G-20 ഇനി ജി-21: സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍
- Published by:Anuraj GR
- trending desk
Last Updated:
എത്യോപ്യ ആസ്ഥാനമാക്കി 2002ലാണ് ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാപിക്കുന്നത്
ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു.
” ആഫ്രിക്കന്‍ യൂണിയന് ജി-20ല്‍ സ്ഥിരാംഗത്വം നല്‍കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു,” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇതോടെ സംഘടനയിലെ 21-ാമത് അംഗരാജ്യമായി ആഫ്രിക്കന്‍ യൂണിയന്‍ മാറും.
” എല്ലാവരുടെയും അംഗീകാരത്തോടെ സംഘടനയിലെ സ്ഥിരാംഗത്തിന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ തലവനോട് അഭ്യര്‍ത്ഥിക്കുന്നു,” എന്ന് മോദി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ലോകനേതാക്കള്‍ക്കിടയിലെ തന്റെ ഇരിപ്പിടത്തിലേക്ക് ആഫ്രിക്കന്‍ യൂണിയന്‍ മേധാവി അസലി അസൗമാനി എത്തുകയും ചെയ്തു.
advertisement
അതേസമയം ഗ്ലോബല്‍ സൗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ജി-20 സംഘടന പ്രാധാന്യം നല്‍കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.
എത്യോപ്യ ആസ്ഥാനമാക്കി 2002ലാണ് ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാപിക്കുന്നത്. റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ആഫ്രിക്കന്‍ യൂണിയന്റെ അധ്യക്ഷസ്ഥാനം നിശ്ചയിക്കുന്നത്. മൊത്തം 55 അംഗരാജ്യങ്ങളാണ് ഈ സംഘടനയ്ക്കുള്ളത്. എന്നാല്‍ പട്ടാളഭരണം നിലവിലുള്ള ആറ് രാജ്യങ്ങളെ സംഘടനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആഫ്രിക്കന്‍ യൂണിയനെ ജി-20യില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കത്തയച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ താല്‍പ്പര്യങ്ങള്‍ കൂടി സംഘടനയിലൂടെ പ്രതിനിധീകരിക്കപ്പെടണമെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു.
advertisement
ജൂലൈയില്‍ കര്‍ണാടകയിലെ ഹംപിയില്‍ നടന്ന ജി-20 ഷെര്‍പാ മീറ്റിംഗില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കപ്പെടുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നയതന്ത്ര വിജയം കൂടിയാണ് ഈ പ്രഖ്യാപനം. ആഫ്രിക്കന്‍ യൂണിയന്റെ കൂടിച്ചേരലോടെ ചൈനീസ് പിന്തുണയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് (ബിആര്‍ഐ) ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ അംഗരാജ്യങ്ങള്‍ പ്രാപ്തമാകും.
18-ാമത് G20 ഉച്ചകോടിക്ക് ഇന്ന് (സെപ്റ്റംബര്‍ 9 ശനിയാഴ്ച ) തുടക്കം കുറിച്ചിരുന്നു. അടുത്ത രണ്ട് ദിവസം നീളുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി നിരവധി ലോക നേതാക്കള്‍ പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് യോഗം ചേരുന്നത്.
advertisement
യുക്രെയ്ന്‍ യുദ്ധം, കാലാവസ്ഥ, ആഗോള ഭരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും. എന്നാല്‍ ഈ വിഷയങ്ങളിലുള്ള, നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വാക്കു തര്‍ക്കത്തിന് ഇടയായേക്കാമെന്നും പൊതുജനവിശ്വാസത്തിന് കോട്ടം വരുത്തുമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജി 20 ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പുതന്നെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു, ഷി ജിന്‍പിംഗിന് പകരം പ്രധാനമന്ത്രി ലീ ക്വിയാംഗാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതിന് ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല, എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 09, 2023 1:58 PM IST


