ബെംഗളൂരു: ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് കാന്റീൻ കത്തിച്ച സംഭവത്തിൽ അഞ്ചു ബജ്റംഗ് ദൾ പ്രവർത്തകർ അറസ്റ്റിലായി. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. കാർത്തിക്, രഘു, ദീപു, പ്രതാപ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ ബജ്റംഗ്ദൾ യൂണിറ്റ് പ്രസിഡന്‍റാണ് കാർത്തിക്. കർണാടകയിലെ ഹസൻജില്ലയിൽ സക്ലേഷ്പുർ എന്ന സ്ഥലത്താണ് സംഭവം. രണ്ട് സ്ത്രീകൾ നടത്തിവന്ന ക്യാന്‍റീനാണ് ബീഫ് പാകംചെയ്തുവെന്ന് ആരോപിച്ച് അഗ്നിക്ക് ഇരയാക്കിയത്.
ഇക്കഴിഞ്ഞ ജനുവരി 31നാണ് സക്ലേഷ്പുരിലെ എ.പി.എം.സി മൈതാനത്തിന് സമീപത്തുള്ള ക്യാന്‍റീനാണ് തീവെച്ച് നശിപ്പിച്ചത്. 70കാരിയായ ഖമറുന്നിസയും മരുമകൾ ഷമീമും ചേർന്നു നടത്തുന്ന ക്യാന്‍റീനാാണ് നശിപ്പിച്ചത്. സംഭവം അറിഞ്ഞ് ഖമറുന്നിസയുടെ മകനും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് സ്ഥലത്തെത്തിയെങ്കിലും ക്യാൻറീൻ പൂർണമായി കത്തിനശിച്ചിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്യാന്‍റീനിൽ ബീഫ് പാകം ചെയ്തില്ലെന്ന് വ്യക്തമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് അഞ്ച് പേർ അറസ്റ്റിലായത്. അറസ്റ്റ് വിവരം ഹസൻ എസ്.പി A.N പ്രകാശ് ഗൌഡ ന്യൂസ് 18നോട് സ്ഥിരീകരിച്ചു. സക്ലേഷ്പുരിലെ രാഘവേന്ദ്ര നഗറിലെ താമസക്കാരാണ് ഖമറുന്നിസയും കുടുംബവും. വർഷങ്ങളായി ഇരുവരും സക്ലേഷ്പുരിലെ എ.പി.എം.സി മൈതാനത്തിന് സമീപം ക്യാന്‍റീൻ നടത്തിവരുകയായിരുന്നു. ചിക്കൻ, മട്ടൻ, മൽസ്യം തുടങ്ങിയ നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യാറുണ്ടായിരുന്നെങ്കിലും ഇതുവരെ ബീഫ് വിഭവങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ഖമറുന്നിസ പറയുന്നു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ഖമറുന്നിസ ആരോപിച്ചു. സംഭവദിവസം രാത്രി 11 മണിവരെ മൊഴിയെടുക്കാനെന്ന പേരിൽ തങ്ങളെ സ്റ്റേഷനിൽ ഇരുത്തിയെന്നും അവർ പറയുന്നു. ഒരുദിവസത്തിന് ശേഷമാണ് കൃത്യമായ അന്വേഷണം പൊലീസ് ആരംഭിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.