ന്യൂഡൽഹി: ശേഷിക്കുന്ന സിബിഎസ്ഇ പരീക്ഷകൾ, ജെഇഇ, നീറ്റ് പരീക്ഷകൾ എന്നിവയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നാളെ മറുപടി നല്‍കണമെന്ന് സിബിഎസ്ഇക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പുതിയ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിന് പകരം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ ഗ്രേഡുകൾ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാർത്ഥികൾ ഈ വർഷം അവസാനത്തോടെ പരീക്ഷ നടത്താനും സിബിഎസ്ഇ പദ്ധതിയിടുന്നു. കേരളം അടക്കം പല സംസ്ഥാനങ്ങളും പ്ലസ്‌ടു, പത്താം ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പരീക്ഷ നടത്തിയുള്ള ഫല പ്രഖ്യാപനത്തിന് പകരം പുതിയ മാർഗങ്ങൾ സിബിഎസ്ഇ തേടുന്നത്.
കൗൺസിൽ ഫോർ ദി സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) പരീക്ഷകൾ ഒഴിവാക്കാനുള്ള ഓപ്ഷൻ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകൾ ജൂലൈയിൽ നടത്താനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ചും കേന്ദ്രസർക്കാർ തീരുമാനമെടുക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാവും തീരുമാനം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.