ബൈക്ക് ടാക്‌സി നിയമവിരുദ്ധം; കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്‌സികളും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവായി. ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ''ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കി. കൂടാതെ, ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന്'', മാര്‍ച്ച് ആറിന് ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി പുഷ്പ വിഎസ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
ഇലക്ട്രിക് ബൈക്ക് ടാക്‌സി നയം-'കര്‍ണാടക ഇലക്ട്രിക് ബൈക്ക് ടാക്‌സി സ്‌കീം 2021'-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം നടപ്പാക്കിയത്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡിയുടെ നേതൃത്വത്തില്‍ ബൈക്ക് ടാക്‌സികളുടെ ആവശ്യകത പരിശോധിക്കാന്‍ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, മെട്രോ, ബിഎംടിസി, നഗരത്തിലെ റെയില്‍വെ യാത്രികര്‍ എന്നിവര്‍ക്ക് ബൈക്ക് ടാക്‌സി വലിയ സഹായമല്ലെന്ന് സമിതി കണ്ടെത്തി.
advertisement
വരുമാനമുണ്ടാക്കുന്നതില്‍ ബൈക്ക് ടാക്‌സികള്‍ കാര്യമായി സഹായിച്ചിട്ടില്ലെന്നും അതിനാല്‍ ഇലക്ട്രിക് ബൈക്ക് ടാക്‌സി നയം പിന്‍വലിക്കുകയാണെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബൈക്ക് ടാക്‌സി നിരോധിക്കണമെന്നാവശ്യപ്പെട്ട് 36 സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളുടെ പിന്തുണയോടെ ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകള്‍ കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്ത് ബൈക്ക് ടാക്‌സി നിരോധിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ ബന്ദ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
advertisement
2021-ല്‍ സര്‍ക്കാര്‍ ഇലക്ട്രിക് ബൈക്ക് ടാക്‌സി നയം കൊണ്ടുവന്നെങ്കിലും സ്വകാര്യ ആപ്പുകളുടെ സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഫെഡറേഷന്റെ നോമിനേറ്റഡ് പ്രസിഡന്റ് നടരാജ് ശര്‍മ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. ബൈക്ക് ടാക്‌സി നിരോധിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടകയെന്ന് അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചതിന് ഗതാഗതമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
March 08, 2024 8:28 PM IST