'നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി': ഗുലാം നബി ആസാദ്

Last Updated:

2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി വലിച്ചുകീറിയില്ലായിരുന്നുവെങ്കില്‍ ഇന്ന് അദ്ദേഹത്തെ അയോഗ്യനാക്കുമായിരുന്നില്ല.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. താനടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള പ്രധാന കാരണം രാഹുല്‍ ഗാന്ധിയാണെന്നും നട്ടെല്ലില്ലാത്തവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവിനെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. അക്കാര്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കോ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ വൈകിപ്പോയിരിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി രൂപീകരിച്ച നേതാവാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ ആര്‍ക്കും തൊട്ടുകൂടായ്മ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി വലിച്ചുകീറിയില്ലായിരുന്നുവെങ്കില്‍ ഇന്ന് അദ്ദേഹത്തെ അയോഗ്യനാക്കുമായിരുന്നില്ല. രാഹുല്‍ വലിച്ച് കീറിയതിന് ശേഷം ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ അന്നത്തെ കേന്ദ്രമന്ത്രിസഭ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ കാബിനറ്റിന്റെ ദുര്‍ബലതയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ഈയടുത്ത് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകമായ ‘ആസാദ്: ആന്‍ ഓട്ടോബയോഗ്രഫി’യെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. ട്വിറ്ററില്‍ സജീവമാകുന്ന ഏതൊരു കോണ്‍ഗ്രസ് നേതാക്കളെക്കാളും 2000 ശതമാനം ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് അനുഭാവിയായി താന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഏകദേശം 4 കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഗുലാം നബി ആസാദ്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
”ഞാനടക്കം ഒരു ഡസനോളം നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇല്ലാത്തതിന് കാരണം രാഹുല്‍ ഗാന്ധിയാണ്. നിരവധി യുവനേതാക്കളും ഇക്കൂട്ടത്തില്‍ ഉണ്ട്. നിങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ നട്ടെല്ല് ഉണ്ടാകില്ല. അങ്ങനെയാണ് പ്രവർത്തിക്കേണ്ടി വരിക,’ ഗുലാം നബി ആസാദ് പറഞ്ഞു.
advertisement
കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയും ഗുലാം നബി ആസാദ് മനസ്സ് തുറന്നിരുന്നു.
” അവര്‍ക്ക് ഞങ്ങളെപ്പോലെയുള്ളവരെ ആവശ്യമില്ല. ട്വിറ്ററില്‍ സജീവമായ ചിലരെയാണ് അവര്‍ക്ക് ആവശ്യം. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോണ്‍ഗ്രസിന് 500 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നവരെയാണ് പാര്‍ട്ടിയ്ക്ക് ആവശ്യം. അത്തരം നേതാക്കളാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നത്. അവരോട് എനിക്ക് ദേഷ്യമാണ്,’ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കറകളഞ്ഞ രാഷ്ട്രീയ നേതാക്കളായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. മുഴുവന്‍ സമയവും അവര്‍ രാഷ്ട്രീയത്തിനായി മാറ്റിവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ പ്രവര്‍ത്തനത്തിന്റെ അമ്പതിലൊന്ന് രാഹുല്‍ ചെയ്തിരുന്നുവെങ്കില്‍ വിജയം നേടാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
രാഷ്ട്രീയം എന്നത് ഒരു മുഴുവന്‍ സമയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യയ ശാസ്ത്രത്തോട് തനിക്ക് വിയോജിപ്പുകളുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അദ്ദേഹം മുഴുവന്‍ സമയവും രാഷ്ട്രീയത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. അത് മറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി': ഗുലാം നബി ആസാദ്
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement