മൂന്ന് ദിവസം നീളുന്ന RSS വാര്‍ഷിക സമ്മേളനം ജൂലൈ 13ന് ഊട്ടിയില്‍ ആരംഭിക്കും
- Published by:user_57
- news18-malayalam
Last Updated:
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിക്കെ, ന്യൂനപക്ഷങ്ങളോടുള്ള ആർഎസ്എസിന്റെ ഇടപടലും വാർഷിക യോഗത്തിൽ വിലയിരുത്തിയേക്കും
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ഈ വർഷത്തെ വാർഷിക പ്രാന്ത് പ്രചാരക് യോഗം തമിഴ്‌നാട്ടിലെ ഊട്ടിയിൽ നാളെ (ജൂലൈ 13) ആരംഭിക്കും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ആർഎസ്എസിന്റെ വിവിധ ശാഖകൾ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനം വിലയിരുത്തുന്നതിനു പുറമെ 2025ൽ നടക്കുന്ന സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പദ്ധതികളും യോഗം അവലോകനം ചെയ്യും.
ജൂലൈ 13 മുതൽ 15 വരെ നടക്കുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘത്തിന്റെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ, കൂടുതൽ ഇടങ്ങളിലേക്ക് ആർഎസ്എസിന്റെ വ്യാപ്തി വർധിപ്പിക്കുക, പ്രവർത്തനം കുറഞ്ഞതോ പരിമിതമായതോ ആയ പ്രദേശങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും ഊന്നൽ നൽകുക.
ഈ വർഷം നടന്ന ആർഎസ്എസ് പരിശീലന ക്യാംപായ സംഘ് ശിക്ഷാ വർഗിനെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യും. കൂടാതെ, സംഘടനയുടെ വിപുലീകരണവും നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള കർമപദ്ധതികളുടെ പുരോഗതിയും വിലയിരുത്തും. ശാഖാ തലത്തിലുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും അടുത്ത നാല്, അഞ്ച് മാസത്തേക്കുള്ള സംഘടനാ പരിപാടികളും പ്രവർത്തനങ്ങളും സമകാലിക വിഷയങ്ങളും ചർച്ച ചെയ്യാനും യോഗം ലക്ഷ്യമിടുന്നതായി ആർഎസ്എസ് വക്താവും അഖില ഭാരതീയ പ്രചാർ പ്രമുഖുമായ സുനിൽ അംബേദ്കർ പറഞ്ഞു.
advertisement
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആർഎസ്എസിന്റെ വാർഷിക സമ്മേളനം നടക്കുന്നത്. പതിറ്റാണ്ടുകളായുള്ള ആർഎസ്എസിന്റെ ആവശ്യങ്ങളിലൊന്നാണിത്. ദേശീയ ജനസംഖ്യാനയം കൊണ്ടുവരാനും ഏറെ നാളായി ബിജെപിയുടെ മേൽ സംഘടന സമ്മദർദം ചെലുത്തുന്നുണ്ട്.
ഇന്ത്യയിലെ ജനസംഖ്യാ വർധനവിനെക്കുറിച്ച് തന്റെ പ്രസംഗങ്ങളിലൂടെ ഒട്ടേറെത്തവണ മോഹൻ ഭാഗവത് ആശങ്ക അറിയിച്ചിട്ടുണ്ട്. ജനസംഖ്യാ വർധനവ് പ്രകൃതി വിഭവങ്ങളുടെ മേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം തന്റെ വിജയദശമി ദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ജനസംഖ്യയിലുണ്ടാകുന്ന വർധന ഭൂമിശാസ്ത്രപരമായ അതിരുകളിൽ മാറ്റം വരുത്തും. ജനസംഖ്യാനിയന്ത്രണവും മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സ്ഥിരതയും പ്രധാനപ്പെട്ട വിഷയമാണ്. ഇത് ദീർഘകാലത്തേക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങളും പ്രതികരണങ്ങളും നിയമ കമ്മീഷൻ തേടിക്കൊണ്ടിരിക്കുകയാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയ്ക്കായി രാജ്യത്തെ മുഴുവൻ വിഭാഗം ജനങ്ങൾക്കും ഒരു നിയമം എന്നതാണ് ഏക സിവിൽ കോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തെ പല വിഭാഗം ജനങ്ങൾക്കും പല നിയമങ്ങൾ നിലനിൽക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്.
ഏക സിവിൽ കോഡിന്റെ കാര്യത്തിൽ രാജ്യത്തെ മുസ്ലീം ജനത തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മധ്യപ്രദേശിൽ കഴിഞ്ഞ മാസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഏക സിവിൽ കോഡിന്റെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. ഒരു വീട്ടിൽ ഓരോരുത്തർക്കും ഓരോ നിയമങ്ങളാണെങ്കിൽ ആ വീട് എങ്ങനെ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.
advertisement
ഏക സിവിൽകോഡ് നടപ്പാക്കുക, ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം 370 നീക്കം ചെയ്യുക, അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുക, രാജ്യമെമ്പാടും ഗോവധം നിരോധിക്കുക എന്നിവയെല്ലാം ബിജെപിയുടെയും ആർഎസ്എസിന്റെയും വർഷങ്ങളായുള്ള ആവശ്യങ്ങളാണ്.
മെയ്റ്റീസ് വിഭാഗത്തെ പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും ആർഎസ്എസ് വാർഷിക സമ്മേളനത്തിൽ ചർച്ചയായേക്കും. നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംസ്ഥാനത്തെ ഈ വിഷയത്തിൽ ആദിവാസി സമൂഹങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആർഎസ്എസ് ശാഖയായ വനവാസി കല്യാൺ ആശ്രമം (വികെഎ) ഇടപെടലുകൾ നടത്തുന്നത് തുടരുമെന്നാണ് കരുതുന്നത്. ജനുവരിയിൽ നടന്ന വികെഎ വാർഷിക യോഗത്തിൽ, രാഷ്ട്രീയ സമ്മർദങ്ങൾക്ക് പകരം സമുദായങ്ങൾക്ക് പട്ടിക വർഗ പദവി നൽകുന്നതിനുള്ള വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചിരുന്നു. പട്ടിക വർഗ വിഭാഗത്തിൽ ചേർക്കുന്നത് സംബന്ധിച്ചുള്ള നടപടി ക്രമം കൃത്യമായി നിർവചിച്ചിട്ടുള്ളതിനാൽ, തിരഞ്ഞെടുപ്പ് പരിഗണനകളോ രാഷ്ട്രീയ നേട്ടങ്ങളോ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് പകരം സംസ്ഥാന സർക്കാരുകൾ അതിൽ ഉറച്ചു നിൽക്കണമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വികെഎ ഭാരവാഹി പറഞ്ഞു.
advertisement
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിക്കെ, ന്യൂനപക്ഷങ്ങളോടുള്ള ആർഎസ്എസിന്റെ ഇടപടലും വാർഷിക യോഗത്തിൽ വിലയിരുത്തിയേക്കും. ആർഎസ്എസിനെ ന്യൂനപക്ഷ വിരുദ്ധരായി കാണുന്ന കാഴ്ചപ്പാട് മാറ്റുന്നതിനായി മോഹൻ ഭാഗവത് ഡൽഹിയിലെ ഒരു മദ്രസ സന്ദർശിക്കുകയും സമുദായ പ്രതിനിധികളെ കാണുകയും ചെയ്തിരുന്നു.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബിൾ, ജോയിന്റ് ജനറൽ സെക്രട്ടറിമാരായ കൃഷ്ണ ഗോപാൽ, മൻമോഹൻ വൈദ്യ, സിആർ മുകുന്ദ, അരുൺ കുമാർ, രാംദത്ത് എന്നിവരും വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. പ്രാന്ത് പ്രചാരകർ അവരുടെ പ്രതിനിധികൾ, ആർഎസ്എസിന്റെ വിവിധ ശാഖകളുടെ സംഘടനാ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 12, 2023 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്ന് ദിവസം നീളുന്ന RSS വാര്‍ഷിക സമ്മേളനം ജൂലൈ 13ന് ഊട്ടിയില്‍ ആരംഭിക്കും