ഹനുമാന് ഒഴിച്ചിടുന്ന സീറ്റിനോട് ചേർന്നുള്ള സീറ്റുകൾക്ക് അധിക ചാർജ് ഈടാക്കില്ല; വ്യാജപ്രചരണം നടത്തരുതെന്ന് ആദിപുരുഷ് നിർമാതാക്കൾ
- Published by:Sarika KP
- news18-malayalam
Last Updated:
സാധാരണ സീറ്റുകളേക്കാൾ കൂടിയ ചാർജ്ജായിരിക്കും ഹനുമാനായി ഒഴിച്ചിട്ട സീറ്റിന്റെ അടുത്തുള്ള സീറ്റുകൾക്ക് ഈടാക്കുക എന്നായിരുന്നു അത്.
റിലീസിനു മുൻപു തന്നെ പല തവണ വിവാദത്തിലായ ബിഗ് ബജറ്റ് ചലച്ചിത്രം ആദിപുരുഷ് ദിവസങ്ങൾക്കകം തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. രാമായണ കഥ അടിസ്ഥാനമാക്കിയുള്ള സിനിമ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീസർ പുറത്തിറങ്ങിയതോടെ മോശം വിഎഫ്എക്‌സിന്റെ പേരിൽ ചർച്ച ചെയ്യപ്പെട്ട സിനിമ, ഈയടുത്ത് വീണ്ടും വിവാദങ്ങളിൽ ഇടം നേടിയിരുന്നു. രാമായണത്തിലെ പ്രധാന സാന്നിധ്യമായ ഹനുമാനോടുള്ള ആദര സൂചകമായി ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളില്ലെലാം ഒരു സീറ്റ് ഒഴിച്ചിടും എന്ന പ്രഖ്യാപനത്തെ തുടർന്നായിരുന്നു ഇത്. ഒഴിച്ചിടുന്ന സീറ്റ് ഹനുമാനു വേണ്ടിയാണെന്നായിരുന്നു ആദിപുരുഷിന്റെ നിർമാതാക്കൾ സൂചിപ്പിച്ചിരുന്നത്.
രാമായണ കഥ കാണാനെത്തുന്ന ജനങ്ങൾക്കൊപ്പം ആദിപുരുഷ് കാണാൻ തിയേറ്ററിൽ ഹനുമാനും എത്തും എന്ന സങ്കല്പത്തിലാണ് ഈ പ്രതീകാത്മക സീറ്റ് എന്നായിരുന്നു നിർമാതാക്കൾ നൽകിയ വിശദീകരണം. എന്നാൽ, മറ്റു ചില വാർത്തകൾ കൂടി ഈ പ്രഖ്യാപന വാർത്തയ്‌ക്കൊപ്പം പരക്കുന്നുണ്ടെന്നും സിനിമാ സംഘം പറയുന്നു. സാധാരണ സീറ്റുകളേക്കാൾ കൂടിയ ചാർജ്ജായിരിക്കും ഹനുമാനായി ഒഴിച്ചിട്ട സീറ്റിന്റെ അടുത്തുള്ള സീറ്റുകൾക്ക് ഈടാക്കുക എന്നായിരുന്നു അത്. ഹനുമാന്റെ സമീപത്ത് ഇരുന്നു സിനിമ കാണുന്നു എന്ന സങ്കൽപ്പത്തിനായി, സാധാരണ ടിക്കറ്റ് നിരക്കിന്റെ ഇരട്ടിയോളം ചിലവാക്കേണ്ടി വരും എന്നായിരുന്നു സ്ഥിരീകരിക്കാത്ത വാർത്തകൾ. സമൂഹ മാധ്യമങ്ങൾ വഴി വളരെ വേഗത്തിലാണ് ഈ വാർത്ത പരന്നത്.
advertisement
എന്നാൽ, ആദിപുരുഷിന്റെ നിർമാതാക്കളിൽ നിന്നും ഇതുവരെ അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ ടി സിരീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളെല്ലാം അടിസ്ഥാന രഹിതവും വ്യാജവുമാണെന്നാണ് ടി സിരീസിന്റെ പ്രസ്താവന. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടി സിരീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
There are misleading reports circulating in the media regarding #Adipurush ticket pricing. We want to clarify that there will be no differences in rates for seats next to the one reserved for Hanuman Ji! Don’t fall for false information!
Jai Shri Ram! 🙏🏹
— T-Series (@TSeries) June 11, 2023
advertisement
ഹനുമാനു വേണ്ടി നീക്കി വച്ചിരിക്കുന്ന സീറ്റിനടുത്തുള്ള സീറ്റുകൾക്ക് അധിക ചാർജ്ജ് ഈടാക്കില്ലെന്നാണ് ടി സിരീസിന്റെ ട്വീറ്റ്. ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന സീറ്റുകളുടെ ടിക്കറ്റ് നിരക്ക് സാധാരണ ഗതിയിൽ എത്രയാണോ, അത് അതേപടി നിലനിലനിൽക്കുമെന്നും, വ്യാജ വാർത്തകൾ പങ്കുവയ്ക്കരുതെന്നും നിർമാതാക്കൾ ട്വീറ്റിൽ പറയുന്നു.
‘ആദിപുരുഷിന്റെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ജി യ്ക്കായി മാറ്റി വച്ചിരിക്കുന്ന സീറ്റിനോട് ചേർന്നുള്ള മറ്റു സീറ്റുകൾക്ക് സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും യാതൊരു വ്യത്യാസവും ഉണ്ടായിരിക്കില്ല. വ്യാജ വാർത്തകൾ വിശ്വസിക്കാതിരിക്കൂ! ജയ് ശ്രീ റാം!’ ട്വീറ്റിൽ പറയുന്നു.
advertisement
തൻഹാജി എന്ന സിനിമയിലൂടെ പ്രശസ്തനായ ഓം റൗട്ടാണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. ശ്രീരാമനായി പ്രഭാവും സീതയായി കൃതി ഷാനോനും ലക്ഷ്മണനായി സണ്ണി സിംഗും, ഹനുമാനായി ദേവ്ദത്ത നാഗെയും രാവണനായി സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ജൂൺ 16 ന് തിയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 13, 2023 8:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹനുമാന് ഒഴിച്ചിടുന്ന സീറ്റിനോട് ചേർന്നുള്ള സീറ്റുകൾക്ക് അധിക ചാർജ് ഈടാക്കില്ല; വ്യാജപ്രചരണം നടത്തരുതെന്ന് ആദിപുരുഷ് നിർമാതാക്കൾ