ആർഎസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സർദാർ പട്ടേൽ നൽകിയ കത്ത് ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖാർഗെ; തിരിച്ചടിച്ച് ബിജെപി
- Published by:meera_57
- news18-malayalam
Last Updated:
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടികളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിരോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) പരിപാടികളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിരോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge) ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ, മതേതര ചട്ടക്കൂട് സംരക്ഷിക്കുന്നതിനായി സർദാർ വല്ലഭായ് പട്ടേൽ ഒരിക്കൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് ഓർമപ്പെടുത്തിയാണ് ഖാർഗെ ഈ ആവശ്യം ഉന്നയിച്ചത്.
"ആർഎസ്എസിനെ നിരോധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സർക്കാർ സർവീസിലായിരിക്കുമ്പോൾ ഒരാൾ ആർഎസ്എസിനായി പ്രവർത്തിക്കരുതെന്ന് സർദാർ പട്ടേൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹം സർക്കാർ ജീവനക്കാരെ വിലക്കിയിരുന്നു. ഈ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
സർദാർ പട്ടേലിന്റെ 150ാം ജന്മവാർഷികത്തിൽ അദ്ദേത്തെ അനുസ്മരിച്ച ഖാർഗെ, പട്ടേൽ രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ജവഹർലാൽ നെഹ്‌റു വിശ്വസിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
advertisement
"സർദാർ പട്ടേലിന്റെ സംഭാവനകൾ വളരെ വലുതാണെന്ന് ജവഹർലാൽ നെഹ്‌റു വിശ്വസിച്ചിരുന്നു. 1948 ഫെബ്രുവരി നാലിന് സർദാർ പട്ടേൽ ആർഎസ്എസിനെക്കുറിച്ച് ഒരു കത്തിൽ എഴുതി. ആർഎസ്എസ് ഗാന്ധിജിയുടെ മരണം ആഘോഷിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു," ഖാർഗെ പറഞ്ഞു.
ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും പ്രത്യയശാസ്ത്രങ്ങൾ സൃഷ്ടിച്ച അന്തരീക്ഷമാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സർദാർ പട്ടേലിന് ലഭിച്ച റിപ്പോർട്ടുകളിൽ പറയുന്നതായും ഖാർഗെ പറഞ്ഞു.
തിരിച്ചടിച്ച് ബിജെപി
കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. പതിറ്റാണ്ടുകളോളം കോൺഗ്രസ് പാർട്ടി പട്ടേലിന്റെ പാരമ്പര്യത്തെ അവഗണിച്ചുവെന്നും ഇപ്പോൾ ആർഎസ്എസിനെ ലക്ഷ്യം വയ്ക്കാൻ മാത്രമാണ് ആ പേര് ഉപയോഗിക്കുന്നതെന്നും പറഞ്ഞു.
advertisement
"ഐഎൻസി എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല, അത് ഇന്ത്യൻ നാസി കോൺഗ്രസാണ്. അവരുടെ എല്ലാ ഗൂഢാലോചനകൾ ഉണ്ടായിട്ടും ആർഎസ്എസിനുള്ള വിലക്ക് കോടതി നീക്കി. ആർഎസ്എസ് ഒരു രാഷ്ട്രീയേതര സംഘടനയാണെന്നും സർക്കാർ ജീവനക്കാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാമെന്നും ഉത്തരവിട്ടു. എന്നാൽ കോൺഗ്രസിന് വളരെ അസഹിഷ്ണുതയുള്ളതിനാൽ അവർ പിഎഫ്‌ഐ, എസ്ഡിപിഐ, എംഐഎം എന്നിവയുടെ കലാപകാരികൾക്കൊപ്പം നിൽക്കുന്നു. രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആർഎസ്എസിനെതിരേ വിഷം വമിക്കുകയും ചെയ്യുന്നു'' ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. പട്ടേലിന്റെ തത്വങ്ങൾ പിന്തുടരുന്നതിനെ കുറിച്ച് കോൺഗ്രസ് സംസാരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ദർശനങ്ങലെയോ സംഭാവനകളെയോ അവർ ഒരിക്കലും ആദരിച്ചിട്ടില്ലെന്നും പൂനവാല കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 01, 2025 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആർഎസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സർദാർ പട്ടേൽ നൽകിയ കത്ത് ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖാർഗെ; തിരിച്ചടിച്ച് ബിജെപി


