ആട്ടിടയനായി ഗള്‍ഫിലെത്തി; കാര്യമായ സമ്പാദ്യമൊന്നുമില്ലാതെ മലപ്പുറം സ്വദേശി കണ്ടുതീര്‍ത്തത് 13 രാജ്യങ്ങള്‍

Last Updated:

കൈയ്യില്‍ കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 13 ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഈ മലപ്പുറം താനൂര്‍ സ്വദേശി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
2002ൽ കുവൈത്തില്‍ ആട്ടിടയനായി എത്തിയതാണ് സലാം അമാസ്. വെറും 5,500 രൂപയായിരുന്നു അന്ന് സലാമിന്റെ ശമ്പളം. കഠിനാധ്വാനത്തിലൂടെയും ഏറെ കനല്‍വഴി താണ്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം സലാം ദുബായില്‍ ഡ്രൈവറായി ജോലിക്ക് കയറി. കൈയ്യില്‍ കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 13 ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഈ മലപ്പുറം താനൂര്‍ സ്വദേശി. 13 രാജ്യങ്ങള്‍ക്ക് പുറമെ എട്ട് ദ്വീപുകളും ഇദ്ദേഹം ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. പരിമിതമായ സ്രോതസ്സുകളും കൈയിലെ തുച്ഛമായ സമ്പാദ്യവുമെല്ലാം പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം തന്റെ യാത്രകളെല്ലാം നടത്തുന്നത്. കൈയ്യില്‍ കുറഞ്ഞ തുക സമ്പാദ്യമുള്ളവര്‍ക്കെല്ലാം യാത്രകള്‍ നടത്തുന്നതിന് സലാമിന്റെ യാത്രകള്‍ പ്രചോദനമാകുകയാണെന്ന് ഓണ്‍മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുച്ഛമായ വരുമാനവും ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി 2002ലാണ് സലാം കുവൈത്തിലെത്തുന്നത്. അവിവാഹിതരായ നാല് സഹോദരിമാര്‍ അടങ്ങുന്ന കുടുംബമായിരുന്നു അന്ന് സലാമിന്റേത്. 5.5 സെന്റ് സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്. ഇറാഖിനടുത്തുള്ള അബ്ദാലിയിലെ തരിശുഭൂമിയില്‍ ആട്ടിടയനായായിരുന്നു ഗള്‍ഫിലെ ജീവിതത്തിന്റെ തുടക്കം.
ഏകാന്തതയും കുറഞ്ഞ ശമ്പളവും മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളുമാണ് അന്ന് അദ്ദേഹത്തിന് കൂട്ട്. ഏകദേശം 5,500 രൂപയായിരുന്നു സലാമിന്റെ മാസ ശമ്പളം. ബെന്യാമിന്റെ ആടുജീവിതവുമായി അടുത്തുനില്‍ക്കുന്നതായിരുന്നു തന്റെ ജീവിതമെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. വൈകാതെ സലാം വാഹനനമോടിക്കാന്‍ വൈദഗ്ധ്യം നേടുകയും കുവൈത്തില്‍ ഡ്രൈവറായി ജോലിക്ക് കയറുകയും ചെയ്തു. ഒരു ബന്ധുവിന്റെ സഹായത്തോടെ 2005ല്‍ അദ്ദേഹം യുഎഇയിലേക്ക് താമസം മാറി. അവിടെ സലാമിന് മെച്ചപ്പെട്ട ശമ്പളം ലഭിച്ചു. ഈ വരുമാനം ഉപയോഗിച്ച് സഹോദരന്റെ സഹായത്തോടെ സലാം നാട്ടില്‍ നല്ലൊരു വീട് പണിയുകയും സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു.
advertisement
എക്‌സ്‌പോ 2020 ദുബായിൽ പങ്കെടുത്തതാണ് സലാമിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെ വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ പൂവിട്ടു. വൈകാതെ തന്നെ കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
കെനിയ, അസര്‍ബൈജാന്‍, ടാന്‍സാനിയ, ഉസ്‌ബെക്കിസ്താന്‍, സീഷല്‍സ്, കര്‍ഗിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും കിഷ്, ക്ലിം, ലെഡിഗു, മാഹി, പ്രസ്ലിന്‍, ഡാര്‍ എസ് സലാം, സാന്‍സിബാര്‍, കിളിമഞ്ചാരോ തുടങ്ങിയ ദ്വീപുകളിലേക്കും അദ്ദേഹം യാത്രകള്‍ നടത്തി. മിക്കുമി, മസായ് മാര ദേശീയോദ്യാനങ്ങളിലെ സഫാരികള്‍ തന്റെ ജീവിതത്തിലെ അമൂല്യമായ ഓര്‍മച്ചെപ്പുകളാണ് എന്ന് സലാം ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
വളരെ കൃത്യമായി ബജറ്റ് കണക്കൂകൂട്ടിയാണ് അദ്ദേഹം യാത്രകള്‍ പുറപ്പെട്ടിരുന്നത്. സുഹൃത്തുക്കളുടെയൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്തിരുന്നത്. യാത്രക്കാവശ്യമായ പണം കണ്ടെത്തുന്നതിന് അധികമായി ജോലി ചെയ്തു. യാത്രയ്ക്ക് ചെലവഴിക്കുന്ന തുകയുടെ കണക്കുകള്‍ അപൂര്‍വമായി മാത്രമാണ് കണക്കു കൂട്ടുന്നതെങ്കിലും ഇതുവരെ ഏകദേശം 5.93 ലക്ഷം രൂപ എല്ലാ യാത്രകൾക്കുമായി ചെലവഴിച്ചതായി അദ്ദേഹം കരുതുന്നു. താന്‍ നടത്തിയ യാത്രകളെയാണ് അദ്ദേഹം തന്റെ ഏറ്റവും വലിയ സമ്പാദ്യമായി സലാം കണക്കാക്കുന്നത്.
ഡ്രൈവര്‍ ജോലി ചെയ്യുന്നതിനാല്‍ ഇതിനിടെ അദ്ദേഹം നിരവധി പ്രശസ്തരായ വ്യക്തികളെ കണ്ടുമുട്ടിയിട്ടുണ്ട്. പലചരക്ക് കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അദ്ദേഹത്തിന് സിനിമാതാരം മോഹന്‍ലാലിനെ കാണാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചിരുന്നു. ഉമ്മ ആമിന ബീവി, ഭാര്യ ജസ്‌ന, കുട്ടികള്‍ എന്നിവര്‍ അടങ്ങുന്നതാണ് സലാമിന്റെ കുടുംബം. ഇവരെല്ലാം അദ്ദേഹത്തിന്റെ യാത്രകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇനി കുടുംബാംഗങ്ങളെക്കൂട്ടി ഒരു ആഡംബര വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരോത്സാഹവും കഠിനാധ്വാനവുമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ കഴിയുമെന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് സലാം അമാസ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആട്ടിടയനായി ഗള്‍ഫിലെത്തി; കാര്യമായ സമ്പാദ്യമൊന്നുമില്ലാതെ മലപ്പുറം സ്വദേശി കണ്ടുതീര്‍ത്തത് 13 രാജ്യങ്ങള്‍
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement