യുഎഇയിൽ 10 ദിവസം ശമ്പളത്തോടുകൂടിയ അവധി; പുതിയ വിവാഹ അവധി പ്രഖ്യാപിച്ചു

Last Updated:

അവധിക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹ ഉടമ്പടിയുടെ ഒരു പകര്‍പ്പ് ഒരു തവണ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ വിവാഹ അവധി നയം പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ദുബായില്‍ വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാര്‍ക്ക് പത്ത് ദിവസം മുഴുവന്‍ ശമ്പളത്തോടുകൂടിയ അവധിയാണ് നല്‍കുക.
ദുബായില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍, ജുഡീഷ്യല്‍ അധികാരികള്‍, സൈനിക ഉദ്യോഗസ്ഥര്‍, ഫ്രീ സോണുകളിലും പ്രത്യേക വികസന മേഖലകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററുകള്‍ (ഡിഐഎഒഫ്‌സി) പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് വിവാഹ അവധിക്ക് അര്‍ഹതയുണ്ടാകും.
ഈ അവധി ലഭിക്കാന്‍ ചില മാനദണ്ഡങ്ങളും ബാധകമാണ്. അവധിക്ക് അപേക്ഷിക്കുന്ന ജീവനക്കാരന്‍ പ്രൊബേഷന്‍ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. ഈ അവധിക്ക് അര്‍ഹത ലഭിക്കാന്‍ ജീവനക്കാരുടെ പങ്കാളി യുഎഇ പൗരന്‍ അല്ലെങ്കില്‍ പൗരയായിരിക്കണമെന്ന നിബന്ധനയുമുണ്ട്.  കൂടാതെ വിവാഹ ഉടമ്പടി രാജ്യത്തെ ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തുകയും ഇത് 2024 ഡിസംബര്‍ 31-ന് ശേഷം നടന്നിട്ടുള്ളതുമായിരിക്കണം. അവധിക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹ ഉടമ്പടിയുടെ ഒരു പകര്‍പ്പ് ഒരു തവണ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
advertisement
വിവാഹ അവധി ഒരുമിച്ചോ അല്ലെങ്കില്‍ ഘട്ടംഘട്ടമായോ ജീവനക്കാര്‍ക്ക് എടുക്കാനാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അവധിയെടുത്തിരിക്കണം. എന്തെങ്കിലും പ്രധാനപ്പെട്ട കാരണങ്ങളാല്‍ അവധി ആ കാലയളവില്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേലധികാരിയുടെ അനുമതിയോടെ അടുത്ത വര്‍ഷത്തേക്ക് നീട്ടി എടുക്കാം. എന്നാൽ അവധി മാറ്റിവെക്കുന്നതിന്റെ കാരണം കൃത്യമായിരിക്കണം. വിവാഹ അവധിയിലായിരിക്കുമ്പോള്‍ സൈനികരെ മാത്രമേ അടിയന്തര സാഹചര്യങ്ങളില്‍ ജോലിയിലേക്ക് തിരിച്ചുവിളിക്കാനാകൂ. ഇത്തരം സാഹചര്യങ്ങളിലും സൈനികര്‍ക്ക് അവധി പിന്നീട് ഉപയോഗപ്പെടുത്താനാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ എച്ച്ആര്‍ നയങ്ങള്‍ക്കനുസരിച്ച് ജീവനക്കാര്‍ക്ക് ഈ അവധി മറ്റ് അവധികളുമായി സംയോജിപ്പിക്കാനും കഴിയും. ഇനി ഒരു വകുപ്പില്‍ നിന്നും മറ്റൊരു വകുപ്പിലേക്ക് ജീവനക്കാരന്‍ സ്ഥലം മാറുകയാണെങ്കിലും വിവാഹ അവധി സംരക്ഷിക്കപ്പെടുകയും പുതിയ വകുപ്പിന് കീഴില്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്യും. അവധിയിലായിരിക്കുമ്പോള്‍ അലവന്‍സുകള്‍ ഒഴികെയുള്ള മുഴുവന്‍ ശമ്പളത്തിനും ജീവനക്കാരന് അര്‍ഹതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
advertisement
ജീവനക്കാരുടെ ക്ഷേമം, ജോലി-ജീവിത സന്തുലിതാവസ്ഥ, യുഎഇ പൗരന്മാരുടെ കുടുംബാന്തരീക്ഷത്തെ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ വിവാഹ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സാമൂഹിക ഐക്യത്തിലും പൗരമാരുടെ സന്തോഷത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടുനില്‍ക്കുന്നു.
ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ പുറത്തിറക്കും. ഭാവിയില്‍ ചെയര്‍മാന്റെ അംഗീകാരത്തിന് വിധേയമായി കൂടുതല്‍ മേഖലകളിലേക്ക് ജീവനക്കാര്‍ക്ക് കൂടി അവധി വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ 10 ദിവസം ശമ്പളത്തോടുകൂടിയ അവധി; പുതിയ വിവാഹ അവധി പ്രഖ്യാപിച്ചു
Next Article
advertisement
'യുഡിഎഫിനെ ശക്തിപ്പെടുത്താൻ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാർ'; സാദിഖലി ശിഹാബ് തങ്ങൾ
'യുഡിഎഫിനെ ശക്തിപ്പെടുത്താൻ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാർ'; സാദിഖലി ശിഹാബ് തങ്ങൾ
  • എൻഎസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.

  • ലീഗിന്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തലാണെന്നും, മധ്യസ്ഥതയ്ക്ക് ലീഗ് മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • എൻഎഎസ്എസിന്‍റെ സര്‍ക്കാര്‍ അനുകൂല നിലപാടിൽ രാഷ്ട്രീയ നീക്കങ്ങൾക്കും ചര്‍ച്ചകള്‍ക്കും സമയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement