ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ രാഹുല്‍ ഗാന്ധിയോട് അഭ്യർഥിച്ച് ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രചാരണ റാലിക്കിടെയാണ് ബിജെപിക്കെതിരെ ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് നേതാവിനോട് സ്റ്റാലിൻ ആവശ്യപ്പെട്ടത്. കേന്ദ്രം അഴിച്ചു വിടുന്ന രാസ-സാംസ്കാരിക ആക്രമണങ്ങൾക്കെതിരെ സംസ്ഥാനത്ത് തന്‍റെ പാർട്ടിയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം പോലെ ദേശീയ തലത്തിലും ഒരു സഖ്യം രൂപീകൃതമാവണമെന്നായിരുന്നു വാക്കുകൾ.
'സാമുദായിക- ഫാസിസ്റ്റ് ശക്തികൾ കാരണം ഇന്ത്യ ശ്വാസം മുട്ടുകയാണ്. അതിനെതിരെ രാജ്യത്തെ സംരക്ഷിക്കാൻ ഗാന്ധിക്ക് വലിയ ഉത്തരവാദിത്തമുണ്ട്' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്റ്റാലിന്‍റെ അഭ്യർഥന. രാഹുലിനെ സർ എന്ന് വിളിക്കുമ്പോൾ അത് തിരുത്ത് സഹോദരൻ എന്ന് വിളിക്കാൻ ആവശ്യപ്പെടും എന്ന കാര്യം പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു സ്റ്റാലിൻ തന്‍റെ അഭ്യർഥന മുന്നോട്ട് വച്ചത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിലെ എല്ലാ ഘടകങ്ങളുടെയും നേതാക്കൾ പങ്കെടുത്ത ആദ്യ റാലിയിൽ ആയിരുന്നു സ്റ്റാലിന്‍റെ അഭ്യർഥന. 'ഫാസിസ്റ്റ് ഗവൺമെന്റിന്റെ പിടിയിൽ ഇന്ത്യ നശിപ്പിക്കപ്പെടുകയാണ്. ഇപ്പോൾ രാജ്യത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. നിയമസഭയോ ലോക്‌സഭാ തെരഞ്ഞെടുപ്പോ ആകട്ടെ, തമിഴ്‌നാട്ടിലെ ഐക്യ മതേതര മുന്നണിയാണ് ബിജെപിയുടെ തുടച്ചു നീക്കൽ ഉറപ്പാക്കിയത്. ഈ തിരഞ്ഞെടുപ്പിലും ഇത് വീണ്ടും ആവർത്തിക്കും' ചടങ്ങിൽ സ്റ്റാലിൻ വ്യക്തമാക്കി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിൽ സെക്കുലർ പാർട്ടികൾ ഒത്തു ചേര്‍ന്നപ്പോൾ ബിജെപിക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല എന്നും ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സെക്കുലർ പ്രോഗസ്സീവ് സഖ്യം ബിജെപിയെ തുടച്ചു നീക്കുമെന്നും കൂട്ടിച്ചേർത്തു.
വരുന്ന ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കോൺഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരാട്ടം നടക്കുന്ന തമിഴ്നാട്ടിൽ കമൽഹാസന്‍റെ മക്കൾ നീതി മയ്യവും വെല്ലുവിളി ഉയർത്തി പ്രചാരണ പരിപാടികളില്‍ സജീവമാണ്. ബിജെപി, പാട്ടാളി മക്കൾ കക്ഷി, മുന്‍കേന്ദ്ര മന്ത്രി ജി.കെ.വാസന്‍റെ തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാർ), മറ്റ് ചില ചെറിയ പാർട്ടികൾ എന്നിവയുമായി സഖ്യം ചേർന്നാണ് ഭരണകക്ഷിയായ എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.