കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു കുഞ്ഞു വീഡിയോയാണ്. വെറും പതിനഞ്ച് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.
ദൃശ്യം 2 വിന്‍റെ ചിത്രീകരണ ലൊക്കേഷനിലേക്ക് മോഹൻലാൽ എത്തുന്ന വീഡിയോയാണിത്. ലൊക്കേഷനിലേക്ക് കടന്നു വരുന്ന തന്‍റെ കാറിൽ നിന്നിറങ്ങിയ ലാൽ, മാസ്ക് അഴിച്ച് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് നടന്നനീങ്ങുന്നു.
സ്ലോ മോഷനും ബാക്ക് ഗ്രൗണ്ട് സംഗീതവുമൊക്കെ ചേർത്ത് താരത്തിന്‍റെ ഒരു ഫാൻസ് ക്ലബാണ് വീഡിയോ പുറത്തു വിട്ടത്. തോള് ചരിച്ച് ചെറു പുഞ്ചിരിയോടെ സ്ലോ മോഷനിൽ മോഹൻ ലാൽ എത്തുന്ന ദൃശ്യങ്ങൾ 'ദി റോയൽ എൻട്രി' എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവച്ചത്. 'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന തലക്കെട്ടോടെ വൈകാതെ തന്നെ ലാൽ ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷമാണ്
ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള പല ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം എത്തുന്നതിന്‍റെ ആവേശത്തിൽ കൂടിയാണ് ആരാധകർ. ജിത്തു ജോസഫ് തന്നെ ഒരുക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാണ് അണിനിരക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ് കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.