ഹൈദരാബാദ്: വിശ്വാസങ്ങളുടെ പേരിൽ ഭിന്നതയും പ്രശ്നങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും സാമുദായിക ഐക്യം വിളിച്ചോതുന്ന പല കാഴ്ചകളും രാജ്യത്തിന്‍റെ പലഭാഗത്തും കാണാൻ കഴിയും. അത്തരത്തിൽ മതസൗഹാർദ്ദതയുടെ ഒരു ചിത്രമാണ് തെലങ്കാനയിലെ ഒരു ക്ഷേത്രത്തിലും ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാണാൻ കഴിഞ്ഞത്. ഇവിടെ സിർസില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഇന്ത്യയുടെ മതേതരത്വത്തിന് മാതൃകയായ കാഴ്ച.
ക്ഷേത്രത്തിലെ കാലങ്ങൾ പഴക്കമുള്ള 'കൊടെ മൊക്കു'എന്ന ആചാരം നിർവഹിക്കാൻ ഒരു മുസ്ലീം സ്ത്രീക്ക് അനുമതി നൽകി. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാൻ നേർച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്രപരിസരത്തിനുള്ളിൽ തന്നെയാണ് ഈ ആചാരം നടക്കുന്നത്. മന്ദാനി സ്വദേശിയായ അപ്സാർ എന്ന സ്ത്രീക്കാണ് ക്ഷേത്രം അധികാരികൾ ഈ പ്രത്യേക ആചാരം നിർവഹിക്കാൻ അനുമതി നൽകിയത്. ക്ഷേത്ര ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു മുസ്ലീം സ്ത്രീയ്ക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ആചാരം നടത്താൻ അനുവാദം നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മുസ്ലീങ്ങൾ ക്ഷേത്ര ദർശനം നടത്താറുണ്ടെങ്കിലും ഇതുപോലെ ചടങ്ങുകൾ ഇതുവരെ നടത്തിയിട്ടില്ല എന്നും അധികൃതര്‍ പറയുന്നു.
ബുര്‍ഖ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച അപ്സാർ, ശ്രീ രാജ രാജ സ്വാമിയുടെ ദർശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തർക്ക് കാണുന്ന തരത്തിൽ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. സാധാരണയായി ആഗ്രഹസാധ്യത്തിനായാണ് വിശ്വാസികൾ 'കൊടെ മൊക്കു' നേരുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്. അപ്സാറിന്‍റെ ഏതോ ആഗ്രഹം അത്തരത്തിൽ നേർന്ന് സഫലമായതു കൊണ്ടാകാം അവർ ഈ ആചാര പൂർത്തീകരണത്തിനെത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.
മറ്റ് ഹിന്ദുക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്‍റെ സമീപത്തായി ഒരു ദർഗയും സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ ഭഗവാൻ പരമശിവനെയും രാജരാജേശ്വരി ദേവിയെയും ദർശനം നടത്തിയ ശേഷം ദര്‍ഗയിലും സന്ദർശനം നടത്തി മടങ്ങാറാണ് പതിവ്. നേരത്തെ മാമഡ ZPTC അംഗം മുഹമ്മദ് റാഫിയും കുടുംബവും ക്ഷേത്രത്തിലെ 'കൊടെ മൊക്കു' ആചാരം നിര്‍വഹിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.