പ്രധാനമന്ത്രിയെയും ഓപ്പറേഷന്‍ സിന്ദൂറിനെയും പുകഴ്ത്തി ശശി തരൂര്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിലെ ചിലരുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞയാഴ്ച തരൂര്‍ പറഞ്ഞിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് ശേഷം സ്വീകരിച്ച പ്രചാരണ നടപടികളെയും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രധാനമന്ത്രിയുടെ ഊര്‍ജ്ജം, ഇടപെടാനുള്ള കഴിവ്, ചലനാത്മകത എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരെയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ നയതന്ത്ര ഇടപെടലുകള്‍ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നുവെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. 'ദി ഹിന്ദു'വിലെ ഒരു കോളത്തിലാണ് ശശി തരൂര്‍ ഈ അഭിപ്രായം പങ്കുവെച്ചത്.
നരേന്ദ്ര മോദിയുടെ വൈദഗ്ദ്ധ്യം ആഗോള വേദികളില്‍ ഇന്ത്യയ്ക്ക് പ്രധാന ആസ്തിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തെ കുറിച്ചും തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നിലപാടും ആഗോള വേദികളില്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഒന്നിനെ നയിച്ചത് ശശി തരൂരാണ്.
ഐക്യപ്പെടുമ്പോള്‍ വ്യക്തതയോടെയും ബോധ്യത്തോടെയും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് അതിന്റെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുമെന്ന് ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്നുണ്ടായ നയതന്ത്ര ഇടപെടലുകള്‍ തെളിയിച്ചുവെന്ന് തരൂര്‍ വിശദീകരിച്ചു. ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദു സമീപനത്തിലെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നീ പാഠങ്ങള്‍ ഇതില്‍ നിന്ന് പഠിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ നിലനിന്നുകൊണ്ട് കൂടുതല്‍ സുരക്ഷിതവും നീതിയുക്തവും സമ്പന്നവുമായ ഒരു ലോകത്തിനായി ഇന്ത്യ പരിശ്രമിക്കുമ്പോള്‍ ഈ പാഠങ്ങള്‍ മാര്‍നിര്‍ദ്ദേശ തത്വങ്ങളായി വര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടും അസഹിഷ്ണുത നയവും ഉയര്‍ത്തിക്കാട്ടുന്നതിനായി ലോക രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് തരൂര്‍ സന്ദര്‍ശിച്ചത്. ശംഭവി ചൗധരി (ലോക് ജനശക്തി പാര്‍ട്ടി), സര്‍ഫറാസ് അഹമ്മദ് (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ജിഎം ഹരീഷ് ബാലയാഗി (തെലുങ്ക് ദേശം പാര്‍ട്ടി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വര്‍ കെ ലത (എല്ലാവരും ബിജെപിയില്‍ നിന്ന്), മല്ലികാര്‍ജുന്‍ ദേവ്ദ (ശിവസേന), യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു എന്നിവരാണ് ശശി തരൂരിന്റെ സംഘത്തില്‍ ഉണ്ടായിരുന്നത്.
advertisement
ആഗോള ധാരണകള്‍ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഈ ദൗത്യം നിര്‍ണായകമായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള എംപി മാരും ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നു. ഇതുവഴി വിദേശ നയത്തിലെ ഉറച്ച ശബ്ദമായി ദേശീയ ഐക്യത്തിന്റെ ശക്തി ഉയര്‍ത്തിപിടിക്കാനായി എന്നതാണ് പ്രധാനപ്പെട്ട നേട്ടമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ വിശ്വാസങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രതിനിധി സംഘത്തിന്റെ ഘടന തന്നെ ഒരു ശക്തമായ സന്ദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ദേശീയ സുരക്ഷയുടെയും ഭീകരതയുടെയും കാര്യത്തില്‍ ഇന്ത്യ ഒരേ സ്വരത്തില്‍ സംസാരിക്കുന്നുവെന്ന വസ്തുതയാണ് ഇത് അടിവരയിട്ടുറപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ പ്രതികാരമായിരുന്നുവെന്നും പ്രതിനിധി സംഘങ്ങള്‍ ആഗോള വേദികളിൽ വിശദീകരിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ ഈ വിശദീകരണം വിജയിച്ചതിന്റെ പ്രതിഫലനം വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ അമേരിക്കയിലായിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ പ്രതിനിധി സംഘവും അതേസമയത്ത് അവിടെ ഉണ്ടായിരുന്നതിനെ കുറിച്ചും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പ്രതിനിധി സംഘം ഇരിക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ ആശങ്കകള്‍ യുഎസ് പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂര്‍ പറയുന്നു. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാനും പാക്കിസ്ഥാനോട് അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി. ഇന്ത്യയുടെ മൂര്‍ച്ഛയേറിയ നിലപാടുകള്‍ ശരിയാണെന്ന് ഇത് സ്ഥിരീകരിച്ചതായി തരൂര്‍ പറഞ്ഞു.
advertisement
ഇന്ത്യ അതിന്റെ വളര്‍ച്ചയിലും വികസനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും ഭീകരതയെയും യുദ്ധത്തെയും ഒഴിവാക്കാവുന്ന ഒരു ശല്യമായാണ് കണക്കാക്കുന്നതെന്നുമാണ് താന്‍ വിദേശ വേദികളില്‍ വാദിച്ചതെന്ന് തരൂര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കുകയെന്നതാണ് പാക്കിസ്ഥാനില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യമെന്നും പക്ഷേ അവര്‍ ആക്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും സന്ദര്‍ശനത്തിനിടെ വാദിച്ചതായി തരൂര്‍ പറഞ്ഞു. ഇന്ത്യയ്ക്കുമേലുള്ള ഓരോ ആക്രമണത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്നും പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭാവി ആഗോള നയതന്ത്രത്തെ നയിക്കുമെന്ന് വിശ്വസിക്കുന്ന മൂന്ന് 'ടി'കളെ കുറിച്ചും തരൂര്‍ പരാമര്‍ശിച്ചു. അതിലൊന്ന് ഇന്ത്യയുടെ പാരമ്പര്യം (ട്രഡിഷന്‍) ആണ്. ടെക്, ട്രേഡ്, ട്രഡിഷന്‍ (സാങ്കേതികവിദ്യ, വ്യാപാരം, പാരമ്പര്യം) എന്നീ മൂന്ന് 'ടി'കള്‍ ചേര്‍ന്ന് ലോകത്ത് പുതിയ ഭാരതത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നയതന്ത്ര ശ്രമങ്ങളിലൂടെ സാങ്കേതിക മുന്നേറ്റങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് നവീകരണം വളര്‍ത്തുകയും വേണം. ഇതിലൂടെ ഇന്ത്യയെ ആഗോള പുരോഗതിയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന രാഷ്ട്രമാക്കി മാറ്റാനാകുമെന്നും തരൂര്‍ പറഞ്ഞു.
advertisement
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശശി തരൂര്‍ പലപ്പോഴും പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിലെ ചിലരുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞയാഴ്ച തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ മൂല്യങ്ങളും പ്രവര്‍ത്തകരും തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും തരൂര്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 23, 2025 4:48 PM IST