• HOME
  • »
  • NEWS
  • »
  • india
  • »
  • ചെങ്കോൽ കൈമാറി അധികാരത്തിന്റെ കിരീടം തിരിച്ചുപിടിച്ച ഇന്ത്യ; സ്വാതന്ത്ര്യ ചരിത്രത്തിൽ തിരുവാടുതുറൈ ആഥീനത്തിനുള്ള സ്ഥാനം

ചെങ്കോൽ കൈമാറി അധികാരത്തിന്റെ കിരീടം തിരിച്ചുപിടിച്ച ഇന്ത്യ; സ്വാതന്ത്ര്യ ചരിത്രത്തിൽ തിരുവാടുതുറൈ ആഥീനത്തിനുള്ള സ്ഥാനം

സ്വാതന്ത്ര്യ പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള പ്രസം​ഗത്തിന് മാസങ്ങൾക്കു മുൻപ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുവാടുതുറൈ ആഥീനം എന്ന മഠം സുപ്രധാനമായ ഒരു ദൗത്യം ഏറ്റെടുത്തിരുന്നു

1947 ആഗസ്റ്റ് 14ന് രാത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് തിരുവടുതുറൈ ആഥീനം പ്രതിനിധി ശ്രീ ല ശ്രീ കുമാരസ്വാമി തമ്പിരാൻ സ്വർണ്ണ ചെങ്കോൽ നൽകിയ വേള

1947 ആഗസ്റ്റ് 14ന് രാത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് തിരുവടുതുറൈ ആഥീനം പ്രതിനിധി ശ്രീ ല ശ്രീ കുമാരസ്വാമി തമ്പിരാൻ സ്വർണ്ണ ചെങ്കോൽ നൽകിയ വേള

  • Share this:

    ഇന്ത്യാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പ്രസം​ഗമാണ് 1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു (Jawaharlal Nehru) നടത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള ആ പ്രസം​ഗത്തിന് ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുവാടുതുറൈ ആഥീനം എന്ന മഠം സുപ്രധാനമായ ഒരു ദൗത്യം ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ പ്രതീകമായി ഒരു ചെങ്കോൽ നിർമിക്കുക എന്ന ചരിത്രപരമായ ദൗത്യമായിരുന്നു അത്. സ്വാതന്ത്ര്യം നേടിയതിന്റെ പ്രതീകം ആയിട്ടായിരുന്നു അത് നിർമിക്കേണ്ടിയിരുന്നത്.

    ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ അഭിപ്രായം അനുസരിച്ചാണ് അധികാരക്കൈമാറ്റത്തിന്റെ അടയാളമായി ചെങ്കോൽ നിർമിക്കാൻ ജവഹർലാൽ നെഹ്‌റു അനുവാ​ദം നൽകിയത്. നെഹ്റു തന്നെയാണ് ഇക്കാര്യത്തിൽ രാജാജിയുടെ ഉപദേശം ആരാഞ്ഞത്. ചോളകാലഘട്ടത്തിൽ, അന്നത്തെ രാജഗുരുക്കന്‍മാരുടെ നേതൃത്വത്തില്‍, പുതിയ രാജാവിന് അധികാരം കൈമാറിയിരുന്നത് ഈ ചെങ്കോൽ നൽകിയായിരുന്നു.

    Also read: Sengol | നന്തി ശിരസുള്ള ചെങ്കോലിന്റെ കഥ; സംവിധാനം പ്രിയദർശൻ; ക്യാമറ സന്തോഷ് ശിവൻ

    ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന്റെ ചരിത്രനിമിഷം അടയാളപ്പെടുത്താൻ നെഹ്‌റു മൗണ്ട് ബാറ്റനിൽ നിന്ന് സമാനമായ ഒരു ചെങ്കോൽ സ്വീകരിക്കുന്നത് നന്നായിരിക്കുമെന്ന് രാജഗോപാലാചാരി നിർദ്ദേശിച്ചു. ഈ നിർദേശത്തിന് നെഹ്‌റു സമ്മതം മൂളുകയും അതിന്റെ ഉത്തരവാദിത്തം രാജഗോപാലാചാരിയെ ഏൽപിക്കുകയും ചെയ്തു. തുടർന്നാണ് അദ്ദേഹം തിരുവാടുതുറൈ ആഥീനവുമായി ബന്ധപ്പെടുന്നത്.

    അന്നത്തെെ മഠാധിപതി നം ശ്രീ ല ശ്രീ അംബലവന ദേശിക സ്വാമികൾ (Sri La Sri Ambalavana Desika Swamigal) അക്കാലത്ത് രോഗബാധിതനായി കിടപ്പിലായിരുന്നു. എങ്കിലും അദ്ദേഹം ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെങ്കോൽ നിർമിക്കുന്നതിനായുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. മദ്രാസിലെ ഒരു ജ്വല്ലറിയാണ് ചെങ്കോൽ നിർമാണം ഏറ്റെടുത്തത്. മുകളിൽ ഒരു കാളയുടെ (‘നന്തി’) രൂപം ഉണ്ടായിരിക്കണം എന്നും നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ചെങ്കോൽ നിർമിച്ചത്.

    തിരുവാടുതുറൈ ആഥീനം മഠാധിപതി, ശ്രീ ല ശ്രീ കുമാരസ്വാമി തമ്പിരാൻ, മാണിക്കം ഒടുവാർ (മഠത്തിൽ പ്രാർത്ഥന ചൊല്ലുന്ന പുരോഹിതൻ), മഠത്തിലെ നാദസ്വരം വിദ്വാൻ ടി.എൻ. രാജരത്‌നം പിള്ള എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ന്യൂഡൽഹിയിലേക്ക് അയച്ചിരുന്നു. ജവഹർലാൽ നെഹ്‌റു സർക്കാർ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. നെ​ഹ്റുവിനെ അഭിനന്ദിച്ചു കൊണ്ടുള്ള കത്തും മഠാധിപതി കൊടുത്തുവിട്ടിരുന്നു.

    ഉപപുരോഹിതന്‍ ആദ്യം ചെങ്കോല്‍ അന്നത്തെ വൈസ്രോയിയിരുന്ന മൗണ്ട് ബാറ്റനാണ് നല്‍കിയത്. അതിനു ശേഷം, ശ്രീ ല ശ്രീ കുമാരസ്വാമി തമ്പുരാൻ മൗണ്ട് ബാറ്റണിൽ നിന്ന് ചെങ്കോൽ ഏറ്റുവാങ്ങി പുണ്യജലം തളിച്ചു. തുടർന്ന് ഒരു വലിയ ഘോഷയാത്രയുടെ അകമ്പടിയോടെ ചെങ്കോല്‍ നെഹ്‌റുവിന്റെ വസതിയിലേക്ക് കൊണ്ടുപോയി. 1947 ഓഗസ്റ്റ് 14 ന്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, ഏകദേശം 11.45 ന്, ഈ പ്രതിനിധി സംഘം രാജേന്ദ്ര പ്രസാദിന്റെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ നെഹ്‌റുവിന് ചെങ്കോൽ സമ്മാനിച്ചു.

    “ഈ ചരിത്ര സംഭവത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. രാജ്യത്തുടനീളമുള്ള മിഡിൽ അല്ലെങ്കിൽ ഹയർ സ്കൂൾ പാഠപുസ്തകങ്ങളിൽ ഈ ചരിത്രം ഉൾപ്പെടുത്തണം”, സാമൂഹിക പ്രവർത്തകനായ എ. അപ്പരസുന്ദരം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

    രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി നേതാക്കൾ ഇപ്പോഴും തിരുവാടുതുറൈ അഥീനത്തിലെ മഠാധിപതിയുടെ അനുഗ്രഹം തേടിയെത്താറുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഈ മഠം.

    Published by:user_57
    First published: