ഗുജറാത്തിൽ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ മദ്യവും കോണ്ടവും; പിള്ളേരല്ലേ, വളരുന്ന പ്രായമല്ലേ വിട്ടുകളയെന്ന് മാതാപിതാക്കള്‍
- Published by:Sarika N
- news18-malayalam
Last Updated:
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പല സ്‌കൂളുകളും അപ്രതീക്ഷിതമായ ബാഗ് പരിശോധനകള്‍ നടത്തി വരികയാണ്
ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. ഇതിന് ശേഷം ഗുജറാത്തിലുടനീളമുള്ള സ്‌കൂളുകളിൽ കുട്ടികളുടെ ബാഗുകള്‍ ദിവസവും പരിശോധിക്കാന്‍ അധ്യാപകരെ നിര്‍ബന്ധിതരാക്കി. സുരക്ഷ ഉറപ്പാക്കാന്‍ പല സ്‌കൂളുകളും അപ്രതീക്ഷിതമായ ബാഗ് പരിശോധനകള്‍ നടത്തി വരികയാണ്.
ബാഗ് പരിശോധനയില്‍ പല ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുസ്തകങ്ങളും ഉച്ചഭക്ഷണം കൊണ്ടുവരുന്ന ചോറ്റുപാത്രങ്ങളും കൂടാതെ, മൊബൈല്‍ ഫോണുകള്‍, സിഗരറ്റുകള്‍, വേപ്പുകള്‍, മദ്യം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ബ്ലേഡുകള്‍, കോണ്ടം എന്നിവയെല്ലാം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ തങ്ങളുടെ കുട്ടികള്‍ തങ്ങളെ അനുസരിക്കാറില്ലെന്ന് ചിലർ അധ്യാപകരെ അറിയിച്ചു. അതേസമയം ഒരു വിഭാഗം മാതാപിതാക്കള്‍ ഇതൊക്കെ കുട്ടികള്‍ വളരുന്നതിന്റെ ഒരു ഭാഗം മാത്രമാണെന്ന് അധ്യാപകരോട് പറഞ്ഞു.
കൊലപാതക കേസ് സംസ്ഥാന വ്യാപകമായി കുട്ടികളുടെ ബാഗ് പരിശോധനയ്ക്ക് വഴിയൊരുക്കി
വിദ്യാര്‍ഥിയുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് കുട്ടികളുടെ ബാഗ് പരിശോധന വ്യാപകമാക്കിയത്. ''ഇത് ആശ്ചര്യപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നതുമാണ്. വിദ്യാര്‍ഥികളുടെ ജീവിതം അവരുടെ ക്ലാസിലെ പഠനത്തിനപ്പുറം എത്രത്തോളം വ്യാപിച്ചുകിടക്കുന്നുവെന്ന് ഇത് കാണിക്കുന്നു. പുസ്തകങ്ങളും ടിഫിന്‍ ബോക്‌സുകളും മാത്രം പ്രതീക്ഷിച്ചിടത്ത് മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലൈറ്ററുകള്‍, സിഗരറ്റുകള്‍, വേപ്പുകള്‍, ഒരു കേസില്‍ വാട്ടര്‍ ബോട്ടിലിനുള്ളില്‍ മദ്യം എന്നിവയും കണ്ടെടുത്തു,'' ഒരു സ്‌കൂള്‍ പ്രിന്‍സിപ്പൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വൈറ്റ്‌നറുകള്‍, ലിപ്സ്റ്റിക്കുകള്‍, കണ്‍മഷി, നെയില്‍ ഫില്ലറുകള്‍, ഡിയോഡറന്റുകള്‍, ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, കോണ്ടം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ പോലും കണ്ടെത്തിയതായി മറ്റൊരു പ്രിന്‍സിപ്പൾ പറഞ്ഞു.
advertisement
വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ കത്രിക, റൗണ്ടറുകള്‍ എന്നിവ കൊണ്ടുവരുന്നതിന് ഒരു സ്‌കൂള്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ രേഖാമൂലം പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ അല്ലാതെ ഇവ കൊടുത്തുവിടരുതന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ക്ക് പുറമെ ചീട്ട്, പ്രണയ-അശ്ലീല നോവലുകള്‍, വിലകൂടിയ പേനകള്‍, ആഭരണങ്ങള്‍, വ്യക്തിഗത ഡയറിക്കുറിപ്പുകള്‍, പണം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ട്
കുട്ടികളില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ പിടിച്ചെടുക്കുമ്പോള്‍ തന്നെ അക്കാര്യം മാതാപിതാക്കളെ അറിയിക്കാറുണ്ട്. പിടിഎ യോഗത്തില്‍വെച്ച് ഇത്തരം വസ്തുക്കള്‍ മാതാപിതാക്കള്‍ക്ക് കൈമാറും. തങ്ങളുടെ കുട്ടികള്‍ തങ്ങളെ അനുസരിക്കാറില്ലെന്ന് ചില മാതാപിതാക്കള്‍ പറയാറുണ്ട്. എന്നാല്‍, കുട്ടികളുടെ പക്കല്‍ നിന്ന് അശ്ലീല പുസ്തകങ്ങള്‍ കണ്ടെത്തുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന മാതാപിതാക്കളുമുണ്ട്. അത് അവരുടെ വളര്‍ച്ചയുടെ ഭാഗമാണെന്ന് അവര്‍ പറയുന്നു, ഒരു പ്രിൻസിപ്പൾ പറഞ്ഞു.
advertisement
കുട്ടികളെ സമപ്രായക്കാരും മാധ്യമങ്ങളും വലിയ തോതില്‍ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന മനഃശാസ്ത്രജ്ഞനായ ഡോ. പ്രശാന്ത് ഭീമാനി പറഞ്ഞു. ''ഒരു വിദ്യാര്‍ഥി അസാധാരണമായ എന്തെങ്കിലും ക്ലാസില്‍ കൊണ്ടുവന്നാല്‍ മറ്റുള്ളവരും അത് അനുകരിക്കാന്‍ ശ്രമിക്കും. ജനപ്രിയ സംഗീത പരിപാടികള്‍, ടിവി ഷോകള്‍, വെബ് സീരീസ് എന്നിവയില്‍ മുതിര്‍ന്നവരുടെ ശീലങ്ങളെ സാധാരണകാര്യം പോലെ അവതരിപ്പിക്കും. എന്നാല്‍ കൗമാരക്കാരെ ഇത് സ്വാധീനിക്കും. അവരെയും അത് ആവര്‍ത്തിക്കാന്‍ പ്രലോഭിപ്പിക്കും'', അദ്ദേഹം പറഞ്ഞു.
അക്രമാസക്തമായ ഉള്ളടക്കങ്ങള്‍ നിരന്തരം കാണുന്നത് കുട്ടികളുടെ ചിന്താഗതിയെ സ്വാധീനിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. സ്വയം പ്രതിരോധത്തിന് ബ്ലേഡുകള്‍, പേപ്പര്‍ കട്ടറുകള്‍ പോലെയുള്ള സാധനങ്ങള്‍ കൊണ്ടുപോകേണ്ടത് ആവശ്യമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. വീട്ടില്‍ മദ്യമോ സിഗരറ്റോ മുതലായവ കാണുമ്പോള്‍ കുട്ടികളും അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
September 19, 2025 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുജറാത്തിൽ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ മദ്യവും കോണ്ടവും; പിള്ളേരല്ലേ, വളരുന്ന പ്രായമല്ലേ വിട്ടുകളയെന്ന് മാതാപിതാക്കള്‍