ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമക്ക് പിന്നാലെ സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെയും കേന്ദ്ര സർക്കാർ നീക്കി. അസ്താനക്ക് പുറമെ സിബിഐ ഉന്നത ഉദ്യോഗസ്ഥരായ എ.കെ. ശർമ, എം.കെ. സിൻഹ, ജയന്ത് നായിക്നാവരെ എന്നിവരെയും മാറ്റി. രാവിലെ ചേർന്ന ക്യാബിനറ്റ് സെലക്ഷൻ സമിതിയുടേതാണ് തീരുമാനം.
അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിയത്. എ.കെ. ശർമയെ സിആർപിഎഫ് അഡീ. ഡയറക്ടർ ജനറലായും എം.കെ. സിൻഹയെ പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്യൂറോയിലേക്കുമാണ് മാറ്റിയത്. പുതിയ സിബിഐ മേധാവിയെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 24ന് യോഗം ചേരാനിരിക്കെയാണ് അസ്താനയെയും മറ്റുള്ളവരെയും മാറ്റിയത്.
അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സുപ്രീംകോടതി പുനർനിയമിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അലോക് വർമയെ നീക്കിയതിനെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. താൽക്കാലിക ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു. ജനുവരി പത്തിന് നാഗേശ്വർ റാവുവിനെ നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.