ലക്‌നൗ: വിവാഹത്തിന് പിന്നാലെ വരന്‍റെ കരണത്ത് അടിച്ചു വധു ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ജാന്‍പൂര്‍ ജില്ലയിലാണ് വിവാഹ ചടങ്ങിന് ശേഷം നാട്ടുകാരെ അമ്പരപ്പിലാക്കി, വരനെ കൈയ്യേറ്റം ചെയ്തു വധു ഇറങ്ങിപ്പോയത്. ഭര്‍തൃവീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഒരു പ്രകോപനവും സംസാരവുമൊന്നും എല്ലാതെ എല്ലാവരും നോക്കിനില്‍ക്കെ വധു വരന്‍റെ മുഖത്തടിക്കുകയായിരുന്നു. കരണത്ത് അടികൊണ്ട് വരൻ ആദ്യമൊന്ന് പകച്ചു. തുടര്‍ന്ന് തൊട്ടടുത്ത ഹാളിലെ ഡ്രസിങ് മുറിയിൽ കയറിയ വധു വിവാഹവസ്ത്രങ്ങള്‍ അഴിച്ചുവച്ച് സാധാരണ വേഷത്തില്‍ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഇത്രയൊക്കെ സംഭവിച്ചിട്ടും എന്താണ് കാരണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നാട്ടുകാർ. വരന്‍റെ വീട്ടുകാർ വിവാഹത്തിനായി വധുവിന്‍റെ വീട്ടിൽ എത്തിയപ്പോഴും, വിവാഹം നടന്നപ്പോഴും അസ്വാഭാവികമായി ഒന്നും ഉണ്ടായില്ല. എന്നാൽ വരന്‍റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ്, വധു വരന്‍റെ കരണത്തടിച്ചത്. വരന്‍റെ വീട്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. വരന് മറ്റൊരു സ്ത്രീയുമായി അടുപ്പതിലാണെന്ന് മനസിലാക്കിയതോടെയാണ് വധു ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നാണ് വിവരം. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവത്തിൽ കാമുകിയുടെ വിവാഹ വാർത്തയറിഞ്ഞെത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിണ്ടിഗൽ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ(21) ആണ് കൊല്ലപ്പെട്ടത്. കാറ്ററിങ് വിദ്യാർത്ഥിയായ ഭാരതിരാജ സിരുമലൈയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെൺകുട്ടിയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ.
You may also like:കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച; കൊടി സുനിയുടെ പങ്കും അന്വേഷിക്കുന്നു
ഗുരുതരമായി പരിക്കേറ്റ ഭാരതിരാജയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞെത്തിയ നാതം പൊലീസ് കേസെടുത്തു. ഭാരതിരാജയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
പരമേശ്വരിയുടെ ബന്ധുക്കൾ ഗൂഢാലോചന നടത്തിയാണ് ഭാരതിരാജയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ പിതാവ് സേതുരാജൻ ആരോപിച്ചു. ഭാരതിരാജയെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സേതുരാജൻ ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bride, Bride beaten Groom, Groom, Uttarpradesh, Wedding