ഹിന്ദുസ്ഥാനാണ് നമ്മുടെ രാജ്യം; ഹിന്ദി അറിഞ്ഞിരിക്കണം: യോഗത്തിനിടെ നിതീഷ് കുമാർ ഡിഎംകെ നേതാവ് ബാലുവിനോട്
- Published by:Vishnupriya S
- news18-malayalam
Last Updated:
നിതീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ ഡിഎംകെ നേതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിതീഷ് കുമാർ പൊട്ടിത്തെറിച്ചത്
പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഹിന്ദിയെ ചൊല്ലി തർക്കം. സഖ്യത്തിലെ പ്രധാന അംഗവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ഹിന്ദിയെ ചൊല്ലി മുതിർന്ന ഡിഎംകെ നേതാവ് ടി.ആർ ബാലുവിനോട് കയർത്ത് സംസാരിച്ചത്. നിതീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ ഡിഎംകെ നേതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിതീഷ് കുമാർ പൊട്ടിത്തെറിച്ചത്.
നിതീഷ് കുമാർ ഹിന്ദിയിൽ പ്രസംഗിച്ചതിനാൽ ടി.ആർ ബാലുവിന് പ്രസംഗം മനസിലാകുന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് അദ്ദേഹം രാഷ്ട്രീയ ജനതാദൾ എംപി മനോജ് ഝായോട് പ്രസംഗം വിവർത്തനം ചെയ്ത് നൽകാൻ ആവശ്യപ്പെട്ടു. ബാലുവിനെ സഹായിക്കാൻ, ഝാ നിതീഷ് കുമാറിനോട് അനുവാദം ചോദിച്ചപ്പോഴാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. “നമ്മൾ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നാണ് വിളിക്കുന്നത്, ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. ആ ഭാഷ നാം അറിഞ്ഞിരിക്കണം'' നിതീഷ് കുമാർ പറഞ്ഞു.
advertisement
തുടർന്ന് തന്റെ പ്രസംഗം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യരുതെന്ന് അദ്ദേഹം മനോജ് ഝായോട് പറഞ്ഞു. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കി, ഇന്ത്യക്കാർ ആ പഴയ കൊളോണിയൽ ഹാംഗ് ഓവറിൽ നിന്ന് പുറത്തു കടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യ (I.N.D.I.A) യോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുത്തിരുന്നു.
സീറ്റ് വിഭജനം, വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്ത്യ സഖ്യം ചൊവ്വാഴ്ച ഡൽഹിയിൽ നാലാമത്തെ യോഗം ചേർന്നത്. യോഗത്തിലുടനീളം നിതീഷ് കുമാർ നീരസം പ്രകടിപ്പിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാർ ആയിരിക്കണമെന്ന് ജെഡിയു അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ താൻ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു.
advertisement
സഖ്യത്തിനുള്ളിലെ കല്ലുകടിയാണ് ഹിന്ദി തർക്കത്തിലൂടെ പുറത്തു വരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡിഎംകെ നേതാക്കൾ മുമ്പും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ കരുക്കൾ നീക്കുന്നതിനായുള്ള ഇന്ത്യ സഖ്യ യോഗത്തിലും ഹിന്ദി തന്നെ തർക്ക കാരണമായി മാറി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 20, 2023 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദുസ്ഥാനാണ് നമ്മുടെ രാജ്യം; ഹിന്ദി അറിഞ്ഞിരിക്കണം: യോഗത്തിനിടെ നിതീഷ് കുമാർ ഡിഎംകെ നേതാവ് ബാലുവിനോട്