ കഴിയില്ലല്ലോ? സിനിമാ നിര്‍മ്മാണവുമായി ഇഴുകി ചേർന്ന ഒന്നാണ് റിസ്‌ക് എന്ന ഘടകം. അതു മനസിലാക്കണം. പക്ഷെ കാലക്രമത്തില്‍ ഇത്തരം റിസ്‌ക് ഒഴിവാക്കാനുള്ളതെല്ലാം നമ്മള്‍ ചെയ്യും. അങ്ങനെ പൊതുവേ നോക്കുമ്പോള്‍ മലയാള സിനിമ അച്ചടക്കമുള്ളതായിട്ടാണ് എനിക്കു തോന്നുന്നത്. എഴുത്തിന്റെ ക്വാളിറ്റി മികച്ചതാണ്. അത് നല്ലതായി വരികയും ചെയ്യും. ഞങ്ങള്‍ കൊണ്ടുവന്ന പുതിയ ഫിലിം മേക്കേഴ്‌സ് പോലും വളരെ മികച്ചതവരാണ്. അവരുടെ സാങ്കേതിക രംഗത്തെ അറിവും കഴിവും മികച്ചതാണ്. ഞങ്ങളുടെ അനുഭവത്തിൽ നിശ്ചയിച്ച ബജറ്റിനു മുകളിലേക്ക് ചെലവ് കൂടാറില്ല. പറയുന്നതിന് അപ്പുറത്തേക്ക് ഷൂട്ടിംഗ് ദിവസങ്ങള്‍ പോകാറില്ല. അങ്ങനെ പൊതുവെ ഞങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്.
advertisement
ഇത്തരത്തില്‍ ഒരു കണ്ടന്റിലേക്ക് നിങ്ങള്‍ എങ്ങനെയാണ് എത്തുന്നത് ?മലയാളത്തില്‍ ഒരുപാട് കഴിവുള്ളവരുണ്ട്. ഇവിടുത്തെ ഫിലിംമേക്കേഴ്‌സിന് വലുതായി തോന്നുന്ന ബജറ്റ് മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള നിങ്ങള്‍ക്ക് ചെറിയ ബജറ്റായിരിക്കും. ഇത്തരത്തിലുള്ള പുതിയ ആളുകളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? അവര്‍ക്ക് നിങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയും അവരിലേക്ക് നിങ്ങള്‍ എങ്ങനെയാണ് എത്തിച്ചേരുന്നത്?
സരേഗമയില്‍ ഞങ്ങള്‍ക്ക് ഇതിനൊക്കെ പ്രത്യേകം ഒരു ഡിപ്പാര്‍ട്‌മെന്റുണ്ട്. അവരാണ് ഞങ്ങള്‍ക്കു ലഭിക്കുന്ന സ്‌ക്രിപ്റ്റ് വിലയിരുത്തുന്നത്. ഒരു സ്‌ക്രിപ്റ്റ് വിലയിരുത്തുമ്പോള്‍ ഞങ്ങള്‍ പരിഗണിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കിട്ടിയ സ്‌ക്രിപ്റ്റ് ഞങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞ് അതു എഴുതിയ ആളുകളുമായിട്ടോ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരുമായിട്ടോ വീണ്ടും വിലയിരുത്തും. അതിന്റെ സാദ്ധ്യതകൾ വ്യക്തമാക്കും.
മറ്റൊന്ന് ഇതിന്റെ ബിസിനസാണ്. ഇതിലെ താരങ്ങള്‍ ആരൊക്കെയാണ് ? അവര്‍ക്കെത്ര വാല്യു ഉണ്ട്, അവര്‍ക്ക് സാറ്റ്‌ലൈറ്റില്‍ എത്ര വാല്യു ഉണ്ട് , എത്ര പാട്ടുകളുണ്ട്, ആരാണ് സംഗീതം ചെയ്യുന്നത്, രാജ്യാന്തരതലത്തില്‍ എത്ര മൂല്യമുണ്ട് ഇതെല്ലാം നോക്കും. ഇതിനൊക്കെയൊരു ട്രാക്ക് റെക്കോര്‍ഡുണ്ട്. അതുപോലെ തന്നെ ബോക്സ് ഓഫീസിനും ഒരു ട്രാക്ക് റെക്കോര്‍ഡുണ്ട്. അതായത് ഒരു സിനിമയുണ്ടാക്കിയാല്‍ അതിന്റെ ബിസിനസിൽ ഞങ്ങള്‍ക്ക് എത്ര തിരിച്ചു കിട്ടും എന്നു നോക്കും. അതായത് ഞങ്ങള്‍ക്കൊരു റിക്കവറി പ്ലാനുണ്ട്. ആ റിക്കവറി പ്ലാൻ പറയുന്ന ബജറ്റിൽ ഫിറ്റായാല്‍ സിനിമാ നടക്കാനുള്ള സാധ്യത വളരെ ഏറെയാണ്.എന്നാൽ അത് ഫിറ്റായില്ലെങ്കില്‍ സിനിമ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല എന്ന് തന്നെ പറയണം.
തീയേറ്ററിലെത്തും മുന്‍പു തന്നെ സിനിമ സേഫ് ആകുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള എല്ലാ സിനിമികളും തീയേറ്ററില്‍ എത്തും മുമ്പ് സേഫായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ സിനിമകൾ എല്ലാം നിര്‍മ്മിച്ചത്. സിനിമയുടെ കഥ, സംവിധായകന്റെ വിഷന്‍, അത് കാണികൾക്ക് എന്ത് അനുഭവമാണ് നൽകുന്നത്, അതിന്റെ ബജറ്റ് ഈ ഘടകങ്ങളാണ് സിനിമ എടുക്കുന്നതിന് കാരണം.
എന്തൊക്കെയാണ് സരേഗാമയുടെ മലയാളം ഇൻഡസ്ട്രിയിലെ ഭാവി പരിപാടികൾ ?
ധാരാളം സിനിമകള്‍ ഞങ്ങളുടേതായി വരാനുണ്ട്. ടൊവീനോയുടെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഏതാണ്ട് തയാറായിക്കഴിഞ്ഞു, മമ്മൂട്ടിയുടെ ബസൂക്ക ഉടൻ വരും, ബേസില്‍ ജോസഫ് അഭിനയിക്കുന്ന ജീത്തു ജോസഫ് ചിത്രം വരുന്നു. ഒരുപാട് ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതൊന്നും ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല. സമയമാകുമ്പോള്‍ അനൗണ്‍സ് ചെയ്യും. ഇവിടെ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തിട്ട് പോകാന്‍ വന്നവരല്ല ഞങ്ങൾ. ഈ പ്രദേശത്ത് നിന്നുള്ള കണ്ടന്റിന് വലിയ ബിസിനസ് സാധ്യതകളുണ്ട്. ഇവിടെ ധാരാളം പ്രതിഭകളുണ്ട്. അത് ഞങ്ങള്‍ കണ്ടെത്തി. ഈ മേഖല വളരുന്നതിന് അനുസരിച്ച് ഞങ്ങൾക്കും വളരുന്നതിന് സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ നല്ല സിനിമകളുമായി ഇവിടെ തന്നെ തുടർന്നും കാണും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 26, 2024 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോക്സ് ഓഫീസിൽ നിന്ന് മാത്രമല്ല സിനിമയുടെ വിജയം; തുടരെ ചിത്രങ്ങളുമായി ഇവിടെയുണ്ടാകും; 'മലൈക്കോട്ടൈ വാലിബൻ' നിർമാതാവ്