അതെന്ത് ന്യായം? ബിജെപി മുന്‍ എംഎല്‍എയുടെ രണ്ടാമത്തെ വിവാഹം ഒരു നടിയുമായി കഴിഞ്ഞതായി വാർത്ത; നോട്ടീസ് അയച്ച് പാര്‍ട്ടി
- Published by:ASHLI
- news18-malayalam
Last Updated:
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്ന് ഊര്‍മിള സനവാർ പ്രതികരിച്ചു
ഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എ വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ചത് വിവാദത്തിലാകുന്നു. ബിജെപി മുൻ എംഎൽഎയായ സുരേഷ് റാത്തോഡ് ആണ് നടി ഊര്‍മിള സനവാറിനെ രണ്ടാം വിവാഹം കഴിച്ചത്. ഉത്തരാഖണ്ഡിലെ ജവാലപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എാണ് ഇദ്ദേഹം. ജൂണ്‍ 15ന് സഹരണ്‍പൂരില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് താന്‍ രണ്ടാമതും വിവാഹിതനായ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. നടി ഊർമിള സനവാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. റാത്തോഡിന്റെ വെളിപ്പെടുത്തല്‍ ഉത്തരാഖണ്ഡില്‍ വലിയ രാഷ്ട്രീയ കോളിളം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. റാത്തോഡ് സംസ്ഥാനത്തെ ഏകീകൃത സിവില്‍ കോഡ്(യുസിസി) ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിജെപിയുടെ പ്രതികരണം എന്ത്?
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നിര്‍ദേശപ്രകാരം ബിജെപി റാത്തോഡിനെതിരേ അച്ചടക്കലംഘനത്തിന് നോട്ടീസ് നല്‍കി. റാത്തോഡിന്റെ പെരുമാറ്റം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്ന് കാട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബിഷ്ത് മറുപടി നല്‍കാന്‍ റാത്തോഡിന് ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം റാത്തോഡിന്റെ രണ്ടാം വിവാഹം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാമെന്നതിനാലും ഈ വിഷയം ജനശ്രദ്ധ ആകര്‍ഷിച്ചു.
advertisement
ബിജെപി സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യം വെച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഊര്‍മിള സനവാറും വിവാഹത്തെക്കുറിച്ച് സംസാരിച്ചു. ''2022 ഒക്ടോബര്‍ 4ന് നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍വെച്ച് മുന്‍ എംഎല്‍എ സുരേഷ് റാത്തോഡുമായി ഞാന്‍ ഒരു ഗന്ധര്‍വ വിവാഹം കഴിച്ചുവെന്ന് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഈ വിവാഹം ഞങ്ങളുടെ പരസ്പര സമ്മതത്തോടെയും മതപരമായ ആചാരങ്ങള്‍ അനുസരിച്ചുമാണ് നടന്നത്. ഞങ്ങളുടെ വിവാഹത്തിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും ഞങ്ങളുടെ ബന്ധത്തെചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ 2025 ജൂണ്‍ 15ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ച് സുരേഷ് റാത്തോഡ് 2022ല്‍ കഴിഞ്ഞ ഞങ്ങളുടെ വിവാഹം പരസ്യമായി സ്ഥിരീകരിച്ചു. വളരെക്കാലമായി ഞാന്‍ പരസ്യമായി അംഗീകരിച്ചിരുന്ന കാര്യമാണിത്,'' അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി.
advertisement
ഏകീകൃത സിവില്‍ കോഡ് ലംഘിക്കപ്പെട്ടോ?
2025 ജനുവരി ഏഴിന് ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതിന് വളരെ മുമ്പാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും അതിനാല്‍ അതിലെ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും സനവര്‍ ഊന്നിപ്പറഞ്ഞു.
''ചിലര്‍ ഈ വിവാഹത്തെക്കുറിച്ച് മനഃപൂര്‍വം ആശയക്കുഴപ്പം പ്രചരിപ്പിക്കുകയാണ്. 2025 ജൂണ്‍ 15നാണ് വിവാഹം നടന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ 2022ലാണ് വിവാഹം നടന്നതെന്നതാണ് സത്യം,'' അവര്‍ പറഞ്ഞു. ''ഹരീഷ് റാവത്ത്, നാരായണ്‍ ദത്ത് തിവാരി, ദിഗ് വിജയ് സിംഗ് തുടങ്ങിയ ചില പ്രമുഖ രാഷ്ട്രീയക്കാര്‍ രണ്ട് വിവാഹം കഴിച്ചപ്പോള്‍ ഒരു ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്. എന്നാല്‍, ഒരു ദളിത് സ്ത്രീ ഒരു ദളിത് നേതാവിനെ വിവാഹം കഴിക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉയരുന്നു. ഇത് അനുചിതമാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttarakhand (Uttaranchal)
First Published :
June 25, 2025 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അതെന്ത് ന്യായം? ബിജെപി മുന്‍ എംഎല്‍എയുടെ രണ്ടാമത്തെ വിവാഹം ഒരു നടിയുമായി കഴിഞ്ഞതായി വാർത്ത; നോട്ടീസ് അയച്ച് പാര്‍ട്ടി