പഹല്‍ഗാം ഭീകരാക്രമണം: തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മോദി
- Published by:meera_57
- news18-malayalam
Last Updated:
ന്യൂഡല്‍ഹിയില്‍ അംഗോള പ്രസിഡന്റ് ജോവോ ലോറെന്‍കോയോടൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ (Pahalgam terror attacks) പശ്ചാത്തലത്തില്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരേ ശക്തവും നിര്‍ണായകവുമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).
ന്യൂഡല്‍ഹിയില്‍ അംഗോള പ്രസിഡന്റ് ജോവോ ലോറെന്‍കോയോടൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. "മനുഷ്യരാശിക്കെതിരേയുള്ള ഏറ്റവും വലിയ ഭീഷണി ഭീകരതയാണെന്ന് ഞങ്ങള്‍ ഏകകണ്ഠമായി പറയുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചതിനും പിന്തുണച്ചതിനും അംഗോള പ്രസിഡന്റ് ലോറെന്‍സോയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പാകിസ്ഥാനെതിരായ സുപ്രധാന നീക്കത്തില്‍ പാകിസ്ഥാനിൽ നിർമിക്കുന്ന എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി നിരോധിക്കുന്നതായി കേന്ദ്ര വാണിജ്യമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. കൂടാതെ, പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിറക്കി.
advertisement
"സ്വതന്ത്രമായി ഇറക്കുമതി ചെയ്യുന്നതോ അല്ലാത്തതോ ആയ പാകിസ്ഥാനില്‍ നിന്ന് ഉത്ഭവിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലതെയോ ഉള്ള ഇറക്കുമതിയോ ഗതാഗതമോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു," വെള്ളിയാഴ്ച വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണം
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ശാഖയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്(ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
advertisement
ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചു വരികയാണ്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും പാക് അട്ടാരി അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. പാക് വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടയ്ക്കുകയും ഇന്ത്യയിലെത്തിയ പാക് പൗരന്മാരുടെ എല്ലാ വിസകളും റദ്ദാക്കുകയും അവരോട് രാജ്യം വിട്ട് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2025 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഹല്‍ഗാം ഭീകരാക്രമണം: തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മോദി