സോണിയയുടെ മണ്ഡലത്തിൽ എംപി ഫണ്ട് ചെലവഴിക്കാൻ ജെയ്റ്റ്‌ലി
Last Updated:
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ എംപി ഫണ്ട് വിനിയോഗിക്കാനുള്ള അരുൺ ജെയ്റ്റ്‌ലിയുടെ നീക്കം ചർച്ചയാകുന്നു. ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയായ ജെയ്റ്റ്‌ലി റായ്ബറേലി ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് എംപി ഫണ്ട് അവിടെ ചെലവഴിക്കാൻ ഒരുങ്ങുന്നതെന്നാണ് ബിജെപിയുടെ വാദം. ഇത്രയുംകാലം എംപിയായിരുന്നിട്ടും സോണിയ വേണ്ടരീതിയിൽ റായ്ബറേലിയിൽ വികസനപ്രവർത്തനങ്ങൾക്ക് എംപി ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയ്ക്ക് പ്രാമുഖ്യം നൽകുന്നതാണ് റായ്ബറേലിയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും ഉത്തർപ്രദേശിലെ ബിജെപി വക്താവ് പറയുന്നു.
നവംബർ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച അരുൺ ജെയ്റ്റ്‌ലി റായ്ബറേലി സന്ദർശിച്ച് അവിടെ നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും, അതിനുശേഷം അതിവേഗം തുക ചെലവഴിക്കുകയും ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്. ഇതിനോടകം ജെയ്റ്റ്‌ലിയുടെ ഫണ്ടിൽനിന്ന് രണ്ടരക്കോടിക്കുള്ള പദ്ധതി നിർദേശം ബിജെപി സംസ്ഥാനഘടകം തയ്യാറാക്കിയതായാണ് വിവരം.
രാജ്യസഭാ അംഗങ്ങൾക്ക് കളക്ടർ മുഖേന ജില്ലകളിലെ വികസനപ്രവർത്തനങ്ങൾക്കായി പ്രതിവർഷം അഞ്ച് കോടി രൂപ വരെ ചെലവഴിക്കാം. സാധാരണഗതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനങ്ങളിലെ ഒന്നോ രണ്ടോ ജില്ലകളിലായാണ് രാജ്യസഭാ എംപിമാർ വികസനപ്രവർത്തനങ്ങൾക്കായുള്ള എംപി ഫണ്ട് വിനിയോഗിക്കുന്നത്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയ ഗാന്ധിക്കെതിരെ അരുൺ ജെയ്റ്റ്‌ലി മത്സരിച്ചേക്കുമെന്ന റിപ്പോർട്ട് ബിജെപി തള്ളിക്കളഞ്ഞു. ജെയ്റ്റ്‌ലി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിൽ അവരെ ദുർബലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കുമെന്നും ബിജെപി പറയുന്നു.
advertisement
ഉത്തർപ്രദേശിൽനിന്ന് പരമാവധി സീറ്റുകൾ നേടി അധികാരം നിലനിർത്തുന്നതിനുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. ആകെ 80 ലോക് സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽനിന്ന് 73ലേറെ സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്. 2014ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് 71 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ട് സീറ്റ് ലഭിച്ചു. സമാജ് വാദി പാർട്ടിക്ക് അഞ്ച് സീറ്റും കോൺഗ്രസിന് രണ്ടു സീറ്റുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദശിൽനിന്ന് ലഭിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 5:05 PM IST