ന്യൂഡൽഹി: ആവശ്യമായ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹി ഗംഗാ റാം ആശുപത്രിയിൽ 25 കോവിഡ് രോഗികൾ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 25 രോഗികൾ മരിച്ചത്. രാവിലെ ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രാവിലെ എട്ടു മണിയോടെ നൽകിയ എസ് ഒ എസ് അലർട്ടിൽ ഇനി രണ്ടു മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ഉള്ളതെന്നും അറുപതിൽ അധികം രോഗികൾ ഗുരുതരാവസ്ഥയിൽ ആണെന്നും വ്യക്തമാക്കിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ ഓക്സിജൻ ടാങ്കറുകൾ ആശുപത്രിയിൽ എത്തുകയും ചെയ്തു.
'ഗുരുതരാവസ്ഥയിൽ ആയിരുന്ന 25 രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. വെന്റിലേറ്ററുകളും ബിപാപുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഐ സി യുവിലും വെന്റിലേറ്ററുകളിലും മാനുവൽ വെന്റിലേഷനെ ആശ്രയിക്കുന്നു. മറ്റ് അറുപത് രോഗികളുടെ നില ഗുരുതരാവസ്ഥയിലാണ്. അടിയന്തിരമായി ഇടപെടൽ ആവശ്യമാണ്' - ഗംഗ റാം മെഡിക്കൽ ഡയറക്ടർ രാവിലെ പ്രസ്താവനയിൽ വ്യക്തമാക്കി.
VIRAL VIDEO |എസ്കലേറ്ററിലൂടെ നിയന്ത്രണം വിട്ട് വീൽചെയർ താഴേക്ക്; വയോധികന് രക്ഷകയായി യുവതി
അതേസമയം, മെഡിക്കൽ ഡയറക്ടറിന്റെ അഭ്യർത്ഥനയെ തുടർന്ന് ഒരു ടാങ്കർ ഓക്സിജൻ എത്തിച്ചു. ഗംഗാറാം ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് അഞ്ഞൂറിലധികം കോവിഡ് രോഗികളാണ്. ഇതിൽ തന്നെ 142ലേറെ രോഗികൾ ഓക്സിജൻ ആവശ്യമുള്ള രോഗികളാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
COVID 19 | മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 13 രോഗികൾ വെന്തു മരിച്ചു
ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം കഴിഞ്ഞദിവസം രാത്രി തന്നെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്ന് സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, നഗരത്തിലെ ചില ചെറിയ ആശുപത്രികളും ഓക്സിജൻ ക്ഷാമം അഭിമുഖീകരിക്കുകയാണ്. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ നൽകാൻ ഇത്തരം ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. വലിയ ആരോഗ്യസ്ഥാപനങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെങ്കിലും ചെറുകിട ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്.
ഗുരുതരമായ COVID-19 രോഗികളെ ചികിത്സിക്കുന്നവരിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ആശുപത്രികൾക്ക് ഓക്സിജൻ നൽകണമെന്ന് ദില്ലി ഹൈക്കോടതി ബുധനാഴ്ച രാത്രി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.
അതേസമയം, വെള്ളിയാഴ്ച അതിരാവിലെ മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീ പിടുത്തത്തിൽ 13 രോഗികൾ വെന്തു മരിച്ചു. പൽഘാർ ജില്ലയിലെ വാശി വിഹാർ മുൻസിപ്പൽ പരിധിയിലുള്ള വിഹാറിലെ കോവിഡ് ആശുപത്രിയിലാണ് തീ പിടുത്തം ഉണ്ടായത്. വിഹാറിലെ വിജയ് വല്ലഭ് കോവിഡ് കെയർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.
പുലർച്ചെ മൂന്നു മണിയോടു കൂടിയാണ് ആശുപത്രി ഐ സി യുവിൽ തീപിടുത്തം ഉണ്ടായത്. അതേസമയം, തീപിടുത്തത്തെ തുടർന്ന് അവശനിലയിലായ മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ഐ സി യുവിലെ എ സി യൂണിറ്റിലെ ഷോർട് സർക്യൂട് ആണ് തീ പിടുത്തത്തിന് കാരണമായത് എന്നാണ് കരുതുന്നത്. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐ സി യുവിൽ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.