ഛത്തീസ്ഗഢിൽ കോൺഗ്രസ് തിരിച്ചടിക്കുന്നു: ദീൻദയാലിനെ വെട്ടി, ഇന്ദിരയെയും രാജീവിനെയും തിരിച്ചെത്തിച്ചു
Last Updated:
രസകരമായ പകപോക്കല്‍ കൂടിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്
റായ്പൂര്‍: ഒന്നരപതിറ്റാണ്ട് നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഢിൽ അധികാരത്തിലെത്തിയത്. ബിജെപി ഭരണകാലത്ത് നടപ്പാക്കിയ സർക്കാർ പദ്ധതികളെല്ലാം ബിജെപി- സംഘപരിവാർ നേതാക്കളുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് ബിജെപി ഭരണവേളയില്‍ നടത്തിയ എല്ലാ മാറ്റങ്ങളും പൊളിച്ചെഴുതുകയാണ്. ഇതോടെ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അംബേദ്കറുമെല്ലാം ഛത്തീസ്ഗഡില്‍ തിരിച്ചെത്തിയിരിക്കുന്നു. രസകരമായ പകപോക്കല്‍ കൂടിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്.
ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലാണ് ബിജെപി ഭരണകൂടം പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസ് പുനര്‍നാമകരണം ചെയ്ത അഞ്ചു പദ്ധതികളും ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ളത് തന്നെ. ബിജെപി ഭരണത്തില്‍ ചെയ്ത പല കാര്യങ്ങളും പൊളിച്ചെഴുതുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായ ഉടനെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഇതിന് തുടക്കം കുറിച്ചു. നഗര ഭരണ-വികസന വകുപ്പിന്റെ കീഴിലുള്ള അഞ്ച് പദ്ധതികളുടെ പേരാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ മാറ്റിയത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഭരണഘടനാ ശില്‍പ്പി ബിആര്‍ അംബേദ്കര്‍ എന്നിവരുടെ പേരിലേക്കാണ് പദ്ധതികള്‍ പുനര്‍ നാമകരണം ചെയ്തത്.
advertisement
പണ്ഡിറ്റ് ദീൻദയാൽ സ്വാലംബൻ യോജനയുടെ പേര് രാജീവ് ഗാന്ധി സ്വാലംബൻ യോജന എന്നും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സർവസമാജ് മംഗളിക് ഭവൻ യോജനയുടെ പേര് ഡോ ബിആർ അംബേദ്കർ സർവസമാജ് മംഗളിക് ബവൻ യോജന എന്നുമാണ് മാറ്റിയത്. ഇതുപോലെ തന്നെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എൽഇഡി പഥ് പ്രകാശ് യോജന ഇന്ദിരാ പ്രിയദർശിനി എൽഇഡി പഥ് പ്രകാശ് യോജന എന്നും മാറ്റി. പണ്ഡിറ്റ് ദീൻദയാൽ അജീവിക കേന്ദ്ര യോജനയുടെ പേര് രാജീവ് ഗാന്ധി അജീവിക കേന്ദ്ര യോജന എന്നും പുനർനാമകരണം ചെയ്തു. ദീൻ ദയാലിന്റെ പേരിലുള്ള കുടിവെള്ള പദ്ധതിയുടെ പേരും ഇന്ദിരാ പ്രിയദർശിനിയുടെ പേരിലേക്ക് മാറ്റി.
advertisement
അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസ് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിങ് അറിയിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചരമവാര്‍ഷികം നടക്കുന്ന വേളയിലാണ് അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നതെന്നും രമണ്‍ സിങ് കുറ്റപ്പെടുത്തി. 'തിങ്കളാഴ്ചയായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായയുടെ ചരമവാര്‍ഷികം. അന്ന് രാത്രി തന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള അഞ്ച് പദ്ധതികളുടെയും പേര് മാറ്റിയത്. കോണ്‍ഗ്രസിന്റെ മാനസിക നിലവാരമാണ് ഇത് കാണിക്കുന്നത്. ശക്തമായ പ്രതിഷേധം ബിജെപി അറിയിക്കും'- രമണ്‍ സിങ് പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 12, 2019 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഛത്തീസ്ഗഢിൽ കോൺഗ്രസ് തിരിച്ചടിക്കുന്നു: ദീൻദയാലിനെ വെട്ടി, ഇന്ദിരയെയും രാജീവിനെയും തിരിച്ചെത്തിച്ചു









