പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിഹാർ സർക്കാർ. സുശാന്തിന്‍റെ കുടുംബം അഭിഭാഷകനായ വികാസ് സിംഗ് വഴി സമർപ്പിച്ച അഭ്യര്‍ഥന മാനിച്ചാണ് സര്‍ക്കാർ ഇടപെടൽ എന്നാണ് സിഎൻഎൻ ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈ പൊലീസ് അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് സുശാന്തിന്‍റെ കുടുംബം ജന്മനാടായ ബീഹാറിൽ പരാതി നൽകിയത്. താരത്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത പട്ന പൊലീസ് സംഘം അന്വേഷണത്തിനായി മുംബൈയിൽ എത്തുകയും ചെയ്തു. എന്നാൽ ഇവർക്ക് മുംബൈ പൊലീസിന്‍റെ സഹകരണം ലഭിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ തയ്യാറാകുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.
കേസ് അന്വേഷണത്തിന് നേതൃത്വം നൽകാനെത്തിയ പട്ന എസ്പി വിനയ് തിവാരിയെ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർബന്ധിത ക്വറന്‍റീനിലാക്കിയതും വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്.. ആ സാഹചര്യത്തിൽ കൂടിയാണ് അന്വേഷണം മുംബൈ പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ബിഹാർ സർക്കാർ തന്നെ ഉന്നയിച്ചിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.