ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വയോധികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ അറസ്റ്റ് ശനിയാഴ്ച ബെംഗളൂരു പോലീസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ ഗസ്റ്റ് ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്ത ശങ്കർ മിശ്രയെ ഡൽഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
യുഎസ് ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ വെൽസ് ഫാർഗോയിൽ ഉന്നത പദവി വഹിച്ചിരുന്ന മിശ്രയെ വെള്ളിയാഴ്ച ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷവും നടപടി എടുക്കാത്തതിനെ തുടർന്ന് വിഷയം വീണ്ടും ഉയർന്നു വന്നതോടെ ശങ്കർ മിശ്രയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നതിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ബംഗളുരുവിൽ ഒളിവിലായിരുന്നു ശങ്കർ മിശ്ര. എന്നാൽ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിശ്രയുടെ അഭിഭാഷക.
“വിഷയം ഇപ്പോൾ കോടതിയിലാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണയിലൂടെ വിധി വരുമെന്നും ഒരു കഥയ്ക്ക് എല്ലായ്പ്പോഴും വ്യത്യസ്തമായ ഒരു വശമുണ്ടാകുമെന്നും“ അഭിഭാഷകയായ ഇഷാനി ശർമ്മ ന്യൂസ് 18നോട് പറത്തു. പ്രതിയിൽ നിന്ന് നഷ്ടപരിഹാരം സ്വീകരിച്ച ശേഷം മിശ്രയ്‌ക്കെതിരെ സ്ത്രീ പരാതി നൽകിയത് ദുരുദ്ദേശത്തോടെയാണെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.
Also read-എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍
പ്രതി യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതിന് സമീപത്തിരുന്ന ആരും സാക്ഷികളെല്ലെന്നും മറ്റാരും പരാതിയുമായി എത്തിയിട്ടില്ലെന്നും ഇഷാനി ശർമ്മ പറഞ്ഞു. പരാതിക്കാരി സീറ്റ് നമ്പർ 9Aയിലാണ് ഇരുന്നത്. ഇത് ഒരു വിൻഡോ സീറ്റാണ്. പരാതിക്കാരി ആരോപിച്ചത് പോലെ പ്രതി മൂത്രമൊഴിക്കുന്നത് കണ്ടതിന് സാക്ഷികളില്ല. സംഭവം നേരിട്ട് കണ്ടു എന്ന് സമീപത്ത് ഉണ്ടായിരുന്ന ആരും പറഞ്ഞിട്ടില്ലെന്നും അഭിഭാഷക പറഞ്ഞു.
എന്നാൽ മദ്യപിച്ചിരുന്നതിനാൽ ആ സമയത്ത് താൻ ചെയ്തതെന്തെന്ന് മിശ്രയ്ക്ക് ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തിയെന്നും അത് പരാതിക്കാരി സ്വീകരിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.
“നിങ്ങൾക്ക് ആ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാമെന്നും അദ്ദേഹം വളരെ മാന്യമായി തനിയ്ക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് പരാതിക്കാരിയോട് ക്ഷമാപണം നടത്തിയിരുന്നുവെന്നും” ഇഷാനി ശർമ്മ കൂട്ടിച്ചേർത്തു. കൂടാതെ നഷ്ടപരിഹാരമായി പണമയച്ചിരുന്നുവെന്നും ഇതിന് പണം കിട്ടിയെന്ന് പരാതിക്കാരി മറുപടി നൽകിയിരുന്നുവെന്നും അഭിഭാഷക പറഞ്ഞു.
എന്നാൽ പിന്നീട് പണം തിരികെ അയയ്ക്കുകയും പരാതി നൽകുകയുമായിരുന്നുവെന്നും ഇത് ദുരുദ്ദേശത്തോടെയുള്ള തീരുമാനമായി വേണം കാണാനെന്നും ഇഷാനി ശർമ്മ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വയോധികയുടെ മേൽ മൂത്രമൊഴിച്ചെന്നാണ് ശങ്കർ മിശ്രയ്‌ക്കെതിരെയുള്ള കേസ്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ തന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് യാത്രക്കാരിയുടെ പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.