ന്യൂഡല്‍ഹി: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് മൂന്നു തവണയായി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്കു നേരിട്ടു നല്‍കുന്നത്.
Also Read- പിഎം കിസാൻ പദ്ധതി: പട്ടികയില് പേരുണ്ടോ എന്നറിയണ്ടേ?
ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കാർഷിക നിയമങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ എതിർക്കുന്ന ചിലർ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ഭൂമി തട്ടിയെടുക്കുന്നു എന്നതടക്കമുള്ള നുണകളാണ് പ്രചരിപ്പിക്കുന്നത്. സ്വകാര്യ കമ്പനികൾ ഭൂമി തട്ടിയെടുക്കുമെന്ന തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. അരുണാചൽ പ്രദേശിൽ അടക്കമുള്ള കർഷകർക്ക് അടക്കം അറിയാം അങ്ങനെ സ്വകാര്യ കമ്പനികൾക്ക് കർഷകരുടെ ഭൂമി തട്ടിയെടുക്കാനാകില്ലെന്ന്- പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകളുമായി ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. കർഷകർ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും യുക്തിസഹമായി പരിഹരിക്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. കർഷകക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗർവാൾ, കർഷക യൂണിയനുകളുടെ പ്രതിനിധികൾക്ക് അയച്ച കത്തിൽ, അടുത്ത ഘട്ട ചർച്ചകൾക്കുള്ള സമയവും തീയതിയും തീരുമാനിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Also Read- 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം
കർഷകരുടെ പ്രതിഷേധത്തെച്ചൊല്ലി ഹരിയാനയിലെ ബിജെപി- ജെജെപി സർക്കാരിനെതിരെ സമ്മർദ്ദം ശക്തമായതോടെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥനായി പ്രവർത്തിക്കുമെന്ന് അറിയിച്ചു. പുതിയ കാർഷിക നിയമങ്ങൾക്ക് നിരവധി ഭേദഗതികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയിടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atal Bihari Vajpayee, Bjp, Farmer protest, Farmers, Prime minister narendra modi