• HOME
 • »
 • NEWS
 • »
 • india
 • »
 • Mann ki Baat | 'കഥയും സംഗീതവും ഒത്തുചേരുന്ന കേരളത്തിന്‍റെ വിൽപാട്ട്' മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Mann ki Baat | 'കഥയും സംഗീതവും ഒത്തുചേരുന്ന കേരളത്തിന്‍റെ വിൽപാട്ട്' മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വാതന്ത്യത്തിനായി ജീവൻ ബലിദാനമായി നൽകിയ ഭഗത് സിങിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സൂര്യനസ്തമിക്കില്ലെന്ന് പറഞ്ഞ ശക്തമായ ഒരു ഭരണകൂടം 23കാരനായ യുവാവിനെ ഭയപ്പെട്ടതായും മോദി പറഞ്ഞു.

modi-un-1

modi-un-1

 • Share this:
  കഥ പറച്ചിലുകളിലെ പുതു സംരഭങ്ങളെയും അതിന്‍റെ പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ഡിജിറ്റൽ മേഖലയിൽ കഥ പറച്ചിൽ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന പ്രധാന്യം ചൂണ്ടിക്കാട്ടിയത്. gaathastory.in പോലുള്ള വെബ്സൈറ്റിനെക്കുറിച്ചും അതുപോലെയുള്ള സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചവരുമായും മൻ കീ ബാത്തിൽ പ്രധാനമന്ത്രി സംസാരിച്ചു. ഈ കോവിഡ് കാലത്തും രാജ്യത്തെ കാർഷിക മേഖല കൈവരിച്ച വളർച്ചയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. തേനിയിൽ ഉൾപ്പടെ ചെറുപ്പക്കാർ രംഗത്തിറങ്ങി കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സ്വീകരിച്ച മാതൃകകളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ജാലിയൻ ബാലാബാഗ് സംഭവവും തുടർന്ന് സ്വതന്ത്യത്തിനായി ജീവൻ ബലിദാനമായി നൽകിയ ഭഗത് സിങിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സൂര്യനസ്തമിക്കില്ലെന്ന് പറഞ്ഞ ശക്തമായ ഒരു ഭരണകൂടം 23കാരനായ യുവാവിനെ ഭയപ്പെട്ടതായും മോദി പറഞ്ഞു.

  പ്രധാനമന്ത്രി മൻ കീ ബാത്തിൽ പറഞ്ഞതിൽനിന്ന് പ്രസക്ത ഭാഗങ്ങൾ

  എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്‌കാരം. കൊറോണയുടെ ഈ കാലത്ത് ലോകം മുഴുവന്‍ അനേകം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് രണ്ടുകൈ അകലം അനിവാര്യമായ ആവശ്യമായി മാറിയിരിക്കുമ്പോള്‍ ഈ ആപത്തുകാലം കുടുംബാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും നീണ്ട കാലം ഒരുമിച്ചു കഴിയുക, എങ്ങനെ കഴിയണം, സമയം എങ്ങനെ ചിലവാക്കണം, എല്ലാ നിമിഷവും സന്തോഷം നിറഞ്ഞതെങ്ങനെയാകണം എന്ന ചോദ്യങ്ങളുണ്ടായി. പല കുടുംങ്ങള്‍ക്കും കഷ്ടപ്പാടുകളുണ്ടായി.. അതിന്റെ കാരണം നമ്മുടെ കുടുംബത്തില്‍ സംസ്‌കാരത്തിന്റെ അരുവിപോലെ ഒഴുകിയിരുന്ന പാരമ്പര്യങ്ങള്‍ക്ക് കുറവ് അനുഭവപ്പെടുകയാണ് എന്നു തോന്നി. പല കുടുംബങ്ങളിലും ഇതെല്ലാം ഇല്ലാതെയായി.. അതുകാരണം ആ കുറവുകളുണ്ടായിരിക്കെ ഈ ആപത്തുകാലത്തു കഴിഞ്ഞുകൂടുകയെന്നതും കുടുംബങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടായി...
  അതില്‍ പ്രാധാനപ്പെട്ട ഒരു കാര്യമെന്തായിരുന്നു? എല്ലാ കുടുംബത്തിലും ഏതെങ്കിലുമൊരു മുതിര്‍ന്ന ആള്‍, പ്രായമായ വ്യക്തി കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു, വീട്ടില്‍ പുതിയ പ്രേരണയും ഊര്‍ജ്ജവും നിറച്ചു. നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചുവെച്ചിരുന്ന വിഷയങ്ങള്‍/നിയമങ്ങള്‍ ഇന്നും എത്ര മഹത്തായവയാണെന്നും അവ ഇല്ലാതെയാകുമ്പോള്‍ എത്ര ഇല്ലായ്മയാണ് അനുഭവപ്പെടുന്നതെന്നും മനസ്സിലായി.

  സുഹൃത്തുക്കളേ, ഭാരതത്തില്‍ കഥ പറച്ചിലിന്റെ ഒരു നീണ്ട സമ്പന്നമായ പാരമ്പര്യമുണ്ടായിരുന്നു. ഹിതോപദേശത്തിന്റെയും പഞ്ചതന്ത്രത്തിന്റെയും പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്തെ നിവാസിയാണെന്നതില്‍ നമുക്ക് അഭിമാനമുണ്ട്... കഥകളില്‍ പക്ഷിമൃഗാദികളുടെയും അപ്‌സരസ്സുകളുടെയും സങ്കല്പലോകം ചമയ്ക്കപ്പെട്ടിരുന്നു.. അതിലൂടെ വിവേകത്തിന്റെയും ബുദ്ധിയുടെയും കാര്യങ്ങള്‍ നിഷ്പ്രയാസം പറഞ്ഞുകൊടുത്തിരുന്നു. അങ്ങനെ ഇവിടെ കഥയുടെ ഒരു പാരമ്പര്യമുണ്ടായിരുന്നു. അത് ധാര്‍മ്മിക കഥകള്‍ പറയുന്ന പ്രാചീന സമ്പ്രദായവുമായിരുന്നു. കഥാകാലക്ഷേപവും അതിന്റെ ഭാഗമായിരുന്നു. കൂടാതെ പല തരത്തിലുള്ള നാടോടി കഥകളും പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കഥ പറയുന്ന വളരെ രസമുള്ള രീതിയുണ്ടായിരുന്നു. അതിലൊന്നാണ് വില്‍പാട്ട് എന്നത്. ഇതില്‍ കഥയും സംഗീതവും വളരെ ആകര്‍ഷകമായി സമന്ജസപ്പെട്ടിരുന്നു. പാവകളിയുടെ ഒരു സജീവ പാരമ്പര്യവും നിലനിന്നിരുന്നു. ഇക്കാലത്ത് ശാസ്ത്രവും ശാസ്ത്രനോവലുകളുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്ന പരിപാടിക്ക് പ്രചാരം ലഭിച്ചുവരുന്നു. പലരും കഥപറച്ചിലിന്റെ കലയെ നിലനിര്‍ത്തുന്നതിനായി പ്രശംസാര്‍ഹമായ തുടക്കങ്ങള്‍ കുറിച്ചിരിക്കുന്നതായി കാണാം.

  എനിക്ക് gaathastory.in പോലുള്ള website നെക്കുറിച്ച് അറിയാനിടയായി. . അത് അമര്‍ വ്യാസും മറ്റു ചിലരും ചേര്‍ന്നാണു നടത്തുന്നത്. അമര്‍ വ്യാസ് ഐഐഎം അഹമദാബാദ് ല്‍ എംബിഎ പഠിച്ചശേഷം വിദേശത്ത് പോയി തിരിച്ചു വന്നയാളാണ്. ഇപ്പോള്‍ ബംഗളൂരുവില്‍ കഴിയുന്നു. സമയം കണ്ടെത്തി കഥകളുമായി ബന്ധപ്പെട്ട ഇതുപോലുള്ള ആകര്‍ഷകങ്ങളായ കാര്യങ്ങള്‍ ചെയ്യുന്നു. ഗ്രാമീണ ഭാരത്തിലെ കഥകള്‍ പ്രചരിപ്പിക്കുന്ന ഇതുപോലുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ട്. വൈശാലി വ്യവഹാരെ ദേശപാണ്‌ഡേയെപ്പോലുള്ള പലരും ഇതിനെ മറാഠിയിലും ജനപ്രിയമാക്കുന്നുണ്ട്.

  ചെന്നൈയിലെ ശ്രീവിദ്യയും വീരരാഘവനും നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതുപോലെ കഥാലയ് The Indian story telling network എന്നുപേരുള്ള  വെബ്‌സൈറ്റ് ഈ മേഖലയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നു. ഗീതാ രാമാനുജന്‍ kathalaya.org  ല്‍ കഥകളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ നെറ്റ്‌വര്‍ക്കിലൂടെ പല പല നഗരങ്ങളില്‍ കഥ പറച്ചില്‍ കാരുടെ നെറ്റ്‌വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നു. ബംഗളൂരുവില്‍ ഒരു വിക്രം ശ്രീധറുണ്ട്. അദ്ദേഹം ബാപ്പുവുമായി ബന്ധപ്പെട്ട കഥകളുടെ കാര്യത്തിലാണ് ഉത്സാഹം കാട്ടുന്നത്. മറ്റു പലരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. നിങ്ങള്‍ തീര്‍ച്ചയായും അവരെക്കുറിച്ചൊക്കെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യൂ.

  പ്രിയപ്പെട്ടവരെ, നമ്മുടെ നാട്ടിലൊരു പറച്ചിലുണ്ട്. ഒരുവന്‍ മണ്ണുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുവോ അവന്‍ അതനുസരിച്ച് കൊടുങ്കാറ്റിലും കുലുങ്ങാതെ നില്‍ക്കും എന്ന്. കൊറോണയുടെ ഈ ആപത്തു കാലത്തെ നമ്മുടെ കാര്‍ഷിക മേഖല, നമ്മുടെ കര്‍ഷകര്‍ ഇതിനൊരു ഉത്തമോദാഹരണമാണ്. ഈ ആപത്തുകാലത്തും നമ്മുടെ രാജ്യത്തെ കാര്‍ഷികമേഖല ശക്തിയും ദൃഢതയും പ്രകടമാക്കി. സുഹൃത്തുക്കളേ, രാജ്യത്തെ കാര്‍ഷികമേഖല, നമ്മുടെ കര്‍ഷകര്‍, നമ്മുടെ ഗ്രാമങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിസ്ഥാനമാണ്. കാര്‍ഷികമേഖല ബലവത്തെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറയും ഉറച്ചതായിരിക്കും. കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഈ മേഖല പല ബന്ധനങ്ങളില്‍ നിന്നും മോചനം നേടിക്കഴിഞ്ഞു.. പല പരമ്പരാഗത ധാരണകളെയും ഭേദിക്കുവാന്‍ ശ്രമം നടത്തി.  എനിക്ക് അങ്ങനെയുള്ള കര്‍ഷകരില്‍ നിന്നും കത്തുകള്‍ കിട്ടുന്നുണ്ട്. കര്‍ഷകസംഘടനകളുമായി ചര്‍ച്ചകള്‍ ചെയ്യുന്നുണ്ട്. അവര്‍ പറയുന്നതില്‍ നിന്നും അറിയാനാകുന്നത് കൃഷിയ്ക്ക് പുതിയ പുതിയ മേഖലകള്‍ തുറന്നുകിട്ടിയതെങ്ങനെയെന്നും, കൃഷിയില്‍ മാറ്റങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാണ്. അവരില്‍ നിന്ന് കേട്ടതില്‍ നിന്നും, മറ്റുള്ളവരില്‍ നിന്ന് കേട്ടതില്‍ നിന്നും, എന്റെ മനസ്സു പറയുന്നത് അടിസ്ഥാനമാക്കി ഇന്ന് മന്‍ കീ ബാത് ല്‍ ആ കര്‍ഷകരെക്കുറിച്ച് ചില കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളോടു പറയട്ടെ.

  ഗ്രാമീണ യുവാക്കള്‍, നേരിട്ട് വിപണിയിലും കൃഷിയിലും വില്പനയിലും പങ്കെടുക്കുന്നു. ഇതിന്റെ നേരിട്ടുള്ള നേട്ടം കര്‍ഷകര്‍ക്കാണ്, ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുന്നു.

  മറ്റൊരുദാഹരണം ഉദാഹരണം കൂടി പറയാം. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ നിന്നുള്ളതാണ്. തമിഴ്‌നാട് കേല ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി. ഈ ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി പേരിന് കമ്പനിയാണെന്നേയുള്ളൂ. സത്യത്തില്‍ ഇത് കര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ സംഘമാണ്. വളരെ ഇളവുള്ള വ്യവസ്ഥകളോടെ... അതും നാലഞ്ചു വര്‍ഷം മുമ്പുണ്ടാക്കിയത്. ഈ കര്‍ഷകസമൂഹം ലോക്ഡൗണ്‍ സമയത്ത് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് മെട്രിക് ടണ്‍ പച്ചക്കറികളും, പഴങ്ങളും വാഴക്കുലകളും വാങ്ങി ചെന്നൈ നഗരത്തില്‍ പച്ചക്കറി കിറ്റ് എത്തിച്ചു കൊടുത്തു. നിങ്ങള്‍ ചിന്തിക്കൂ.. എത്ര യുവാക്കള്‍ക്കാണ് അവര്‍ തൊഴില്‍ നല്‍കിയത്. ഇടനിലക്കാരില്ലാത്തതുകൊണ്ട് കര്‍ഷകര്‍ക്കും നേട്ടമുണ്ടായി, ഉപഭോക്താക്കള്‍ക്കും നേട്ടമുണ്ടായി എന്നതാണ് ഇതിലെ രസമുള്ള കാര്യം.

  ഇതേപോലെ ലഖ്‌നൗവിലും കര്‍ഷകക്കൂട്ടായ്മയുണ്ട്. അതിന്റെ പേര് ഇരാദാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ എന്നാണ്. ഇവരും ലോക്ഡൗണ്‍ സമയത്ത് കര്‍ഷകരുടെ വയലില്‍ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങി നേരിട്ട് ലഖ്‌നൗവിലെ വിപണികളില്‍ വിറ്റു. ഇടനിലക്കാരില്‍ നിന്ന് മോചനവുമായി, ഇഷ്ടപ്പെട്ട വില ലഭിക്കുകയും ചെയ്തു.

  സുഹൃത്തുക്കളേ, ഇന്നത്തെ കാലത്ത് കൃഷിക്ക് നാം പുതിയ മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം നല്കുമോ അത്രയ്ക്ക് അത് മുന്നേറും, പുതിയ പുതിയ രീതികള്‍ വരും, പുതിയ നൂതനാശയങ്ങള്‍ ഉണ്ടാകും. മണിപ്പൂരിലുള്ള വിജയശാന്തി ഒരു പുതിയ നൂതനാശയത്തിന്റെ പേരില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ആളാണ്. അവര്‍ താമരനാളംകൊണ്ട് നൂലുണ്ടാക്കുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ് ആരംഭിച്ചിരിക്കുന്നു. ഇന്ന് അവരുടെ നൂതനാശയം കാരണം താമരകൃഷിയുടെ കാര്യത്തിലും ടെക്‌സ്റ്റൈലിന്റെ കാര്യത്തിലും ഒരു പുതിയ വഴി ഉണ്ടായിരിക്കയാണ്.

  എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ നിങ്ങളെ ഭൂതകാലത്തിലെ ഓരേടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാഗ്രഹിക്കുന്നു. നൂറ്റി ഒന്നു വര്‍ഷം പഴക്കമുള്ള കാര്യമാണ്. വര്‍ഷം 1919. ഇംഗ്ലീഷ് ഭരണം ജാലിയന്‍വാലാ ബാഗില്‍ നിര്‍ദ്ദോഷികളായ ജനങ്ങളെ കൂട്ടക്കൊല നടത്തിയിരുന്നു. ഈ നരസംഹാരത്തിനുശേഷം പന്ത്രണ്ടുവയസ്സുകാരനായ ഒരു കുട്ടി ആ സംഭവസ്ഥലത്തെത്തി. ഉല്ലാസലോലുപനും ചഞ്ചലചിത്തനുമായ ആ കുട്ടിയെ  സംബന്ധിച്ചിടത്തോളം ജാലിയന്‍വാലാബാഗില്‍ കണ്ടത് അവന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നു. അവന്‍ സ്തബ്ധനായി നിന്നു... ആര്‍ക്കെങ്കിലും ഇത്രത്തോളം ക്രൂരനാകാന്‍ പറ്റുന്നതെങ്ങനെ എന്നു ചിന്തിച്ചുപോയി. ആ നിഷ്‌കളങ്കനായ കുട്ടി രോഷാഗ്നിയില്‍ എരിയാന്‍ തുടങ്ങി.

  ഇംഗ്ലീഷ് ഭരണത്തിനെതിരെ പോരാടുമെന്ന് അതേ ജാലിയന്‍വാലാബാഗില്‍വച്ച് അവന്‍ ശപഥം ചെയ്തു. ഞാന്‍ ആരെക്കുറിച്ചാണു പറയുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലായോ? ഉവ്വ്.. ഞാന്‍.. ബലിദാനി വീര ഭഗത് സിംഗിനെക്കുറിച്ചാണ് പറയുന്നത്. നാളെ 28 സെപ്റ്റംബറിന് നാം ബലിദാനി വീര ഭഗത് സിംഗിന്റെ ജയന്തി ആഘോഷിക്കും. ഞാന്‍ എല്ലാ ദേശവാസികള്‍ക്കുമൊപ്പം സാഹസത്തിന്റെയും വീരതയുടെയും പ്രതിരൂപമായ വീരബലിദാനി ഭഗത് സിംഗിനെ നമിക്കുന്നു. ഒരു ഭരണകൂടം... ലോകത്തിന്റെ വലിയ ഒരു ഭൂഭാഗത്ത് ഭരണം നടത്തിയിരുന്ന, അവരുടെ ഭരണത്തില്‍ ഒരിക്കലും സൂര്യനസ്തമിക്കില്ല എന്നു പറയപ്പെട്ടിരുന്ന ഒരു ഭരണകൂടത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ... ഇത്രയും ശക്തമായ ഭരണകൂടം, 23 വയസ്സുകാരനായ യുവാവിനെ ഭയന്നുപോയി.  ബലിദാനി ഭഗത് സിംഗ് പരാക്രമിയും പണ്ഡിതനും ചിന്തകനുമായിരുന്നു. സ്വന്തം ജീവനെക്കുറിച്ചു ചിന്തിക്കാതെ ഭഗത് സിഗും അദ്ദേഹത്തിന്റെ വിപ്ലവീരന്മാരായ സുഹൃത്തുക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വലിയ സംഭാവന ചെയ്ത പല സാഹസകൃത്യങ്ങളും ചെയ്തു.

  ബലിദാനി വീര ഭഗത് സിംഗിന്റെ ജീവിത്തിലെ മറ്റൊരു സുന്ദരമായ തലം അദ്ദേഹം ടീംവര്‍ക്കിന്റെ മഹത്വം നന്നായി മനസ്സിലാക്കിയിരുന്നു എന്നുള്ളതാണ്. ലാലാ ലജ്പത്‌റായിയോട് അദ്ദേഹത്തിന് സമര്‍പ്പണമനോഭാവമുണ്ടായിരുന്നു. പിന്നെ ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു അടക്കമുള്ള വിപ്ലവകാരികളോടും അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന് വ്യക്തിപരമായ അഭിമാനം പ്രധാനമായിരുന്നില്ല. അദ്ദേഹം ജീവിച്ചിടത്തോളം കാലം ഒരു ലക്ഷ്യത്തിനുവേണ്ടി ജീവിച്ചു, അതിനുവേണ്ടി അദ്ദേഹം ജീവന്‍ ബലിദാനമായി നല്കി. ആ ലക്ഷ്യമായിരുന്നു, ഭാരതത്തെ അന്യായത്തില്‍ നിന്നും ഇംഗ്‌ളീഷ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്നത്.

  എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയുടെ ഈ കാലത്ത് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. മാസ്‌ക് ഉറപ്പായും വയ്ക്കുക, മുഖാവരണമില്ലാതെ പുറത്തുപോകരുത്. രണ്ടു കൈ അകലംപാലിക്കുക, അതു നിങ്ങളെയും കാക്കും നിങ്ങളുടെ കുടുംബത്തെയും കാക്കും. കൊറോണയ്‌ക്കെതിരെ, പോരാടാനുള്ള ആയുധങ്ങളാണ് ഈ നിയമങ്ങള്‍.... എല്ലാ പൗരന്മാരുടെയും ജീവന്‍ കാക്കുന്ന ശക്തമായ ഉപായങ്ങളാണ്. മരുന്നെത്താത്തിടത്തോളം യാതൊരു അയവും വേണ്ടെന്നു മറക്കരുത്. നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കട്ടെ, നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെയിരിക്കട്ടെ, ഈ ശുഭാശംസകളോടെ ... വളരെ നന്ദി.. നമസ്‌കാരം.
  Published by:Anuraj GR
  First published: