• HOME
  • »
  • NEWS
  • »
  • india
  • »
  • Rising India | 'യുപിഎ ഭരണകാലത്ത് മോദിയെ 'കുടുക്കാൻ' സിബിഐ തനിയ്ക്ക് മേൽ സമ്മര്‍ദം ചെലുത്തി'; തുറന്നടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ

Rising India | 'യുപിഎ ഭരണകാലത്ത് മോദിയെ 'കുടുക്കാൻ' സിബിഐ തനിയ്ക്ക് മേൽ സമ്മര്‍ദം ചെലുത്തി'; തുറന്നടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ

''ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി"

  • Share this:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രിയെ നരേന്ദ്രമോദിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ സിബിഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് സിബിഐ തന്നെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

    ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മോദിസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അമിത് ഷായുടെ വെളിപ്പെടുത്തല്‍.

    ”ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്”, അമിത് ഷാ പറഞ്ഞു.

    അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം എടുത്തുമാറ്റിയ നടപടിയെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. കോടതി ശിക്ഷിക്കുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പീല്‍ പോകുന്നതിന് പകരം രാഹുല്‍ പ്രശ്‌നം ഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്. വിധിയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് മേല്‍ പഴിചാരുകയാണെന്നും അമിത് ഷാ പറഞ്ഞു.

    ” അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്ത് അഹങ്കാരമാണിത്? നിങ്ങള്‍ക്ക് എംപിയായി തുടരണം. എന്നാല്‍ കോടതിയിലേക്ക് പോകാനും തയ്യാറാല്ല. എന്തൊരു ധാര്‍ഷ്ട്യമാണിത്,’ അമിത് ഷാ ചോദിച്ചു.

    2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ സുപ്രീം കോടതി വിധിയിലൂടെ ഏകദേശം 17ലധികം നേതാക്കള്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അംഗത്വം നഷ്ടപ്പെടുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നതെന്ന് അമിത് ഷാ പറഞ്ഞു.

    ” രാഹുലിന്റെ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കൂ. അദ്ദേഹം മോദിജിയെ മാത്രമല്ല അപമാനിച്ചത്. മോദി സമുദായത്തെയാണ്. ഒബിസി വിഭാഗത്തെയാണ്, രാജ്യത്തെ നിയമം വളരെ വ്യക്തമാണ്. രാഷ്ട്രീയ വേട്ടയൊന്നുമല്ല. സുപ്രീം കോടതിയുടെ വിധിയാണിത്. അതും അവരുടെ തന്നെ സര്‍ക്കാരിന്റെ കാലത്ത് വന്ന വിധിയാണ്,’ അമിത് ഷാ പറഞ്ഞു.

    രാഹുലിനോട് ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ സംഭവത്തിലും അമിത് ഷാ പ്രതികരിച്ചു. എന്തിനാണ് രാഹുലിന് മാത്രം പ്രത്യേക അവകാശം നല്‍കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടാല്‍ അയാള്‍ക്കെതിരെയുള്ള നടപടി എത്രയും പെട്ടെന്ന് തന്നെ എടുക്കണമെന്നാണ് പറയുന്നത്.
    ”ഇദ്ദേഹമല്ല ആദ്യത്തെയാള്‍. രാഹുലിനെക്കാള്‍ അനുഭവജ്ഞാനമുള്ള മുതിര്‍ന്ന പല നേതാക്കള്‍ക്കും ഈ വിധിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്,’ അമിത് ഷാ പറഞ്ഞു.

    ” ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേരെയാണ് ഈ വിധി വന്നത്. അതിനാല്‍ ഗാന്ധി കുടുംബത്തിന് വേണ്ടി മാത്രം നിയമം മാറ്റിയെഴുതണോ? ഈ രാജ്യത്തെ ജനങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. ഗാന്ധി കുടുംബത്തിന് വേണ്ടി പ്രത്യേകം നിയമം നടപ്പിലാക്കണോ? അതെന്ത് ചിന്താഗതിയാണ്” അമിത്ഷാ ചോദിച്ചു.

    സവര്‍ക്കറെപ്പറ്റിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെപ്പറ്റിയും അമിത് ഷാ പ്രതികരിച്ചു.

    ” രണ്ട് ജീവപര്യന്തം ശിക്ഷ ലഭിച്ച ഏക സ്വാതന്ത്ര്യസമരസേനാനിയാണ് വീര്‍ സവര്‍ക്കര്‍. ആന്‍ഡമാന്‍ ജയിലിലായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയ്‌ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തുന്നത് ശരിയല്ല,’ എന്നും അമിത് ഷാ പറഞ്ഞു.

    ” വീര്‍ സവര്‍ക്കറെപ്പറ്റി തന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗം രാഹുല്‍ വായിക്കുന്നത് നല്ലതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നുണ്ട് സവര്‍ക്കറെപ്പറ്റി ഒന്നും പറയരുത് എന്ന്,’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

    അതേസമയം 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. 2019ലെക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- Rising India | എന്തിനാണ് ഗാന്ധി കുടുംബത്തിനു മാത്രമായി പ്രത്യേക നിയമം? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    വരാനിരിക്കുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ക്വോട്ട എടുത്തുമാറ്റാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തെപ്പറ്റിയും അമിത് ഷാ പ്രതികരിച്ചു.

    ”മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. ധ്രൂവീകരണം ഉണ്ടാക്കാനാണ് കര്‍ണ്ണാടകയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നയം കൊണ്ടുവന്നത്. അത് ഞങ്ങള്‍ തിരുത്തുകയായിരുന്നു. നേരത്തെ ചെയ്യേണ്ടതായിരുന്നു ഇത്,’ അമിത് ഷാ കൂട്ടിച്ചേർത്തു.

    Published by:Anuraj GR
    First published: