'സിന്ധുനദീജല കരാറിനെ പിന്തുണയ്ക്കുന്നത് അതിര്‍ത്തിക്കപ്പുറത്തുള്ളവരെ പ്രീണിപ്പിക്കാന്‍'; മെഹബൂബ മുഫ്തിയ്‍ക്കെതിരെ ഒമര്‍ അബ്ദുള്ള

Last Updated:

ഏപ്രില്‍ 22-ന് പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്

News18
News18
സിന്ധു നദീജല കരാറിനെച്ചൊല്ലി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും തമ്മില്‍ വാക് പോര്. ജമ്മു കശ്മീര്‍ ജനതയോടുള്ള ഏറ്റവും വലിയ ചരിത്ര വഞ്ചനയാണ് സിന്ധു നദീജല കരാറെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഈ വഞ്ചനയെ മെഹബൂബ മുഫ്തി അവഗണിക്കുകയാണെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.
തുള്‍ബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തെ മെഹബൂബ മുഫ്തി എതിര്‍ത്തതിന് പിന്നാലെയാണ് അവര്‍ക്കെതിരെ വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയത്. തുള്‍ബുള്‍ തടയണ പദ്ധതി പുനരാരംഭിക്കുന്നതിനുള്ള ഒമര്‍ അബ്ദുള്ളയുടെ നിലപാടിനെ വളരെ 'നിരുത്തരവാദപരം' എന്നാണ് മെഹബൂബ മുഫ്തി വിശേഷിപ്പിച്ചത്. പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക് പോര് ആരംഭിച്ചത്.
അതിര്‍ത്തിക്കപ്പുറത്തുള്ള ചിലരെ പ്രീണിപ്പിക്കാനുള്ള അന്ധമായ ശ്രമമാണ് മെഹബൂബ മുഫ്തിയുടേതെന്ന് മുഖ്യമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വിലകുറഞ്ഞ ജനപ്രീതി നേടാനുള്ള ആഗ്രഹത്തിന്റെ ഫലമാണിതെന്നും ജമ്മു കശ്മീര്‍ ജനതയുടെ താല്‍പ്പര്യങ്ങളോടുള്ള ഏറ്റവും വലിയ ചരിത്ര വഞ്ചനയാണ് സിന്ധു നദീജല കരാറെന്ന് നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ നിര്‍ഭാഗ്യകരമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. താന്‍ എപ്പോഴും കരാറിനെ എതിര്‍ത്തിരുന്നുവെന്നും ഈ നിലപാട് തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രീതിയിലും അന്യായമെന്ന് തോന്നുന്ന ഒരു കരാറിനെ എതിര്‍ക്കുന്നത് യുദ്ധക്കൊതിയല്ലെന്നും മറിച്ച് ജമ്മു കശ്മീരിലെ ജനതയ്ക്ക് നമ്മുടെ വെള്ളം ഉപയോഗിക്കാനുള്ള അവകാശം നിഷേധിച്ച ചരിത്രപരമായ ഒരു അനീതിയെ തിരുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തില്‍ വുളര്‍ തടാകത്തിലെ തുൾബുൾ നാവിഗേഷന്‍ ബാരേജ് പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് വ്യാഴാഴ്ചയാണ് ഒമര്‍ അബ്ദുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. വടക്കന്‍ കശ്മീരിലെ വുളര്‍ തടാകത്തിന്റെ വീഡിയോയും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിരുന്നു. തുള്‍ബുള്‍ തടയണ പദ്ധതിയാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. 1980 കളുടെ തുടക്കത്തിലാണ് പദ്ധതി ആരംഭിച്ചതെന്നും പക്ഷേ സിന്ധു നദീജല ഉടമ്പടി ചൂണ്ടിക്കാട്ടിയുള്ള പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ പദ്ധതി പുനരാരംഭിക്കാന്‍ കഴിയുമോ എന്ന് സംശയിക്കുന്നതായി അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
advertisement
തടയണ പൂര്‍ത്തിയാക്കുന്നത് ഝലം നദിയുടെ ജലസേചനത്തിനുള്ള ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നും പ്രത്യേകിച്ചും ശൈത്യകാലത്ത് താഴെയുള്ള പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ഈ പോസ്റ്റിനെ വിമര്‍ശിച്ച് മെഹബൂബ മുഫ്തി രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ 'നിരുത്തരവാദപര'മാണെന്ന് അവര്‍ മറുപടി പോസ്റ്റില്‍ കുറിച്ചു. രണ്ട് രാജ്യങ്ങളും യുദ്ധത്തിന്റെ വക്കില്‍ നിന്ന് പിന്മാറിയ സമയത്ത് ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മുഫ്തി ചൂണ്ടിക്കാട്ടി. സുപ്രധാന സ്രോതസ്സായ ജലത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ഒരു ഉഭയകക്ഷി പ്രശ്‌നത്തെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഏപ്രില്‍ 22-ന് പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രപ്രധാനമായ ഉടമ്പടികളിലൊന്നായിരുന്നു ഇത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുകയും പിന്നീട് മേയ് 10-ന് വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയാകുകയും ചെയ്‌തെങ്കിലും ഈ കരാര്‍ സംബന്ധിച്ച നിലപാട് മാറ്റത്തിന് ഇന്ത്യ തയ്യാറായിട്ടില്ല. പാകിസ്ഥാനെ സംബന്ധിച്ച് രാജ്യത്തെ കാര്‍ഷിക മേഖലയിലേക്കുള്ള ജലവിനിയോഗത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നത് ഈ ഉടമ്പടിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
'സിന്ധുനദീജല കരാറിനെ പിന്തുണയ്ക്കുന്നത് അതിര്‍ത്തിക്കപ്പുറത്തുള്ളവരെ പ്രീണിപ്പിക്കാന്‍'; മെഹബൂബ മുഫ്തിയ്‍ക്കെതിരെ ഒമര്‍ അബ്ദുള്ള
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement