ന്യൂഡൽഹി: കോവിഡ് വാക്സിൻ വ്യത്യസ്ത ഡോസുകൾ സ്വീകരിച്ചാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് രാജ്യത്തെ ഉന്നത കോവിഡ് 19 ഉപദേശകൻ ഡോ. വികെ പോൾ. വാക്സിൻ രണ്ട് ഡോസുകളും ഒരേ ഡോസ് തന്നെ സ്വീകരിക്കാൻ ശ്രദ്ധിക്കാമെങ്കിലും വ്യത്യസ്ത ഡോസുകൾ സ്വീകരിച്ചാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലുള്ള ഗ്രാമത്തിലെ ഇരുപതോളം പേർ വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകിയതിനെ കുറിച്ചുള്ള വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഉന്നത കോവിഡ് വിദഗ്ധന്റെ പ്രസ്താവന വന്നിരിക്കുന്നത്. സിദ്ധാർത്ഥ് നഗറിലെ ബദനി പ്രൈമറി ഹെൽത്ത് കെയർ സെന്ററിലാണ് ഇരുപതോളം പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കോവിഷീൽഡും രണ്ടാം ഡോസിൽ കോവാക്സിനും നൽകിയത്. വ്യത്യസ്ത വാക്സിൻ സ്വീകരിച്ചവർക്ക് ഇതുവരെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
You may also like:ആദ്യ ഡോസ് കോവിഷീല്‍ഡ് രണ്ടാമത് കോവാക്‌സിന്‍; ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഗുരുതര വീഴ്ച
വ്യത്യസ്ത ഡോസുകൾ സുരക്ഷിതമാണെന്നും ഇത് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും ഡോ. വികെ പോൾ വ്യക്തമാക്കി.
അതേസമയം, വാക്സിൻ മാറി നൽകിയത് അശ്രദ്ധയാണെന്നാണ് സിദ്ധാർത്ഥ് നഗറിലെ മുഖ്യ മെഡിക്കൽ ഓഫീസർ സന്ദീപ് ചൗധരി വ്യക്തമാക്കിയത്. വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വ്യക്തിക്ക് വാക്സിന്റെ ആദ്യ ഡോസ് ഏതാണോ ലഭിച്ചത് അതേ വാക്സിന്റെ രണ്ടാം ഡോസും ലഭിക്കേണ്ടതുണ്ട്. വാക്സിൻ മാറി നൽകിയതിൽ അന്വേഷണം നടക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
വാക്സിൻ മാറി നൽകിയ സംഭവത്തിൽ ഇതുമായി ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടാനും കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ ആദ്യ ആഴ്ച നല്‍കിയത് കോവിഷീല്‍ഡ് വാക്‌സിനും മേയ് 14ന് രണ്ടാമത്തെ ഡോസായി നല്‍കിയത് കോവാക്‌സിനും ആയിരുന്നു. 20 ഗ്രാമീണര്‍ക്ക് ആണ് വാക്‌സിന്‍ മാറി നല്‍കിയത്.
വാക്‌സിന്‍ എടുത്തതിന് ശേഷം തങ്ങളെ ആരോഗ്യ വകുപ്പില്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പരിശോധന നടത്തിയിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് രണ്ടാമത്തെ ഡോസായി കോവാക്‌സിനാണ് നല്‍കിയതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞതായും അവര്‍ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.