മൂന്നു ലക്ഷം രൂപയോളം പിഴ; കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരേ നടപടി കടുപ്പിച്ച് ഒമാൻ
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകളിലും പങ്കെടുക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിന് പ്രവാസികൾക്കും ഒമാൻ പൗരന്മാർക്കും 3 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
മസ്‌കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ഒമാൻ പൊലീസ്. പൊതുസ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും ചടങ്ങുകളിലേക്കും ആളുകളെ ക്ഷണിക്കുന്നവർക്കും മൂന്നു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് ഒമാൻ പൊലീസ് അറിയിച്ചിരിക്കുന്നത്. വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകളിലും പങ്കെടുക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിന് പ്രവാസികൾക്കും ഒമാൻ പൗരന്മാർക്കും 3 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കോവിഡ്-19 കൈകാര്യം ചെയ്യാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് നടപടി കടുപ്പിക്കാൻ ഒമാൻ പൊലീസ് തീരുമാനിച്ചത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യതതിൽ പൊതുസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദേശം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കർക്കശമാക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ച പുതിയ നിർദേശങ്ങൾ ചുവടെ...
1. കോവിഡ് -19 പരിശോധനയ്ക്ക് വിസമ്മതിച്ചതിന് 30000 രൂപയോളം പിഴ.
advertisement
2. വീട്ടിലോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലോ ഉള്ള ക്വറന്‍റീൻ ലംഘിക്കുന്നതിന് 30000 രൂപയോളം പിഴ.
3. വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ ഉൾപ്പെടെയുള്ള പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് 15000 രൂപയോളം പിഴ. ഈ പരിപാടികളിലേക്കു ആളുകളെ ക്ഷണിക്കുന്നവർക്ക് മൂന്നു ലക്ഷത്തോളം രൂപ പിഴ ഈടാക്കും.
4. കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനും അവരെ നിരീക്ഷിക്കുന്നതിനുമായി നൽകിയിട്ടുള്ള ട്രാക്കിംഗ് ബ്രേസ്ലെറ്റ് ധരിക്കാൻ വിസമ്മതിച്ചതിനോ നീക്കം ചെയ്തതിനോ നശിപ്പിച്ചതിനോ 45000 രൂപയോളം പിഴ.
advertisement
രാജ്യത്തെ ആരാധനാലയങ്ങളിലും മുൻകരുതലുകൾ കർശനമാക്കാൻ കോവിഡ് പ്രതിരോധ സുപ്രീം കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. അഞ്ചുനേരത്തെ പ്രാർഥനക്ക് അനുവാദമള്ള മസ്ജിദുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി. പ്രാർഥന കഴിഞ്ഞാൽ മസ്ജിദുകളിൽ തങ്ങരുതെന്നും അഞ്ചു മിനിറ്റിനുള്ളിൽ ആരാധനാലയങ്ങൾ വിടണമെന്നും അഞ്ചു മിനിറ്റിനുശേഷം വാതിലുകൾ അടക്കുമെന്നും മസ്ജിദ് അധികൃതർ ആരാധനക്കെത്തുന്നവരെ അറിയിച്ചിരുന്നു. പ്രാർഥന സമയത്തുപോലും മാസ്ക് ധരിക്കണമെന്നും ഇത് ലംഘിക്കുന്നവരെ പുറത്താക്കുമെന്നുമാണ് മസ്ജിദ് അധികൃതരുടെ മുന്നറിയിപ്പ്.
advertisement
നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെയാണ് ഒമാനിൽ രോഗവ്യാപനം കൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചിരുന്നു. സമൂഹിക അകലം പാലിക്കുന്നതിലും മാസ്ക്ക് ധരിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്.
ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റ് ഉൾപ്പടെയുള്ള കച്ചവട സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മിക്കയിടത്തും ആളുകൾ മാസ്ക്ക് ഇല്ലാതെ എത്തുന്നുണ്ട്. കൂടാതെ പ്രവേശന കവാടത്തിലും മറ്റും സാനിറ്റൈസറുകൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങളുമുണ്ട്. ഇതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി പൊലീസിന് നിർദേശം നൽകിയത്.
Location :
First Published :
January 31, 2021 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മൂന്നു ലക്ഷം രൂപയോളം പിഴ; കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരേ നടപടി കടുപ്പിച്ച് ഒമാൻ