ഷാർജ: നാട്ടിലേക്കു തിരിക്കാൻ കാറിൽ സാധനം വെക്കവെ ബന്ധുവിന്‍റെ കാറിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. ഷാർജയിലെ അൽ താവൂൺ പ്രദേശത്താണ് അപകടം നടന്നത്. ഒക്ടോബർ അഞ്ചിനാണ് അപകടം നടന്നത്. രണ്ടു കാറുകളിലായി സംഘം വിമാനത്താവളത്തിലേക്ക് പോകാൻ ഒരുങ്ങവെ അബദ്ധത്തിൽ മുന്നോട്ടെടുത്ത കാറിടിച്ചാണ് അപകടം.
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് അമ്പതുകാരന് ദാരുണാന്ത്യമുണ്ടായത്. വർഷങ്ങളോളം
ഷാർജയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ യാത്രയാക്കാനായി രണ്ടു കാറുകളിൽ വിമാനത്താവളത്തേക്ക് തിരിക്കാൻ തയ്യാറായി കിടക്കുകയായിരുന്നു. ഒരു കാറിന്‍റെ ഡിക്കിയിൽ ലഗേജുകൾ എടുത്തുവെക്കുകയായിരുന്നു നാട്ടിലേക്കു മടങ്ങേണ്ടയാൾ.
ഇതേ കാറിന്‍റെ സമീപത്തു പാർക്കു ചെയ്തിരുന്ന മറ്റൊരു കാറിൽ ബന്ധു ഉൾപ്പടെ യാത്ര തിരിക്കാൻ തയ്യാറായിരുന്നു. എന്നാൽ കാർ അബദ്ധത്തിൽ മുന്നോട്ടുനീങ്ങുകയും അമ്പതുകാരനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സമീപത്തെ സൈൻ ബോർഡ് ഇടിച്ചു തെറിപ്പിച്ചശേഷമാണ് കാർ നിന്നത്.
അപകടത്തിൽ കാർ ഓടിച്ചിരുന്നയാൾക്ക് സാരമായി പരിക്കേറ്റു. ഇയാൾ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച്
ബുഹൈറ പോലീസ് സ്റ്റേഷൻ അന്വേഷണം നടത്തുന്നു. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്കു കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.