പൊതുപണിമുടക്ക് ഹർത്താലായി; നിശ്ചലമായി കേരളം
- Published by:Rajesh V
- news18-malayalam
Last Updated:
പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആർടിസി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബസ് സർവീസുകളും ഇല്ല.
തിരുവനന്തപുരം: രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രിവരെയാണ് പണിമുടക്ക്. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരുന്നുണ്ട്. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആർടിസി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബസ് സർവീസുകളും ഇല്ല. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. റെയിൽവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയിൽവെ തൊഴിലാളികൾ പണിമുടക്കുക.
advertisement
സംസ്ഥാനത്ത് 1.60 കോടി പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ സര്‍വീസുകൾ പതിവുപോലെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ യൂണിവേഴ്സിറ്റികൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു.
advertisement
അതേസമയം, ദേശീയ പണിമുടക്കു ദിവസം കടകൾ തുറക്കണോ എന്ന കാര്യത്തിൽ ഓരോ പ്രദേശത്തെയും യൂണിറ്റുകൾക്കു തീരുമാനം എടുക്കാമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു. ഹർത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരാണ്. എന്നാൽ ഈ ദേശീയ പണിമുടക്കിൽ രാജ്യം മൊത്തം നിശ്ചലമാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2020 7:58 AM IST