സ്വവർഗ വിവാഹത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും ഇത്തരം വിഷയങ്ങളിൽ തീർപ്പു കൽപിക്കേണ്ടത് കോടതിയല്ലെന്നും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഈ വിഷയത്തിൽ സർക്കാരും ജുഡീഷ്യറിയും തമ്മിൽ ഒരു തർക്കമുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വവർഗ വിവാഹം സംബന്ധിക്കുന്ന ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വവർഗ പങ്കാളികളാണ് ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
“ഇത് ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണ്. ജനങ്ങളുടെ ആഗ്രഹമാണ് ഇവിടെ പരിഗണിക്കേണ്ടത്. അവരുടെ താത്പര്യങ്ങളാണ് പാർലമെന്റിലും നിയമസഭയിലുമൊക്കെ പ്രതിഫലിക്കുന്നത്. സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനിച്ചാൽ എനിക്ക് അത് എതിർക്കാൻ കഴിയില്ല. അവർക്കെതിരെ ഏതെങ്കിലും പ്രതികൂലമായ അഭിപ്രായങ്ങൾ പറയാനും സാധിക്കില്ല. ജനങ്ങൾക്ക് ആവശ്യമില്ലെങ്കിൽ അവരുടെ മേൽ അത് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല”, കിരൺ റിജിജു റിപബ്ലിക് ടിവിയുടെ കോൺക്ലേവിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.
ഡൽഹി മെട്രോയിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം; നടപടി വേണമെന്ന് പൊലീസിനോട് വനിതാ കമ്മീഷൻ
വിവാഹം പോലുള്ള അത്യന്തം സെൻസിറ്റീവും സുപ്രധാനവുമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും നിയമമന്ത്രി പറഞ്ഞു. ചില നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്. ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് നിയമങ്ങൾ രൂപീകരിക്കാൻ കഴിയും. നിലവിലുള്ള നിയമത്തിലെ എന്തെങ്കിലും പോരായ്മ പരിഹരിക്കണമെന്ന് തോന്നിയാൽ, ചില വ്യവസ്ഥകളോടെ കോടതിക്ക് അതും ചെയ്യാം. എന്നാൽ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ട ഫോറം സുപ്രീംകോടതിയല്ലെന്നും റിജിജു കൂട്ടിച്ചേർത്തു.
സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പാർലമെന്റിന്റെ പരിഗണനക്ക് വിടുന്നത് പരിഗണിക്കണമെന്ന് കേന്ദ്രം ബുധനാഴ്ച സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് വളരെ സങ്കീർണമായ ഒരു വിഷയമാണെന്നും കോടതിയുടെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kiran Rijiju