'കാന്താര കണ്ടവർ കമ്പള മറക്കില്ല': ആവേശമായി ബംഗളൂരുവിലെ ആദ്യ കാളയോട്ട മത്സരം
- Published by:Vishnupriya S
- news18-malayalam
Last Updated:
175 ജോഡി കാളകളാണ് ബംഗളൂരുവിലെ കമ്പളയിൽ പങ്കെടുക്കാൻ എത്തിയത്
2022 ൽ പുറത്തിറങ്ങിയ ഋഷഭ് ഷെട്ടി നായകനായ കാന്താരാ എന്ന ചിത്രം തിയേറ്ററിലും പിന്നീട് ഒടിടിയിലും ഇന്ത്യയൊട്ടാകെ വലിയ ജനപ്രീതി നേടിയിരുന്നു. നാടും സംസ്കാരവും പ്രമേയമാകുന്ന ചിത്രത്തിലെ കമ്പള ആഘോഷ രംഗങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകാൻ സാധ്യതയില്ല. അതിന്റെ ചുവട് പിടിച്ച് ബംഗളൂരുവിലെ ആദ്യത്തെ കമ്പള ആഘോഷത്തിന് ശനിയാഴ്ച തുടക്കമായി. പ്രധാനമായും കർണാടകയുടെ തീരദേശ മേഖലയിലെ ആഘോഷമായിരുന്നു കമ്പള.
എന്നാൽ ആദ്യമായാണ് ഇത്തവണ കമ്പള ബംഗളൂരുവിലും ആഘോഷിച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന പരിപാടി അക്ഷരാർത്ഥത്തിൽ ജനസമുദ്രമായിരുന്നു. 175 ജോഡി കാളകളാണ് ബംഗളൂരുവിലെ കമ്പളയിൽ പങ്കെടുക്കാൻ എത്തിയത്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണ് ആളുകൾ കാളകളുമായി എത്തിയത്.
മത്സരത്തിനായുള്ള ട്രാക്കിന് സാധാരണ ഗതിയിൽ 145 മീ നീളമാണ് ഉണ്ടാവുക, എന്നാൽ ബംഗളൂരുവിൽ നടന്ന കമ്പളയുടെ ട്രാക്കിന്റെ നീളം 155 മീ ആയിരുന്നുവെന്നത് പ്രധാന പ്രത്യേകതകളിൽ ഒന്നായിരുന്നു. കർണാടകയിലെ ജില്ലകളുടെ തീരദേശ മേഖലയിൽ തുളു ഭാഷ സംസാരിക്കുന്ന ജന വിഭാഗങ്ങളാണ് പ്രധാനമായും കമ്പള ആഘോഷിക്കുന്നത്. ബണ്ട് എന്ന ഈ തീരദേശ നിവാസികൾ കമ്പള മത്സരങ്ങൾക്കായി കാളകളെ വളർത്തുന്നവരാണ്. 350 ഓളം വർഷങ്ങളുടെ പാരമ്പര്യം കമ്പള ആഘോഷത്തിന് പിന്നിലുള്ളതായി പറയപ്പെടുന്നു.
advertisement
എല്ലാ വർഷവും നവംബർ മാസത്തിന്റെ അവസാനം മുതൽ ഏപ്രിൽ പകുതി വരെയാണ് കമ്പള സമിതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചു മത്സരം സംഘടിപ്പിക്കുന്നത്. കാന്താരാ സിനിമയ്ക്ക് ലഭിച്ച ജനപ്രീതി കമ്പള ആഘോഷത്തെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചുവെന്ന് കമ്പള സമിതി ചെയർമാൻ പ്രകാശ് ഷെട്ടി പറഞ്ഞു. കൂടാതെ മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതകൾ കുറയ്ക്കാനും അവർക്ക് ആവശ്യമായ ആഹാരവും വെള്ളവും ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രകാശ് കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
November 28, 2023 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കാന്താര കണ്ടവർ കമ്പള മറക്കില്ല': ആവേശമായി ബംഗളൂരുവിലെ ആദ്യ കാളയോട്ട മത്സരം