ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണിയെ ഇന്ത്യ അവഗണിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് തെളിയിക്കാന്‍ 1963 മുതലുള്ള പാര്‍ലമെന്റ് ഡാറ്റയും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി.
”രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ തുടരുകയാണ്. അതിര്‍ത്തി തര്‍ക്കത്തില്‍ 1963 മുതലുള്ള തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് 38,0000 ചതുരശ്രകിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈയടക്കിയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്” എന്ന് ഭാട്ടിയ പറഞ്ഞു. ചൈനയുമായി കോണ്‍ഗ്രസിന് ചില ബന്ധങ്ങളുണ്ടെന്നും ഭാട്ടിയ ആരോപിച്ചു.
Also read- ഏറനാട് എക്സ്പ്രസ്സിൽ റെയിൽവേ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ
ചൈനയുടെ ഭാഗത്ത് നിന്നുള്ള ആക്രമണത്തെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറായിട്ടില്ല. രാജ്യദ്രോഹികള്‍ ആരാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ഭാട്ടിയ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും ഭാട്ടിയ പറഞ്ഞു.”കഴിഞ്ഞ എട്ട് വര്‍ഷമായി നമ്മുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല എന്ന കാര്യം എടുത്തുപറയേണ്ടതാണ്”, അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെയും വീര്യത്തെയും കുറിച്ച് രാഹുല്‍ ഗാന്ധി എന്തിനാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുല്‍ തന്റെ വീട്ടിലെ എസി മുറിയില്‍ വിശ്രമിക്കുമ്പോള്‍, നമ്മുടെ പ്രധാനമന്ത്രി നമ്മുടെ സൈന്യത്തിന്റെ ആത്മവീര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ഭാട്ടിയ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഭാട്ടിയയെ കൂടാതെ മറ്റു ബിജെപി നേതാക്കളും രംഗത്തു വന്നു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ഇന്ത്യന്‍ സൈന്യം ധീരതയുടെയും വീര്യത്തിന്റെയും പ്രതീകമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി ഞങ്ങള്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.
‘അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പേരില്‍ ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ”ചൈന യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി കൈക്കലാക്കി, അവര്‍ പട്ടാളക്കാരെ കൊല്ലുകയാണ്, ചൈനയുടെ ഭീഷണി വ്യക്തമാണ്, സര്‍ക്കാര്‍ അത് അവഗണിക്കുകയാണെന്ന്”, രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഡിസംബര്‍ 9ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ചൈനീസ് സൈനികര്‍ പ്രദേശത്തെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.
തവാങ്ങിലെ യാങ്സെ പ്രദേശത്ത് 200 ഓളം ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ഇന്ത്യന്‍ സൈനികര്‍ ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ശക്തമായി എതിര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.